ജീവൻ പണയംവച്ചാണ് ഓരോ സർക്കസ് കലാകാരനും അഭ്യാസങ്ങൾ കാണിക്കുന്നത്. ട്രപ്പീസിൽ തൂങ്ങിയാടുമ്പോൾ ഒരുനിമിഷാർധം മതി അതയാളുടെ ജീവിതം തന്നെ ഇല്ലാതാക്കാൻ. അമേരിക്കയിലെ ടാംപയിൽ 38-കാരനായ യാൻ അർനോഡിന് സംഭവിച്ചത് അതാണ്. കയറിൽതൂങ്ങിയാടവെ, ഒരുനിമിഷത്തെ ഏകാഗ്രതക്കുറവ് അയാളുടെ ജീവനടെത്തു. കാണികൾക്കിടയിലേക്ക് പിടിവിട്ട് വീണ അർനോഡിനെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സർക്യു ഡി സൊലെയ്ൽ എന്ന കമ്പനിയിലെ കലാകാരനായിരുന്നു അർനോഡ്. വോൾട്ട എന്ന ഷോയിൽ പുതുതായി പരിശീലിച്ച ഇനം ആദ്യമായി ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിക്കുമുമ്പ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ ' അത് ചെയ്യാൻ നേരമായി' എന്ന് അർനോഡ് കുറിച്ചിരുന്നു. ദീർഘകാലമായി സമാനമായ അഭ്യാസങ്ങൾ ചെയ്യുന്ന അർനോഡ് ഈ രംഗത്ത് ഏറെ മികച്ച താരമായിരുന്നുവെന്ന് സർക്യൂ ഡി സൊലെയ്ൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പങ്കാളിയായ പാവേൽ വാൽസെവ്‌സ്‌കിയുമൊതത്ത് സ്ട്രാപ്‌സ് ഡുവോ ആക്ട് എന്ന ഇനം അവതരിപ്പിക്കുന്നതിനിടെയാണ് അപകടം. വാൽസെവ്‌സ്‌കിയുമൊത്ത് അഭ്യാസം നടത്തുന്നതിനിടെ, കയറിൽനിന്നുള്ള പിടിവിട്ട് അതിവേഗം താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അർനോഡിനെ ഉടൻതന്നെ സമീപത്തുള്ള ടാംപ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, മണിക്കൂറുകൾക്കകം അർനോഡ് മരിച്ചു.

നിലത്ത് തലയടിച്ചുവീണ അർനോഡ് പിന്നീട് ചലിച്ചിട്ടില്ലെന്ന് കാണികൾ പറഞ്ഞു. അഭ്യാസം നടത്തുന്നതിനിടെ തന്നെ അർനോഡിന് കയറിലുള്ള പിടിത്തം ശരിയായിരുന്നില്ലെന്നും അവർ പറഞ്ഞു. ഫ്രാൻസിലെ ഷാംപിനി-സുർ- മാർനെ സ്വദേശിയായ അർനോഡ് 15 വർഷത്തിലേറെയായി സർക്യൂ ഡി സൊലെയ്‌ലിൽ പ്രവർത്തിക്കുകയാണ്്.മയാമിയിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന ഗോറിലോവയാണ് ഭാര്യ. രണ്ടുകുട്ടികളുമുണ്ട്. ദുരന്തത്തെത്തുടർന്ന് ഞായറാഴ്ചത്തെ പ്രദർശനങ്ങളെല്ലാം നിർത്തിവെച്ചതായി കമ്പനിയുടെ സിഇഒ ഡാനിയേൽ ലമാറെ അറിയിച്ചു.

സർക്യു ഡി സൊലെയ്‌ലിന്റെ 34 വർഷത്തെ ചരിത്രത്തിനിടെ അഭ്യാസം നടത്തിക്കൊണ്ടിരിക്കെ മരിക്കുന്ന രണ്ടാമത്തെ അഭ്യാസിയാണ് അർനോഡ്. ലാസ് വേഗസ്സിൽ പ്രദർശനം നടത്തവെ, ട്രപ്പീസിൽനിന്ന് വീണ് സാറ ഗുയാർഡ് ഗുള്ളിയറ്റ് എന്ന അഭ്യാസിയും മരിച്ചിരുന്നു. 22 വർഷത്തെ പ്രവർത്തന പരിചയമുള്ള കലാകാരിയായിരുന്നു സാറ. 2009-ൽ പരിശീലനം നടത്തവെ ഒലെക്‌സാണ്ടർ ഷുറോവ് എന്ന റഷ്യൻ അഭ്യാസിയും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.