തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കു മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരം നഗരത്തിലെങ്ങും പൊങ്കാലക്കലങ്ങൾ നിറഞ്ഞുകഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കോർപ്പറേഷൻ അധികൃതരും നിന്നുതിരിയാൻ ഇടം കിട്ടാത്തവിധത്തിലുള്ള ഉത്സവത്തിന് എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുമുണ്ട്.

നഗരം മുഴുവൻ പൊങ്കാലയ്ക്കു സജ്ജമാകുമ്പോൾ ഞങ്ങളും ഇതിനൊപ്പമുണ്ടെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് കിള്ളിപ്പാലത്തെ സിഐടിയു തൊഴിലാളികൾ. പൊങ്കാല മാത്രമല്ല, ബീമാപള്ളി ഉറൂസും വെട്ടുകാടു തിരുനാളുമൊക്കെ ഞങ്ങൾ ആഘോഷിക്കാറുണ്ടെന്നും സിഐടിയു തൊഴിലാളികൾ പറയുന്നു.

കിള്ളിപ്പാലം ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിറ്റിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ബാനർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. 'ഞങ്ങൾക്കു മതമില്ല. ഞങ്ങൾ ആറ്റുകാൽ പൊങ്കാല ആഘോഷിക്കാറുണ്ട്. ഞങ്ങൾ ബീമാപള്ളി ഉറൂസ് ആഘോഷിക്കാറുണ്ട്. ഞങ്ങൾ വെട്ടുകാട് തിരുനാൾ ആഘോഷിക്കാറുണ്ട്. എന്തുകൊണ്ടെന്നാൽ ഞങ്ങൾ സിഐടിയു തൊഴിലാളികളാണ്' എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.

ജാതിമതഭേദമെന്യേ എല്ലാ ആഘോഷങ്ങൾക്കും ഒപ്പമുള്ളവരാണു തങ്ങളെന്നു വ്യക്തമാക്കിയാണു സിഐടിയു തൊഴിലാളികളുടെ ബാനർ വന്നിരിക്കുന്നത്. ഇടതുപക്ഷത്തിനും സിപിഎമ്മിനും ജാതിമത വ്യത്യാസമില്ലെന്നു പ്രഖ്യാപിക്കുകയാണ് ഇതിലൂടെ തൊഴിലാളികൾ.

സിപിഎമ്മും മതപരമായ ചടങ്ങുകളും സംബന്ധിച്ചു നേരത്തെ തന്നെ നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പേരിലും കണ്ണൂരിലെ അമ്പാടിമുക്ക് സഖാക്കൾ അർജുനനും ശ്രീകൃഷ്ണനുമായി സിപിഐ(എം) നേതാക്കളെ ചിത്രീകരിച്ചതിന്റെ പേരിലുമൊക്കെ നിരവധി വിവാദങ്ങളാണുണ്ടായത്. ഇതിനു പിന്നാലെയാണു സിഐടിയുവിന്റെ പോസ്റ്ററും സൈബർ ലോകത്തു ചർച്ചയാകുന്നത്.