പൊതു വേദിയിൽ വച്ച് നടി കാജൽ അഗർവാളിന്റെ കവിളിൽ ചുംബിച്ച് ഛായാഗ്രാഹകൻ. സംഭവത്തിന് പിന്നാലെ അസ്വസ്ഥയാകുന്ന നടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. കവചം എന്ന സിനിമയുടെ ടീസർ റിലീസ് ചടങ്ങിനിടെയാണ് സംഭവം.   ചിത്രത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയായിരുന്നു കാജൾ. പ്രസംഗത്തിനിടെ ഛായാഗ്രാഹകൻ ഛോട്ടാ കെ. നായിഡുവിന്റെ പേര് പറഞ്ഞപ്പോൾ അദ്ദേഹം അപ്രതീക്ഷിതമായി കാജലിന്റെ കവിളിൽ ചുംബിച്ചു.

ഇതോടെ അസ്വസ്ഥയാകുന്ന കാജലിന്റെ മുഖഭാവവവും വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നാൽ ഛായാഗ്രാഹകന്റെ പ്രവൃത്തിയിൽ കാജൽ ആദ്യം അതൃപ്തി പ്രകടിപ്പിച്ചില്ല. പക്ഷേ വേദിയിലുണ്ടായിരുന്നവരിൽ പലരും അദ്ദേഹത്തിനെ ശക്തമായി വിമർശിച്ചു. സാമൂഹിക മാധ്യമങ്ങളിലും ഇദ്ദേഹത്തിനെതിരേ ട്രോൾ പൊങ്കാലയും നടന്നു. അവസരം കിട്ടിയപ്പോൾ ഛോട്ടാ അത് ഉപയോഗിച്ചു എന്നാണ് ആരാധകരുടെ ഇടയിൽ നിന്നുള്ള വിമർശനം.

ചുംബനശ്രമം വലിയ കുരുക്കായതോടെ നായിഡു വിശദീകരണവുമായി രംഗത്തെത്തി. 'മെഹ്റീനെ (മെഹ്റീൻ കൗർ ) കാജൽ ചുംബിച്ചു. അപ്പോൾ സംഗീത സംവിധായകൻ തമൻ പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്ന്. എന്തുകൊണ്ട് എനിക്കും അങ്ങനെ ചെയ്തൂ കൂടാ. അതുകൊണ്ട് ഞാൻ കാജലിനെ ചുംബിച്ചു'- നായിഡു പറഞ്ഞു.