പാരീസ് : മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ നഗരത്തിൽ മാലിന്യ പ്രതിസന്ധി രൂക്ഷമായി. തെരുവുകളിൽ ചവറുകൾ കുന്നുകൂടി. 3000 ടൺ മാലിന്യമാണ് കൂമ്പാരമായി കിടക്കുന്നത്. മികച്ച ശുചിത്വമുള്ള നഗരം എന്ന പാരീസിന്റെ ഖ്യാതിയെ ഈ സംഭവത്തോടെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

കുറഞ്ഞ വേതനം നൽകുന്നതിൽ പ്രതിഷേധിച്ച് നഗരത്തിലെ മാലിന്യം ശേഖരുക്കുന്ന 4900 ജീവനക്കാർ പണിമുടക്കിയതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. വേതനത്തിൽ കാര്യമായ വർദ്ധനവൊന്നും ജീവനക്കാർ ആവശ്യപ്പെട്ടില്ലെന്നും 70 യൂറോ മാസത്തിൽ എക്‌സ്ട്രാ നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. ഇത് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം ചെയ്യുന്നത്. ഇതോടെ  നഗരത്തിൽ മാലിന്യ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.

പാരീസ് മേയറുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ തൃപ്തികരമല്ലാത്തതിനാൽ സമരം തുടരാണ് സാധ്യത. പ്രതിസന്ധി പരിഹരിക്കാൻ പ്രൈവറ്റ് കളക്ടേഴ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.