തൃശ്ശൂർ: അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തൊഴിലാളി മുന്നേറ്റമാണ് നഴ്‌സിങ് രംഗത്തു ഉണ്ടായത്. അടിച്ചമർത്തപ്പെട്ട നഴ്‌സുമാർ സധൈര്യം തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങിയതോടെ വ്യവസ്ഥാപിത തൊഴിലാളി സംഘടനകളുടെ അടിത്തറ ഇളകുകയാണ് ചെയ്തത്. ഒരു രാഷ്ട്രീയകക്ഷിയോടും തൽപ്പര്യമില്ലാത്ത യുഎൻഎ നഴ്‌സുമാർക്കിടയിലെ അനിഷേധ്യ സംഘടനയായി മാറിയതോടെ ഈ സംഘടനയെ ചാക്കിലാക്കാൻ സി.പി.എം അടക്കമുള്ളവർ ശ്രമം നടത്തി. എന്നാൽ, ഈ നീക്കത്തെ നഴ്‌സുമാർ ഒരുമിച്ചു നിന്ന് എതിർത്തതോടെ സ്വകാര്യ ആശുപത്രി നഴ്‌സുമാർക്ക് വേണ്ടി പുതിയ സംഘടന തുടങ്ങാനാണ് ഭരണപ്പാർട്ടിയുടെ തീരുമാനം.

തൊഴിലാളി പാർട്ടിയെന്ന് അറിയപ്പെടുമ്പോഴും മുതലാളിമാർക്ക് വേണ്ടി എന്തും ചെയ്യുന്ന സംഘടനയെന്ന ചീത്തപ്പേര് സിപിഎമ്മിനും സിഐടിയുവിനുമുണ്ട്. ഇതിനെ ചെറുക്കാൻ വേണ്ടി കൂടി ലക്ഷ്യമിട്ടാണ് നഴ്‌സുമാർക്കിടയിൽ സംഘടനയുണ്ടാക്കാൻ സി.പി.എം ഒരുങ്ങുന്നത്. ഇതിന് വേണ്ടി യുഎൻഎക്ക് തുരങ്കം വെക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് ശക്തമായി നടക്കുന്നുണ്ട്. സിഐടിയുവിന്റെ നേതൃത്തിലുള്ള പുതിയ സംഘടനയുടെ രൂപീകരണ യോഗം നവംബർ ഏഴിനു തൃശൂരിൽ നടക്കും. യുഎൻഎയിൽനിന്ന് അംഗങ്ങളെ അടർത്തിയെടുക്കണമെന്നും സിഐടിയുവിനു പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് വേണ്ടി യുഎൻഎയിൽ അംഗത്വമുള്ള സി.പി.എം അനുഭാവികളെ നേരിൽ കണ്ട് സംസാരിക്കാനുള്ള തിരക്കിലാണ് ഇവർ.

വിവിധ ആവശ്യങ്ങളുന്നയിച്ചു പലവട്ടം നഴ്‌സുമാർ ഒറ്റക്കെട്ടായി വൻസമരങ്ങൾ നടത്തിയെങ്കിലും സി.പി.എം അടക്കം രാഷ്ട്രീയ പാർട്ടികൾ കാഴ്ചച്ക്കാരിയിരുന്നു. ആവശ്യമുള്ളപ്പോൾ നിയമപോരാട്ടം നടത്തിയും മറ്റും യുഎൻഎ കരുത്തുകാട്ടി. ഇന്ത്യൻ നഴ്‌സസ് അസോസിഷേയനെന്ന സംഘടന പോലും സ്വതന്ത്രമായി നിൽക്കുന്നുണ്ട്. ഇവരുടെ അവകാശ പോരാട്ടത്തെ പിന്തുണക്കാൻ സി.പി.എം സംഘടനകൾ മടികാണിച്ചു നിന്നത് മുതലാളിമാരെ സുഖിപ്പിക്കാൻ വേണ്ടിയായിരുന്നു. പല ആശുപത്രി മുതലാൡമാരുമായി അടുത്ത ബന്ധമാണ് സി.പി.എം നേതാക്കൾക്ക്. പാർട്ടിക്ക് ഫ്ണ്ടി നൽകുന്ന മുതലാളിമാരെ വിട്ട് ആരെയും സഹായിക്കേണ്ടെന്ന നിലപാടായിരുന്നു നേതാക്കൾക്ക്.

സ്വകാര്യ ആശുപത്രി നഴ്‌സുമാർക്കിടയിൽ സംഘടനയോ സ്വാധീനമോ നിലവിൽ സിഐടിവുവിനില്ല. യുഎൻഎയും അവരിൽനിന്നു പിളർന്നു രൂപപ്പെട്ട ഇന്ത്യൻ നഴ്‌സസ് അസോസിയേഷനുമാണു പ്രബല യൂണിയനുകൾ. ഇരൂകൂട്ടരോടും സിഐടിയുവിൽ അഫിലിയേഷനെടുക്കാൻ സി.പി.എം നിർദ്ദേശിച്ചിരുന്നെങ്കിലും നഴ്‌സുമാർ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിഐന്മടിയു വഴി ഇവർക്കിടയിൽ വളർന്നു കയറി നഴ്‌സുമാരിൽ സ്വാധീനം ഉറപ്പിക്കാൻ സി.പി.എം ശ്രമിക്കുന്നത്.

നവംബർ ഏഴിന് സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ചു സംഘടനാ രൂപീകരണയോഗം നടക്കും. സിഐടിയു ജനറൽ സെക്രട്ടറിയും സി.പി.എം കേന്ദ്രകമ്മിറ്റിംയംഗവുമായ എളമരം കരീമിനാണു മുഖ്യചുമതല. സർക്കാർ ആശുപത്രി നഴ്‌സുമാരുടെ സംഘടനയായ കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷനെയാണു നഴ്‌സുമാരെ കൂട്ടാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. യുഎൻഎയിൽനിന്ന് നഴ്‌സുമാരെ അടർത്തിയെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും ആ റിസ്‌ക് ഏറ്റെടുക്കണമെന്നാണ് കെജിഎൻഎയ്ക്കു സിഐടിയു നൽകിയിരിക്കുന്ന നിർദ്ദേശം. ടിഎയും ഡിഎയും നൽകി എല്ലാ ജില്ലയിൽനിന്നും നഴ്‌സുമാരെ എത്തിക്കണമെന്നും നിർദ്ദേശിക്കുന്നു.

സ്വന്തം ആശുപത്രികളെ സംരക്ഷിക്കുക എന്ന നീക്കം കൂടി സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം സി.പി.എം ഭരിക്കുന്ന വൻകിട ആശുപത്രികളുണ്ട്. ഇവിടങ്ങളിൽ പോലും യുഎൻഎയൊ ഐഎൻഎയൊ ആണ് നഴ്‌സുമാരുടെ സംഘടന. സിഐടിയുവിന്റെ നിലപാട് തൊഴിലാളി വിരുദ്ധമായതിനാൽ കണ്ണൂർ എകെജി ആശുപത്രിയിലെ നഴ്‌സുമാർ പരസ്യമായി സമരത്തിന് പോലും ഇറങ്ങിയിരുന്നു. ആഗോള തലത്തിൽ പ്രബലമായ പ്രവാസി സംഘടന കൂടിയാണ് ഇന്ന് യുഎൻഎ. ഈ ശക്തി തിരിച്ചറിഞ്ഞ് സാമ്പത്തിക താൽപ്പര്യം കൂടി മുന്നിൽകണ്ടാണ് ഭരണപ്പാർട്ടിയുടെ നീക്കങ്ങൾ.