തിരുവനന്തപുരം: കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതിയുടെ നേതൃത്വത്തിൽ സിസ (സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ), ഫ്രാറ്റ് എന്നിവ സംയുക്തമായി സൗജന്യയോഗ പരിശീലന ക്ലാസ്സുകൾ ആരംഭിച്ചു.

മരുതൻകുഴി റസിഡൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ക്ലാസ്സിന്റെ ഉദ്ഘാടനം റിട്ട. ഡയറക്ടർ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡോ. പി ശങ്കരൻകുട്ടി നിർവ്വഹിച്ചു. ജീവിതശൈലി രോഗങ്ങൾ മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ യോഗ ജനകീയവത്ക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. സി സുരേഷ്‌കുമാർ (ജനറൽ സെക്രട്ടറി, സിസ), പി മരുതൻകുഴി സതീഷ്മുകാർ (ജനറൽ സെക്രട്ടറി, ഫ്രാറ്റ്), വെങ്ങാനൂർ സതീഷ് (പ്രസിഡന്റ്, മരുതൻകുഴി റസിഡൻസ് അസോസിയേഷൻ), ഡോ. വസുന്ധര തുടങ്ങിയവർ സംസാരിച്ചു.

പിറ്റിപി നഗർ റസിഡൻസ് അസോസിയേഷൻ ഹാളിൽ നടന്ന യോഗ ക്ലാസ്സിൽ ഉദ്ഘാടനം ആരോഗ്യവകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. അനിതാ മോഹൻ നിർവ്വഹിച്ചു. അന്നമ്മ ജോബിന്റെ (പ്രസിഡന്റ്, വനിതാ വിഭാഗം, പിറ്റിപി നഗർ റസിഡൻസ് അസോസിയേഷൻ) അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ. റ്റിജി വിനോദ്കുമാർ (സെക്രട്ടറി, പിറ്റിപി നഗർ റസിഡൻസ് അസോസിയേഷൻ), ഡോ. സി സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ യോഗ പരിശീലനം ജൂൺ 21 ന് അന്തർദേശീയ യോഗദിനത്തിൽ സമൂഹ യോഗ പ്രദർശനത്തോടെ സമാപിക്കും.