ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി അവിടങ്ങളിലെ പൗരത്വം സ്വീകരിക്കുന്നതിൽ ഇന്ത്യക്കാർ ആദ്യകാലം മുതൽക്ക് തന്നെ നല്ല താൽപര്യം പുലർത്തി വരുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർഷം തോറും വിദേശപൗരത്വം സ്വീകരിക്കുന്നത് 50,000 ഇന്ത്യക്കാരാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശപൗരത്വം സ്വീകരിച്ചത് 117 രാജ്യങ്ങളിലായി നാലര ലക്ഷം പേരാണ്. ഇതിൽ അമേരിക്കൻ പൗരത്വം സ്വീകരിക്കുന്നവർ ഒന്നാമതെത്തിയപ്പോൾ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്.

ഇത് പ്രകാരം 2016ൽ 46,188 ഇന്ത്യക്കാരും 2015ൽ 42,213 ഇന്ത്യക്കാരും വിദേശപൗരത്വം സ്വീകരിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 2014നും 2017നും ഇടയിലുള്ള കാലഘട്ടത്തിൽ 117 രാജ്യങ്ങളിലായി 452,109 ഇന്ത്യക്കാരാണ് പൗരത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകവേ ഇന്ത്യൻ മിനിസ്റ്റർ ഫോർ എക്‌സ്‌റ്റേണൽ അഫയേർസ് ആയ വി.കെ. സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി 2016ൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇയർബുക്ക് പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെത്തിയിരിക്കുന്നത് കാലിഫോർണിയയിലേക്കാണ്.

അതായത് കാലിഫോർണിയയിലേക്ക് ഈ കാലത്ത് എത്തിയിരിക്കുന്നത് 10,298 പേരാണ്. 5312 പേരെത്തിയ ന്യൂജഴ്‌സി ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തും 4670 പേരെത്തിയ ടെക്‌സാസ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തും 2954 പേരെത്തിയ ന്യൂയോർക്ക് മൂന്നാംസ്ഥാനത്തുമാണ്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിരത്തുന്ന കണക്കുകൾ പ്രകാരം 2015ൽ 18,874 ഇന്ത്യക്കാരാണ് അമേരിക്കൻ പൗരത്വം നേടിയിരിക്കുന്നത്. 2016ൽ ഇവരുടെ എണ്ണം 22,999ഉം 2017ൽ 20,327ഉം ആണ്. 4052 ഇന്ത്യൻ നഴ്‌സുമാർ എമിഗ്രേഷൻ ക്ലിയറൻസിന് ശേഷം ഈ വർഷം വിദേശത്തേക്ക് പോയിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിനുള്ള ഉത്തരമായി വി.കെ. സിങ് വെളിപ്പെടുത്തിയിരുന്നു.

യുകെയിൽ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 2017ൽ കുത്തനെ ഇടിവുണ്ടായിട്ടുണ്ടെന്നും ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ അടുത്ത വർഷങ്ങളിൽ ഇക്കാര്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം എടുത്ത് കാട്ടുന്നു. 2014ൽ 37,693 ഇന്ത്യക്കാർ യുകെയിൽ പൗരത്വം നേടിയിരുന്നുവെങ്കിൽ 2015ൽ അത് 27,771 ആയും 2016ൽ 28,720 ആയും ഇടിഞ്ഞ് താഴ്ന്നിരിക്കുകയാണ്. എന്നാൽ 2017ൽ യുകെയിൽ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം 19,882 ആയി വീണ്ടും കുറഞ്ഞിരിക്കുകയാണ്.

2017ൽ ഓസ്‌ട്രേലിയയിൽ പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം 20,948 ആണ്. മുൻ വർഷങ്ങളിലേതിനേക്കാൾ കുറവാണിത്. അതായത് 2016ൽ 23,073 ഇന്ത്യക്കാർക്കും 2015ൽ 23,365 ഇന്ത്യക്കാർക്കും ഓസ്‌ട്രേലിയൻ പൗരത്വം ലഭിച്ചിരുന്നു. ലോകമാകമാനം മൊത്തത്തിൽ 31 മില്യൺ ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിലുള്ളത്. ഇതിൽ 18 മില്യൺ പേർ ഇന്ത്യൻ വംശജരും 13 മില്യൺ പേർ എൻആർഐകളുമാണ്. 3.3 മില്യണടുത്ത് എൻആർഐകൾ സൗദി അറേബ്യയിലുണ്ട്. മറ്റേത് രാജ്യത്തിലുള്ളതിനേക്കാളും എൻആർഐകൾ സൗദിയിലാണ്. എന്നാൽ ഏറ്റവും കൂടുൽ ഓവർസീസ് ഇന്ത്യക്കാർ യുഎസിലാണുള്ളത്. ഇതിൽ 1.3 മില്യൺ എൻആർഐകളും 3.2 മില്യൺ ഇന്ത്യൻഅമേരിക്കക്കാരും ഉൾപ്പെടുന്നു.