തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (), ഔഷധ സസ്യ ബോർഡ്, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെങ്ങാനൂരിൽ ഔഷധ സസ്യ വിതരണം നടത്തി. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഔഷധ സസ്യങ്ങൾ വളർത്തുന്നതിനുള്ള സംരംഭത്തിന്റെ ഔപചാരിക ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാനൂർ സതീഷ് നിർവഹിച്ചു.

പദ്ധതിയുടെ ആസൂത്രണത്തെക്കുറിച്ച് വിവരിച്ച സംസ്ഥാന ഔഷധ സസ്യ ബോർഡ് സി ഇ ഒ ഡോ രാധാകൃഷ്ണൻ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തിരഞ്ഞെടുത്ത ഔഷധ സസ്യങ്ങൾ വളർത്തി അവ വ്യാവസായിക അടിസ്ഥാനത്തിൽ ശേഖരിച്ച് വിപണനം നടത്തുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടമാണിതെന്ന് വ്യക്തമാക്കി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മുന്തിയ പത്തിനം ഔഷധ സസ്യങ്ങളാണ് വൻതോതിൽ വളർത്തി വീടുകളിൽ വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ളത്. എസ് എൻ യു പി സ്‌കൂൾ കട്ടച്ചൽകുഴിയിൽ വച്ച് നടന്ന യോഗത്തിൽ ഡോ സി കെ പീതാംബരൻ സ്വാഗതമാശംസിക്കുകയും അനൂപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്‌കൂൾ അങ്കണത്തിൽ ഔഷധ സസ്യങ്ങൾ നട്ടുകൊണ്ട് കർഷകരും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും പദ്ധതിയുടെ ഭാഗമായി.