- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിമുടക്കിന് ആധാരമായ കാര്യങ്ങളെക്കുറിച്ച് പറയാതെ യാത്രക്കാരന് വണ്ടി കിട്ടിയില്ല, ഓട്ടോ ഡ്രൈവർക്ക് പെട്രോൾ അടിക്കാൻ പറ്റിയില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്; റെയിൽവേ തൊഴിലാളികൾ സമരം ചെയ്യുമ്പോൾ ട്രെയിനിൽ കടല വിൽക്കുന്നവന്റെ പ്രയാസം പറഞ്ഞിട്ട് കാര്യമുണ്ടോ? മാധ്യമങ്ങൾക്കെതിരെ സിഐടിയു നേതാവ്
കോഴിക്കോട്: പണിമുടക്കിന് ആധാരമായ കാര്യങ്ങളെക്കുറിച്ച് മിണ്ടാതെ യാത്രക്കാരന് വണ്ടി കിട്ടിയില്ല, ഓട്ടോ ഡ്രൈവർക്ക് പെട്രോൾ അടിക്കാൻ പറ്റിയില്ല,, കുടിക്കാൻ വെള്ളം കിട്ടിയില്ല എന്നൊക്കെയാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് സി ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ. റെയിൽവേ തൊഴിലാളികൾ സമരം ചെയ്യുമ്പോൾ ട്രെയിനിൽ കടല വിൽക്കുന്നവന്റെ പ്രയാസം പറഞ്ഞിട്ട് കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഭിമുഖ്യത്തിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കട തുറക്കുമെന്ന് പറയുന്ന വ്യാപാരികൾക്കും കൂടി വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നത്. നിങ്ങൾ തുറന്നോളൂ.. പക്ഷേ നിങ്ങൾ നേരിടാൻ പോകുന്ന പ്രതിസന്ധികളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ചെറുകിട വ്യാപാര മേഖലയിലേക്ക് വൻകിട കുത്തകൾക്ക് കടന്നുവരാൻ അവസരം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. കോടിക്കണക്കിന് കച്ചവടക്കാരുടെ ജീവിതമാണ് തകരുന്നത്. ഇക്കാര്യം ഓർമ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതാക്കളെപ്പോലെ സാധാരണക്കാർക്കും മീഡിയാ മാനിയ ഉണ്ടാവുന്നുണ്ട്. അതുകൊണ്ടാണ് പലരും ചാനലിൽ വന്നിരുന്ന് സമരത്തിനെതിരെ ഓരോന്ന് പറയുന്നത്. ഓട്ടോറിക്ഷാ ഡ്രൈവർമാരും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കണം. ഇന്ധന വില വർധനവും ടാക്സ് ഇൻഷൂറൻസ് വർധനവും അവരുടെ ജീവിതത്തെ പ്രയാസത്തിലാക്കുകയാണ്. പണിമുടക്കു കൊണ്ട് എന്താണ് ഗുണമെന്ന് പലരും ചോദിക്കുന്നുണ്ട്. ഇത്തരം പ്രക്ഷോഭങ്ങൾ കാരണമാണ് കോടിക്കണക്കിന് രൂപയുടെ പല പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കുന്നത് തടഞ്ഞതെന്ന് ഇത്തരത്തിൽ സംസാരിക്കുന്നവർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മിഠായിത്തെരുവിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും അപൂർവ്വം കടകളും ഹോട്ടലുകളും ഇന്നലെ തുറന്നു പ്രവർത്തിച്ചു. അരീക്കാടും രാമനാട്ടുകരയിലും സമരക്കാരും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുറക്കുകയും തങ്ങളുടെ ഉപജീവന മാർഗം മുടക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു അരീക്കാട് വ്യാപാരികൾ കടകൾ തുറന്നത്. എന്നാൽ സമരാനുകൂലികൾ എത്തി കടയുടമകളെ മർദ്ദിക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.