തിരുവനന്തപുരം: ചക്കയുടെ പ്രചാരണവും അതിന്റെ വൈവിധ്യമായ പ്രയോജനങ്ങളെ കുറിച്ച് അവബോധം നൽകുകയെന്നുമുള്ള ലക്ഷ്യം പഞ്ചായത്തുകൾ മുതൽ സാക്ഷാത്കരിക്കാനായി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) കല്ലിയൂർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് 19നി20 തീയതികളിൽ പുന്നമൂട് ഗവണ്മെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 'കല്ലിയൂർ ചക്ക ഫെസ്റ്റ് 2017' സംഘടിപ്പിക്കുന്നു.

പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഇരുനൂറിലധികം വൈവിധ്യമാർന്ന ചക്ക ഉത്പന്നങ്ങൾ ഫെസ്റ്റിൽ അണിനിരത്തും. കൂടാതെ, രണ്ട് ദിവസങ്ങളായുള്ള ഫെസ്റ്റിന്റെ ഭാഗമായി ചക്കയേയും അവ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ചുമുള്ള പ്രദർശനവും സംഘടിപ്പിക്കും.
കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ ജയലക്ഷ്മിയുടെ അധ്യക്ഷതയിൽ 19ന് ആരംഭിക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം വി ലതാകുമാരിയാണ്.

ചക്കയിൽ നിന്ന് വിവിധ തരം ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നേമം ബ്‌ളോക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ ജെ ഗിരിജ നിർവഹിക്കും . ചക്കയുടെയും വിവിധ തരം ചക്കയുൽപ്പന്നങ്ങളുടെയും പ്രയോജനങ്ങൾ ജനങ്ങളിലെത്തിക്കാൻ 20 ന് 10 മണി മുതൽ ഒരു മണി വരെ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് .കുമാർ നിർവഹിക്കും.

'കല്ലിയൂർ ചക്ക മഹോത്സവം 2017 വേറിട്ട ഒരു പരിപാടിയാണ്. കല്ലിയൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കർഷകർക്ക് തങ്ങളുടെ തൊടികളിൽ വിളഞ്ഞ ചക്കകൾ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള അപൂർവമായ അവസരവും ഫെസ്റ്റിവലിനോടനുബന്ധിച്ചു സാധ്യമാകും,' സിസ്സ ജനറൽ സെക്രട്ടറി ഡോ.സി .സുരേഷ്‌കുമാർ പറഞ്ഞു.

പ്രദർശനം സൗജന്യമാണ്. ആവശ്യക്കാർക്ക് പ്ലാവിൻതൈകളും വിതരണം ചെയ്യുന്നുണ്ട്. ചക്കയുടെയും വ്യത്യസ്ത തരം ചക്കയുൽപ്പന്നങ്ങളുടെയും പ്രയോജനങ്ങൾ കൂടുതൽ ജനവിഭാഗങ്ങളിൽ എത്തിക്കാനുള്ള സിസ്സയുടെയും കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെയും സവിശേഷ സംരംഭമായാണ് ചക്ക മഹോത്സവം വിഭാവനം ചെയ്തിട്ടുള്ളത്.