ന്യൂഡൽഹി: മെഗാ സ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദി കോർ' എന്ന ചിത്രം ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചു കൊണ്ട് തിയേറ്ററുകളിൽ നിറസാന്നിധ്യം അറിയിച്ച ചിത്രം 40 ദിനങ്ങളും കടന്ന് മുന്നേറുകയാണ്. നവംബർ 23നാണ് ചിത്രം തിയേറ്റർ റിലീസ് ചെയ്തത്. സ്ലോ ഫേസിൽ സഞ്ചരിച്ച് സുഖമുള്ളൊരു വേദന പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഈ സിനിമ മനുഷ്യ മനസ്സുകളിൽ മൂടികിടക്കുന്നതും ഒളിപ്പിച്ചു വെച്ചിരിക്കുന്നതുമായ വികാര വിചാരങ്ങളെ കുറിച്ചാണ് സംവദിക്കുന്നത്.

സംവദിച്ച പ്രമേയം കൊണ്ട് ശ്രദ്ധേയമായ 'കാതൽ - ദി കോർ' എന്ന മലയാള ചിത്രത്തെ വാനോളം പുകഴ്‌ത്തുകയാണ് അന്താരാഷ്ട്ര മാധ്യമമായ 'ദി ന്യൂയോർക്ക് ടൈംസ്.' ദക്ഷിണേന്ത്യയിലെ മുതിർന്ന താരങ്ങളിലൊരാൾ 'ഗേ' കഥാപാത്രമായി സ്‌ക്രീനിലെത്തിയ സിനിമ, ആ കഥാപാത്രത്തെ സെൻസിറ്റീവായി അവതരിപ്പിച്ചെന്നും, കേരളത്തിനപ്പുറം അത് ചർച്ചയാകുകയാണെന്നും ലേഖനത്തിൽ പറയുന്നു. ആവേശത്തള്ളിച്ചയുണ്ടാക്കുന്ന പതിവ് മലയാളം സിനിമകളിൽ നിന്നും ഈ ചിത്രം വ്യത്യസ്തമാണെന്നും, എന്നിട്ടും തിയേറ്ററിൽ സ്വീകരിക്കപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.

ബോളിവുഡിലെ ഹിന്ദി സിനിമകളുടെ ഗ്ലാമർ, ശബ്ദകോലാഹലങ്ങൾക്കപ്പുറം, കുറഞ്ഞ ബജറ്റിൽ യഥാർത്ഥ മനുഷ്യജീവിതവുമായി അടുത്തു നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമകൾ വേറിട്ടു നിൽക്കുന്നതെന്നും ലേഖകൻ മുജീബ് മാഷൽ പറയുന്നു.

72കാരനായ മമ്മൂട്ടിയെ മനസ്സിൽ കണ്ടാണ് ഈ ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ ജിയോ ബേബി മുൻപ് പറഞ്ഞിരുന്നു. സിനിമയിൽ' അഭിനയിക്കാനും നിർമ്മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം സിനിമയ്ക്ക് വലിയ പൊതുസമ്മതി നൽകിയെന്നും 'ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ഗേ ആയ വ്യക്തി സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെയാണ് ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നത്.

ബാങ്ക് ക്ലർക്കായ മാത്യു ദേവസിയുടെ വീട്ടിലെ നിശബ്ദത തളം കെട്ടിയ അന്തരീക്ഷവും, പുരുഷനായ ഒരു കാമുകനുമാണ് സിനിമയിലെ പ്രധാന ആകർഷണങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടകങ്ങളിലെ പുരുഷാധിപത്യ കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമയുടെ സംവിധായകനാണ് ജിയോ ബേബിയെന്നും, നിത്യജീവിതത്തിൽ ശ്രദ്ധിക്കാതെ പോകുന്ന കാഴ്ചകളിലേക്കാണ് അദ്ദേഹം പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നതെന്നും 'ന്യൂയോർക്ക് ടൈംസിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര സിനിമകൾ ധാരാളം തടസങ്ങൾ ഇപ്പോഴും നേരിടുന്നതായി പൂണെയിലെ സിബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ഫിലിം ആൻഡ് കൾച്ചറൽ സ്റ്റഡീസ് അദ്ധ്യാപികയായ സ്വപ്ന ഗോപിനാഥിനെ ഉദ്ധരിച്ച് ലേഖനം അഭിപ്രായപ്പെടുന്നുണ്ട്.

'ഏകദേശം ഒരു ദശകത്തിനിപ്പുറമാണ് മലയാള സിനിമ പുരുഷാധിപത്യ കാഴ്ചപ്പാടുകളിൽ നിന്ന് മാറി നടക്കാൻ തുടങ്ങിയത്. ജെന്ററിനേയും ജാതിയേയുമൊക്കെ പ്രതിനിധീകരിക്കുന്ന സിനിമകൾ ഇവിടെ ഉണ്ടാകാൻ തുടങ്ങി' സ്വപ്ന പറയുന്നു.

സമാന്തര ജീവിതം നയിക്കാൻ പ്രേരിപ്പിക്കപ്പെടുന്ന നിരവധി സ്വവർഗ്ഗാനുരാഗികളായ ഇന്ത്യക്കാരുടെ സാമൂഹിക സമ്മർദ്ദങ്ങളെ സംവേദനക്ഷമതയോടെയാണ് 'കാതൽ' കൈകാര്യം ചെയ്തതെന്ന് കേരളത്തിലെ കൊച്ചി നഗരത്തിലെ കലാകാരനും ആക്ടിവിസ്റ്റുമായ ജിജോ കുര്യാക്കോസും ഈ ലേഖനത്തിൽ പറയുന്നുണ്ട്.

ഇന്ത്യയിൽ അഞ്ച് വർഷം മുമ്പ് സ്വവർഗ ലൈംഗികത കുറ്റകരമല്ലാതാക്കിയെങ്കിലും, സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹർജി സുപ്രീം കോടതി അടുത്തിടെ നിരസിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും സ്വവർഗ ബന്ധങ്ങൾ ബഹുമാനിക്കപ്പെടണമെന്ന് സുപ്രീം കോടതി എടുത്തു പറഞ്ഞതും റിപ്പോർട്ടിലുണ്ട്.

ദി ന്യൂയോർക്ക് ടൈംസിന്റെ പ്രധാനപ്പെട്ട അഞ്ച് ലോക സിനിമകളുടെ പട്ടികയിൽ നേരത്തെ മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ഇടംപിടിച്ചിരുന്നു. ഇന്ത്യയിൽ നിന്നും ന്യൂയോർക്ക് ടൈംസ് പട്ടികയിൽ ഇടംപിടിച്ച ഏക സിനിമ കൂടിയായിരുന്നു ഇത്. പട്ടികയിൽ ആദ്യ സ്ഥാനമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസാണ് 'കാതൽ' വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ 'കാതൽ ദി കോർ'ൽ മാത്യുവിന്റെ ഭാര്യയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. സ്‌നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുർബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടു കൊണ്ട് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്ന ഈ സിനിമ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

അൻവർ അലിയും ജാക്വിലിൻ മാത്യുവും ചേർന്ന് വരികൾ ഒരുക്കിയ ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് മാത്യൂസ് പുളിക്കനാണ് സംഗീതം പകർന്നത്. സാലു കെ തോമസ് ഛായാഗ്രാഹണം നിർഹഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഫ്രാൻസിസ് ലൂയിസ് കൈകാര്യം ചെയ്തു.