കൊച്ചി: സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിനു ശേഷം പ്രണവ് മോഹൻലാലിനെ നായകനാകുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഇപ്പോൾ സിനിമയുടെ പാട്ട് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃതാണ് ചിത്രത്തിന് ഗാനം ഒരുക്കുന്നത്. അമൃതിനൊപ്പം പ്രവർത്തിച്ച അനുഭവം നീണ്ട കുറിപ്പിലൂടെയാണ് താരം പങ്കുവച്ചത്. ബോംബെ ജയശ്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോഴാണ് അമൃത് ഗാനങ്ങൾ ഒരുക്കിയത് എന്നാണ് വിനീത് പറയുന്നത്.

വിനീതിന്റെ കുറിപ്പ് വായിക്കാം:

രണ്ടര വർഷത്തിനു ശേഷം വീണ്ടും തിങ്ക് മ്യൂസിക്കിനൊപ്പ് വീണ്ടും പാട്ടുകേട്ടു. മുൻപത്തെ തവണത്തെ പോലെ എല്ലാ ലൈറ്റും ഓഫ് ചെയ്ത്. വർഷങ്ങൾക്ക് ശേഷം സിനിമയിലെ എല്ലാ ട്രാക്കും ഇട്ടു. എല്ലാം കഴിഞ്ഞ് ലൈറ്റിട്ടപ്പോൾ തിങ്ക് മ്യൂസിക്കിലെ സന്തോഷും മഹേഷും നിറ ചിരിയോടെ നിൽക്കുകയായണ്. അവർ അമിത്തിനെ കെട്ടിപ്പിടിച്ച് പറഞ്ഞു, ഈ കുടുംബത്തിലേക്ക് സ്വാഗതം.

കഴിഞ്ഞ കുറച്ചുമാസമായി അമൃത് കടന്നുപോയ ബുദ്ധിമുട്ടുകൾ ഞാൻ കണ്ടതാണ്. അവന്റെ അമ്മ, നമ്മുടെ പ്രിയപ്പെട്ട ജയശ്രീ മാമിന് സമീപം ഹോസ്പിറ്റൽ റൂമിൽ ഇരിക്കുമ്പോഴാണ് ആദ്യത്തെ മൂന്ന് ട്രാക്ക് കമ്പോസ് ചെയ്തത്. ഗുരുതരാവസ്ഥയിൽ കിടക്കുന്ന അമ്മയെ പരിചരിക്കുന്നതിന് ഇടയിലായിരുന്നു ഗാനങ്ങൾ ഒരുക്കിയത്. ഹോസ്പിറ്റൽ റൂമിൽ അവർ ഒരു മിനി സ്റ്റുഡിയോ ഒരുക്കി. അവൻ കമ്പോസ് ചെയ്ത ഓരോ മെലഡിയും അമ്മ്യെപാടി കേൾപ്പിച്ചതിനു ശേഷമാണ് എനിക്ക് അയച്ചുതന്നത്.

രണ്ടാമത്തെ ട്രാക്ക് അവൻ അയച്ചപ്പോൾ അതിന്റെ വരികൾ ജയശ്രീമാം എഴുതിയാൽ നന്നാവും എന്ന് എനിക്ക് തോന്നി. ഫോണിലൂടെ ഈ കാര്യം ഞാൻ അമൃതിനോട് പറഞ്ഞു. ഗാനം തുടങ്ങേണ്ട വരികളും പാട്ടിന്റെ ഐഡിയയും ഞങ്ങൾ ചർച്ച ചെയ്തു. അടുത്ത ദിവസം അമൃത് എന്നെ വിളിച്ച് ആദ്യത്തെ നാല് വരികൾ പാടി. എനിക്ക് രോമാഞ്ചം വന്നു. ഇതിഹാസമായ ബോംബെ ജയശ്രീയുടെ നേർക്കാഴ്ചയായിരുന്നു അത്.

കാര്യങ്ങളെല്ലാം കുറച്ചുകൂടി എളുപ്പമാകുന്ന സമയത്ത് ജോലി ചെയ്താൽ പോരെ എന്ന് പലവട്ടം ഞാൻ അമൃതിനോട് ചോദിച്ചു. പക്ഷേ അവന്റെ ഉത്തരം എപ്പോഴും ഒന്നു തന്നെയായിരുന്നു. വിനീത്, നിങ്ങുടെ സിനിമയ്ക്ക് സംഗീതം നൽകുന്നതിനൊപ്പം ഞാൻ സ്വയം മുറിവുണക്കുകയാണ് എന്നാണ് പറഞ്ഞത്. വർഷങ്ങൾക്ക് ശേഷത്തിനു വേണ്ടി ഈ 25 കാരൻ ചെയ്തത് ലോകം കേൾക്കാനായി ഞാനും കാത്തിരിക്കുകയാണ്.