ദമ്മാം:കിങ് ഫഹദ് എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് ഇനി ലഗേജുകൾ സിറ്റി കൗണ്ടറുകൾ വഴി ചെക്ക് ഇൻ ചെയ്യാൻ അവസരം തുറക്കുന്നു. ഞാറാഴ്ച മുതലാണ് ഈ സേവനം ആരംഭിക്കുകയെന്ന് ജനറൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. ഇതോടെഎയർപോർട്ടിലെ തിക്കും തിരക്കും ഒഴിവാക്കാനും കഴിയും.

നിലവിൽ പൊതു ഗതാഗത കോർപറേഷനു കീഴിലെ സാപ്കോ ബസ് ടെർമിനലിൽ ആയിരിക്കും സിറ്റി ചെക്ക് ഇൻ സംവിധാനം പ്രവർത്തിക്കുക. പ്രാഥമികമായി രാവിലെ 8മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന 4 കൗണ്ടറുകൾ പ്രവർത്തിക്കും. യാത്രക്ക് മുമ്പ് 24 മണിക്കൂറിനുള്ളിൽ ലെഗേജ് പരിശോധനക്കുള്ള അവസരം ലഭിക്കും. യാത്രയുടെ 6 മണിക്കൂറ് മുമ്പ് പരിശോധന പൂർത്തീകരിച്ചിരിക്കണമെന്നതാണ് നിബന്ധന.

ഈജിപ്ത് എയർ, ജെറ്റ് എയർവെയ്സ്, ഒമാൻ എയർ, പാക്കിസ്ഥാൻ എയർലൈൻസ്, ഇത്തിഹാദ്, സഊദി ഗൾഫ് എന്നീ ആറ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സേവനം ലഭ്യമാകുക. സിറ്റി കൗണ്ടറുകളിൽ പരിശോധനക്ക് വിധേയമാക്കിയ ലെഗേജുകൾ എയർപോർട്ടിൽ വീണ്ടും സ്‌ക്രീൻ ചെയ്യും.

ലെഗേജിനു പുറത്ത് യാത്രക്കാരെ ബന്ധപ്പെടാനുള്ള നമ്പർ എഴുതുവാനും അധികൃതർ ആവശ്യപ്പെട്ടു. വയിറ്റിങ് ലിസ്റ്റിൽ പെട്ടതോ സ്റ്റാന്റ് ബൈ ആയതോ ആയ യാത്രക്കാർക്ക് ഈ സേവനം ലഭ്യമാകില്ല. അധിക ബാഗേജിനുള്ള സർചാർജ് അടക്കേണ്ടതും സിറ്റി കൗണ്ടറിൽ
ആണ്. യാത്രക്കാരുടെ ബാഗേജിന് ആവശ്യമായ സുരക്ഷയും സൂക്ഷിപ്പും നൽകും. സിസിടിവി യുടെ സഹായത്തോടെ സഊദിയ ഗ്രൗണ്ട് സർവീസ് ട്രക്ക് ഉപയോഗപ്പെടുത്തിയാകും ബാഗേജ് ലോഡ് ചെയ്യുക. എല്ലാ ട്രക്കിലും സുരക്ഷാ സീൽ വെക്കും. എയർപ്പോർട്ടിൽ സുരക്ഷാ പരിശോധനക്ക് ശേഷമാവും അതാത് വിമാനങ്ങളിലേക്ക് അയക്കുക. നാലു ഭാഗത്തു
നിന്നും വേഗത്തിൽ എയർപ്പ്പോർട്ടിലേക്ക് എത്തിപ്പെടാനാവുന്ന കേന്ദ്രങ്ങളിലാവും സിറ്റി കൗണ്ടർ പ്രവർത്തിക്കുക.

ദമ്മാം സിറ്റി കൗണ്ടർ ആണ് നിലവിൽ തുടങ്ങുന്നതെങ്കിലും വൈകാതെ ജുബെയിൽ അൽഹസ്സ തുടങ്ങിയ പട്ടണങ്ങളിലും ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ജുബെയിലിൽ നിന്ന് 110 കി.മി.യും അൽ ഹസ്സയിൽ നിന്ന് 130 കി.മി. യും ഉണ്ട് ദമ്മാം എയർപോർട്ടിലേക്ക്.