- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യ രാജ്യാന്തര ഗതാഗതം പുനഃസ്ഥാപിച്ചു;ഇന്ത്യൻ സർവീസുകൾ സംബന്ധിച്ച് അവ്യക്തത തുടരുന്നു
ജിദ്ദ: രാജ്യാന്തര ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ജനുവരി മൂന്ന് പ്രാദേശിക സമയം കാലത്ത് പതിനൊന്ന് മുതൽ സൗദി അറേബ്യ നീക്കിയതായി സിവിൽ ഏവിയേഷൻ ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ജനിതക മാറ്റത്തോടെ കൊറോണാ വൈറസ് വ്യാപനം വീണ്ടും ലോകത്തെ ഭീതിയാഴ്‌ത്തിയ സാഹചര്യത്തിൽ രണ്ടാഴ്ചകൾക്ക് മുമ്പ് സൗദി ഏർപ്പെടുത്തിയ പ്രത്യേക അന്താരാഷ്ട്ര ഗതാഗത നിയന്ത്രണങ്ങളാണ് ഇതോടെ ഇല്ലാതായത്. അതേസമയം, ഇന്ത്യയുമായുള്ള വ്യോമ ഗതാഗതം പുനഃസ്ഥാപിതമാവുന്നത് സംബന്ധിച്ച കാര്യത്തിൽ ഇനിയും അവ്യക്തത തുടരുകയാണ്.
ഇന്ത്യൻ പ്രവാസികൾ കാത്തിരുന്ന സൗദി നടപടിയിൽ പിന്നെയും നിലനിൽക്കുന്ന കരിനിഴൽ അകറ്റുന്നതിനായി സൗദിയിലെ ഇന്ത്യൻ മിഷൻ അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വൈകാതെ ഇത് സംബന്ധിച്ചുള്ള വിശദീകരണം ഉണ്ടാകുമെന്നുമാണ് വിവരം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ പതിനാല് ദിവസക്കാലം മറ്റൊരു രാജ്യത്ത് ക്വറന്റൈൻ ആചരിക്കണമെന്ന നിലവിലുള്ള ചട്ടം സൗദി അറേബ്യ എടുത്തു കളഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കപ്പെടുന്നത്.
അതേസമയം, രണ്ടാഴ്ച മുമ്പ് സൗദി ഏർപ്പെടുത്തിയ യാത്രാവിലക്ക് മാത്രമാണ് ഇപ്പോൾ നീക്കിയതെന്നും അതിന് മുമ്പുള്ള നിയന്ത്രണങ്ങൾ അതേപടി പ്രാബല്യത്തിലുണ്ടെന്നുമാണ് സൗദിയുടെ ഇതിനകം ഉണ്ടായിട്ടുള്ള ഔദ്യോഗിക പ്രസ്താവന.
ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക തുടങ്ങി ജനിതക മാറ്റത്തോടെയുള്ള കൊറോണാ വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേക കർശന വ്യവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു രാജ്യത്തു പതിനാല് ദിവസം ക്വറേറ്റൈൻ ആചരിക്കുകയും പിന്നീട് ടെസ്റ്റ് നടത്തുകയും ചെയ്യുക തുടങ്ങിയ നിബന്ധനകളാണ് വിദേശികൾക്കുള്ളത്. യാത്രാ വിലക്ക് നീക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച ഇറക്കിയ സിവിൽ ഏവിയേഷൻ പ്രസ്താവന ജനിതക മാറ്റത്തോടെയുള്ള കൊറോണ പ്രസക്തമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള നിബന്ധനകളും വിവരിക്കുന്നുണ്ട്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ കാര്യത്തിൽ നിലവിലുള്ള നിബന്ധനകൾ തുടരും: അതായത്, വീട്ടിൽ ഏഴു ദിവസമോ, ലാബ് ടെസ്റ്റ് നടത്തുന്നതോടൊപ്പം മൂന്ന് ദിവസമോ ക്വറന്റൈൻ ആചരണം.