ദുബായ്: ഇന്ത്യന്‍ നടി സുനൈനയും ദുബായിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറുമായ ഖാലിദ് അല്‍ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ അഞ്ചിന് വിവാഹനിശ്ചയ ചിത്രം സുനൈന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിവാഹമോതിരം അണിഞ്ഞുള്ള രണ്ട് കൈകള്‍ പരസ്പരം ചേര്‍ത്തു പിടിച്ച ചിത്രമാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കഴിഞ്ഞ ദിവസവും ഖാലിദ് വിവാഹനിശ്ചയ ചിത്രം പങ്കുവച്ചിരുന്നു. വ്‌ലോഗുകളിലൂടെ മലയാളികള്‍ക്കിടയിലും സുപരിചിതനാണ് ഖാലിദ്. ടര്‍ബോ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഖാലിദ് മമ്മൂട്ടിയുമായി നടത്തിയ അഭിമുഖം വൈറലായിരുന്നു.

എന്നാല്‍ വിവാഹത്തെ സംബന്ധിക്കുന്ന വാര്‍ത്തകളോടൊന്നും ഇതുവരെ ഇരുവരും പ്രതികരിച്ചിട്ടില്ല. അതേസമയം ഖാലിദ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ചെന്നൈയിലെ ഒരു റെസ്റ്റൊറന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ഖാലിദ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. തമിഴ് സിനിമകളിലാണ് സുനൈന കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ആമസോണ്‍ പ്രൈം വിഡിയോയില്‍ റിലീസ് ചെയ്ത തമിഴ് ക്രൈം ത്രില്ലര്‍ ഇന്‍സ്‌പെക്ടര്‍ ഋഷിയിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.

ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അഭിനയിച്ചിരുന്നു. നാല്‍പ്പതുകാരനായ ഖാലിദ് അമേരി ആറ് മാസം മുന്‍പാണ് വിവാഹമോചിതനായത്. സല്‍മ മുഹമ്മദ് ആയിരുന്നു ഖാലിദിന്റെ ആദ്യ ഭാര്യ. ഈ വര്‍ഷം ഖാലിദും സുനൈനയും തമ്മില്‍ വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.