ന്ത്യയിലെ നഗരങ്ങൾ അത്രയും മോശമോ? ലോകത്തെ ജീവിക്കാൻ കൊള്ളാവുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യ 32 സ്ഥാനങ്ങളിൽ ഇന്ത്യയിൽനിന്ന് ഒരു നഗരം പോലുമില്ല. അമേരിക്കയിലെ ഷിക്കാഗോ ഒന്നാം സ്ഥാനത്തുള്ള പട്ടിക, നഗരങ്ങളിലെ ജീവിത സാഹചര്യങ്ങൾ വിലയിരുത്തി ടൈം ഔട്ട് മാസികയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

എല്ലാവർഷവും ടൈം ഔട്ട് സിറ്റി ലൈഫ് ഇൻഡക്‌സ് പുറത്തുവിടാറുണ്ട്. ഓരോ നഗരത്തിലെയും ഭക്ഷണം, മദ്യം, സംസ്‌കാരം, സൗഹൃദാന്തരീക്ഷം, ജീവിതച്ചെലവ്, സന്തോഷം, സുരക്ഷ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇൻഡക്‌സ് തയ്യാറാക്കുന്നത്. സുരക്ഷയൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും ഒന്നാമതെത്തിയാണ് ഷിക്കാഗോ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.

പോർച്ചുഗൽ നഗരമായ പോർട്ടോയാണ് രണ്ടാം സ്ഥാനത്ത്. ലോകത്തേറ്റവും ജീവിക്കാൻ കൊള്ളാവുന്ന നഗരമായാണ് പോർട്ടോ വിലയിരുത്തപ്പെടുന്നത്. സുഹൃത്തുക്കളെ കണ്ടെത്താൻ പറ്റിയ നഗരമാണ് പോർട്ടോ. നൈറ്റ് ലൈഫും സംസ്‌കാരവും ന്യുയോർക്കിന് മൂന്നാം സ്ഥാനവും നേടിക്കൊടുത്തു. ഭക്ഷണവും മദ്യവും ഓസ്‌ട്രേലിയയിലെ മെൽബൺ നാലാം സ്ഥാനത്തും എത്തിച്ചു. ലണ്ടനാണ് അഞ്ചാം സ്ഥാനത്ത്.

കലയും സംസകാരവും അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ പാരീസാണ് ഒന്നാം സ്ഥാനത്ത്. ന്യുയോർക്ക്, മാഡ്രിഡ്, ഷിക്കാഗോ, ലണ്ടൻ എന്നിവ പിന്നാലെയും. എ്ന്നാൽ, സിനിമയും സംഗീതവും മ്യൂസിയവും ആർട്ട് ഗാലറിയുമൊക്കെ ഇഷ്ടപ്പെടുന്നവർ മെക്‌സിക്കോ സിറ്റിയെയാണ് മുന്നോട്ടുവെക്കുന്നത്. ബാഴ്‌സലോണയും പാരീസും തൊട്ടുപിന്നാലെയുണ്ട്.

ലൈംഗികതയുടെ കാര്യത്തിൽ പാരീസാണ് മുന്നിൽ. പാരീസിൽ ജീവിക്കുന്നവരിൽ അഞ്ചിൽ നാലുപേരും പോയമാസം സെക്‌സിലേർപ്പെട്ടവരാണ്. കുടിച്ച് കൂത്താടി ഹാങ്ങോവറുമായി നടക്കുന്ന നഗരവാസികളേറെയുള്ളതും പാരീസിൽത്തന്നെ. ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബറോ തുടങ്ങിയ ബ്രിട്ടീഷ് നഗരങ്ങൾ ഹാങ്ങോവറിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനത്തുണ്ട്.

ടൈം ഔട്ട് മാസികയുടെ പട്ടികയനുസരിച്ച് ലോകത്തെ മികച്ച നഗരങ്ങൾ ഇവയാണ്: ഷിക്കാഗോ, പോർട്ടോ, ന്യുയോർക്ക്, മെൽബൺ#, ലണ്ടൻ, മാഡ്രിഡ്, മാഞ്ചസ്റ്റർ, ലിസ്‌ബൺ, ഫിലാഡാൽഫിയ, ബാഴ്‌സലോണ, എഡിൻബറോ, ടെൽ അവീവ്, ഓസ്റ്റിൻ, പാരീസ്, മെക്‌സിക്കോ സിറ്റി, ഷാങ്ഹായ്, സാൻ ഫ്രാൻസിസ്‌കോ, ബെർലിൻ, ടോക്യോ, ലോസെയ്ഞ്ചൽസ്, സൂറിക്ക്, ബെയ്ജിങ്, വാഷിങ്ടൺ ഡി.സി, ബാങ്കോക്ക്, മോസ്‌കോ, ഹോങ് കോങ്, മയാമി, സിഡ്‌നി, ദുബായ്, ബോസ്റ്റൺ, സിംഗപ്പുർ, ഇസ്താംബുൾ.