കൊള്ളയും കൊലയും മയക്കുമരുന്ന് മാഫിയകളുടെ തേർവാഴ്ചയും കുടിപ്പകയുമൊക്കെയാണ് തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും പല രാജ്യങ്ങളിലെയും നഗരങ്ങളെ പേടിസ്വപ്‌നം പോലെ ഭയാനകമാക്കുന്നത്. ഒറ്റയ്ക്ക് പുറത്തിറങ്ങിയാൽ ജീവനുപോലും ആപത്ത് സംഭവിക്കാവുന്ന തരത്തിൽ അപകടകരങ്ങളാണ് പല നഗരങ്ങളും. ലോകത്തേറ്റവും അപകടം പിടിച്ച 50 നഗരങ്ങളിൽ 42-ഉം ഈ മേഖലയിൽനിന്നായത് അതുകൊണ്ടുതന്നെ.

മെക്‌സിക്കോയിലെ ലോസ് കാബോസാണ് ലോകത്തേറ്റവും അപകടം പിടിച്ച നഗരം. വെനസ്വേലയിലെ കാരക്കാസ്, മെക്‌സിക്കോയിലെ അക്കാപുൽക്കോ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അമേരിക്കയിലെ നാല് നഗരങ്ങളും ഈ പട്ടികയിലുണ്ട്. സെൻ ലൂയിസ്, ബാൾട്ടിമോർ, ന്യൂ ഓർലീൻസ്, ഡെട്രോയി എന്നിവയാണ്ത. ദക്ഷിണാഫ്രിക്കയിൽനിന്നാണ് മറ്റു രണ്ടു നഗരങ്ങൾ. കേപ് ടൗണും നെൽസൺ മണ്ടേല ബേയും. ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലെ നഗരങ്ങൾ ഈ പട്ടികയില്ലെന്നതാണ് ആശ്വാസകരം.

17 നഗരങ്ങളുമായി ബ്രസീലാണ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. മെക്‌സിക്കോയിലെ 12 നഗരങ്ങളും അപകടകരങ്ങളാണ്. നാറ്റൽ (ബ്രസീൽ), ടിജുവാന (മെ്ക്‌സിക്കോ), ലാ പാസ് (മെകസിക്കോ), ഫോർട്ടലേസ (ബ്രസീൽ), വിക്ടോറിയ (മെകസിക്കോ), ഗയാന (വെനസ്വേല), ബെലെം (ബ്രസീൽ) എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു നഗരങ്ങൾ. ജമൈക്ക, ഹോണ്ടുറാസ്, പ്യൂർട്ടോറിക്കോ, എൽസാൽവഡോർ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിലെ നഗരങ്ങളും പട്ടികയിലുണ്ട്.

കുറ്റകൃത്യങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന മെക്‌സിക്കൻ സംഘടനയായ സെക്യരിറ്റി, ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയാണ് ഈ പട്ടിക തയ്യാറാക്കിയത്. ഒരുലക്ഷം ജനങ്ങളിൽ കൊല്ലപ്പെടുന്നവരുടെ തോത് അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ് നിശ്ചയിച്ചത്. ഭരണകൂടം ശ്രദ്ധിച്ചാൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നതിന്റെ തെളിവായി ഹോണ്ടുറാസിനെ സംഘടന എടുത്തുകാട്ടുന്നു. 2016-ലെ പട്ടികയിൽ മൂന്നും നാലും സ്ഥാനത്തായിരുന്നു ഹോണ്ടുറാസിലെ സാൻ പെദ്രോ സുലയും തെഗുസിഗൽപ്പയും. ഇക്കുറി 26-ാം സ്ഥാനത്തും 35-ാം സ്ഥാനത്തുമാണ് ഈ നഗരങ്ങൾ.

വെനസ്വേലയിലും കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് സമിതി വിലയിരുത്തി. എന്നാലിത്, കുറകൃത്യങ്ങൾ കുറഞ്ഞതുകൊണ്ടല്ലെന്നും ഇവയുടെ എണ്ണം തിട്ടപ്പെടുത്താൻ സർക്കാരിന് സംവിധാനമില്ലാത്തതുകൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. അത്രത്തോളം നിയന്ത്രണം നഷ്ടമായ അവസ്ഥയിലാണ് വെനസ്വേലയിലെ സർക്കാരെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇക്കുറി പട്ടികയിൽനിന്ന് പുറത്തായ വെനസ്വേലൻ നഗരങ്ങളായ കുമാനയും ഗ്രാൻ ബാഴ്‌സലോണയും പട്ടികയിലില്ലാത്തത് അവിടുത്തെ മരണനിരക്ക് കണ്ടെത്താനാകാത്തതുകൊണ്ടാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മെക്‌സിക്കോയാണ് ഏറ്റവും മുന്നിൽ നി്ൽക്കുന്നത്. അക്രമാസക്തമാകാത്ത നഗരങ്ങൾ അവിടെ കുരവാണ്. കഴിഞ്ഞവർഷം 29,000 പേരാണ് രാജ്യത്ത് വിവിധ അക്രമസംഭവങ്ങളിലായി കൊല്ലപ്പെട്ടത്. 1997-ൽ കുറ്റകൃത്യങ്ങളുടെ കണക്ക് ശേഖരിക്കാൻ തുടങ്ങിയശേഷമുള്ള ഏറ്റവുമുയർന്ന സംഖ്യയാണിത്.