ന്യൂഡൽഹി: സിവിൽ സർവ്വീസ് പരീക്ഷ ഫലത്തിൽ ഏറെ ആഹ്ലാദിക്കാനൊന്നും മലയാളിക്കില്ല. ആദ്യ അമ്പതിൽ മലയാളി സ്ഥാനം പിടിച്ചത് മാത്രമാണ് ആശ്വാസം.33ാം റാങ്ക് നേടിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഒ.ആനന്ദാണ് കേരളത്തിന്റെ അഭിമാനമായത്. 108ാം റാങ്കുമായി പത്തനംതിട്ട സ്വദേശി നീതു രാജനുമുണ്ട് പട്ടികയിൽ. പട്ടികയിൽ 25ലധികം മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹി സ്വദേശി ടിന ഡാബിക്കാണ് ഒന്നാം റാങ്ക്. ജമ്മുകശ്മീര് അനന്ത്‌നാഗിലെ അത്താർ് ആമിര് ഉല് ഷാഫി ഖാന്(23) രണ്ടാം റാങ്ക്, ഡല്ഹി സ്വദേശിയായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് ജസ്മീത്ത് സിങ് സന്ധു മൂന്നാം റാങ്ക് നേടി.

തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി ജീവ മരിയ ജോയ്(147), എറണാകുളം ആലുവ സ്വദേശി ആർ.വിശ്വനാഥ്(181), എറണാകുളം ഇടപ്പള്ളി സ്വദേശി ആസിഫ് കെ.യൂസഫ്(215), തൃശ്ശൂർ കാവ് സ്വദേശി അരുൺ കെ.വിജയൻ(264), തിരുവനന്തപുരം വെമ്പായം സ്വദേശി ഐ.വി.ഭവ്യ(296), തിരുവനന്തപുരം പൂജപ്പുര സ്വദേശി എ.എസ്.ശ്രേയ(299), തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി രാഹുൽ പി.(358), കൊച്ചി വൈറ്റില സ്വദേശി അന്ന ശോശ തോമസ്(389), ആലപ്പുഴ സ്വദേശി ഇ.പത്മരാജ്(460), കാസർകോട് തൃക്കരിപ്പൂർ സ്വദേശി സുഭഗ ആൻ വർഗീസ്(472), തിരുവനന്തപുരം ഡി.പി.ഐ.സ്വദേശി അഞ്ജു അരുൺ കുമാർ(475), കോഴിക്കോട് സ്വദേശി എച്ച്.വിഷ്ണുപ്രസാദ്(506), തൃശ്ശൂർ ചേലക്കര സ്വദേശി കെ.ധന്യ(520), കൊല്ലം പത്തനാപുരം സ്വദേശി ഐ.ഇബ്‌സൺ ഷാ(575), പത്തനംതിട്ട പന്തളം സ്വദേശി സിദ്ധാർത്ഥ് കെ.വർമ്മ(584), കണ്ണൂർ പയ്യന്നൂർ സ്വദേശി സുനിൽ ജോർജ്ജ്(587), കൊല്ലം കൊട്ടാരക്കര സ്വദേശി സോനാ സോമൻ(612), തിരുവനന്തപുരം ഉള്ളൂർ സ്വദേശി എം.ഗായത്രി(642), കണ്ണൂർ ജോസ്ഗിരി സ്വദേശി സി.വി.ജയകാന്ത്(753), കൊച്ചി വടക്കോട് സ്വദേശി എ.ആഷിഫ്(778), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി വിവേക് ജോൺസൺ(783), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി പി.ആർ.വൈശാഖ്(844), കോട്ടയം കോസഡി സ്വദേശി മിഥുൻ വി.സോമരാജ്(1015) എന്നിവരാണ് പട്ടികയിലുള്ള മലയാളികൾ.

ഒന്നാം റാങ്ക് നേടിയ 22കാരിയായ ടീന തന്റെ ആദ്യശ്രമത്തിലാണ് സിവിൽ സർവ്വീസ് പട്ടികയിൽ ഒന്നാമതെത്തിയത്. ഡൽഹിയിലെ പ്രശസ്തമായ ശ്രീറാം ലേഡി കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടിയിട്ടുണ്ട് ടീന. ഒന്നാം റാങ്ക് നേടിയ കാര്യം ഇപ്പോഴും ഉൾക്കൊള്ളാൻ തനിക്കായിട്ടില്ലെന്ന് ടീന പറയുന്നു. ''എന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല'' .ക്ഷമയും, കൃത്യമായ ആസൂത്രണത്തോടെയുള്ള പഠനനവും, കുടുംബത്തിന്റെ പിന്തുണയുമാണ് തനിക്ക് വിജയത്തിലേക്ക് വഴി തെളിയിച്ചതെന്ന് ടീന അഭിപ്രായപ്പെട്ടു. ഹരിയാണ കേഡറിൽ പ്രവർത്തിക്കാനാണ് ടീനയുടെ തീരുമാനം. സ്ത്രീജനസംഖ്യ കുറഞ്ഞ ഹരിയാണയിലെ പ്രവർത്തം ഒരു വെല്ലുവിളിയായിരിക്കുമെന്നാണ് ടീന പറയുന്നത്. സിവിൽ സർവ്വീസിലേക്ക് വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഒരു മാതൃകയായി മാറണമെന്നാണ് ടീനയുടെ മോഹം. സിവിൽ സർവ്വീസ് നേടാൻ തനിക്ക് ഏറ്റവും പ്രചോദനം നൽകിയത് തന്റെ മുത്തച്ഛനാണെന്ന് രണ്ടാം റാങ്കുകാരൻ അത്തർ ആമീർ ഉൾ ഷാഫി ഖാൻ പറയുന്നു. ഇന്റെർവ്യൂ കഴിഞ്ഞപ്പോൾ നല്ല റാങ്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, രണ്ടാം റാങ്ക് നേടുമെന്ന് കരുതിയിരുന്നില്ല, കാശ്മീരിൽ നിന്നുള്ള നിരവധി പേർ ഇപ്പോൾ സിവിൽ സർവ്വീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നുണ്ട്, തന്റെ നേട്ടം അവർക്ക് പ്രചോദനമാക്കുമെന്നാണ് കരുതുന്നത് ആമീർ വാർത്ത ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ തവണയും സിവിൽ സർവ്വീസ് പരീക്ഷ എഴുതിയ ആമീർ 560ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവേ ട്രാഫിക് സര്വീസില് നിയമനം ലഭിച്ചതിനെ തുടര്ന്ന് ലഖ്‌നൗവില് പരിശീലനത്തിലാണ്. അത്താര് കശ്മീര് കേഡര് തന്നെയാണ് തിരഞ്ഞെടുത്തത്. മൂന്നാംറാങ്ക് നേടിയ ജസ്മീതിന്റേത് നാലാമത്തെ ശ്രമമാണ്. 2014ല് അദ്ദേഹത്തിന് റവന്യൂ സർവ്വീസിൽ് പ്രവേശനം ലഭിച്ചതിനെ തുടര്ന്ന് ഫരീദാബാദിലെ നാഷണല് അക്കാദമി ഓഫ് കസ്റ്റംസ്, എക്‌സൈസ് ആന്ഡ് നാര്‌ക്കോട്ടിക്‌സില് പരിശീലനത്തിലാണ്.

ആകെ 1078 പേരാണ് റാങ്ക് ലിസ്റ്റില് ഇടംപിടിച്ചത്. 499 പേര് ജനറല്, 314 പേര് ഒ.ബി.സി, 176 പേര് പട്ടികജാതി, 89 പേര് പട്ടികവര്ഗ വിഭാഗങ്ങളില് പെടുന്നു. 172 പേരുടെ വെയിറ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന് അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസ്്(ഐ.എ.എസ്), ഇന്ത്യന് ഫോറിന് സർവ്വീസ്(ഐ.എഫ്.എസ്), ഇന്ത്യന് പൊലീസ് സർവ്വീസ്(ഐ.പി.എസ്),കേന്ദ്രസര്ക്കാരിലെ ഗ്രൂപ്പ് എ, ബി സർവ്വീസ് എന്നിവയിലേക്ക് നിയമനം നടക്കുന്നത്. 46 ഭിന്നശേഷി വിഭാഗക്കാരുടേതുള്‌പ്പെടെ 1164 ഒഴിവുകളാണ് ഇതുവരെ റിപ്പോര്ട്ട് ചെയ്തത്. ഇതില് 180 പേര്ക്ക് ഭരണസർവ്വീസ് 150 പേര്ക്ക് പൊലീസ് സർവ്വീസ് 45 പേര്ക്ക് വിദേശ സർവ്വീസ് നിയമനം ലഭിച്ചേക്കും.

പാലാ ഇൻസ്റ്റിറ്റ്യൂട്ടിന് 17 വിജയം

സിവിൽ സർവീസ് പരീക്ഷയിൽ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ, തിരുവനന്തപുരം കാമ്പസുകളിൽ പരിശീലനം പൂർത്തിയാക്കി ഇന്റർവ്യൂവിന് അർഹത നേടിയ 46 ഉദ്യോഗാർത്ഥികളിൽ 17 പേർ വിജയിച്ചു.

ഒ.ആനന്ദ് (റാങ്ക് 33) , കെ. ഇളംഭഗവദ് (റാങ്ക് 117), ജീവാ മരിയ ജോയി (റാങ്ക് 147), ആർ. വിശ്വനാഥ് (റാങ്ക് 181),ആസിഫ് യൂസഫ് (റാങ്ക്215) ശ്രേയ എ.എസ് (റാങ്ക്299) രാഹുൽ പി. (റാങ്ക്358), അന്നാ ശോശാ തോമസ് (റാങ്ക് 389) സുഭഗ ആൻ വർഗ്ഗീസ് (റാങ്ക്472) ഇബ്‌സൺ ഷാ (റാങ്ക് 575) സിദ്ധാർത്ഥ് കെ. വർമ്മ (റാങ്ക്584), സുനിൽ ജോർജ്ജ് (റാങ്ക് 587), ഗായത്രി എം. (റാങ്ക് 642), വിവേക് ജോൺസൺ (റാങ്ക് 751), ജയകാന്ത് സി.വി. (റാങ്ക് 753), വൈശാഖ് പി. ആർ (റാങ്ക് 844), മിഥുൻ വി. സോമരാജ് (റാങ്ക് 1015) എന്നിവരാണ് വിജയികൾ. വിജയികളെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. ഫിലിപ്പ് ഞരളക്കാട്ട്, പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ എന്നിവർ അഭിനന്ദിച്ചു.

തലസ്ഥാനത്ത് മൂന്ന് പേർ

സാധാരണ തിരുവനന്തപുരത്തിന് മികച്ച വിജയമാണ് പറയാനുള്ളത്. എന്നാൽ ഇത്തവണ തലസ്ഥാന ജില്ലയിൽ നിന്ന് സിവിൽ സർവ്വീസ് കടമ്പ കടന്നത് മൂന്നുപേർ മാത്രമാണ്. ഒരാൾ 147 ാം റാങ്ക് നേടിയപ്പോൾ 296, 299 റാങ്കുകളിലാണ്  രണ്ടുപേരെത്തിയത്.

തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ ജോയ് ചെറിയാന്റെയും വികാസ് ഭവനിൽ ഹാന്റ്‌ലൂം ഡെപ്യൂട്ടി ഡയറക്ടർ മോളിക്കുട്ടി പുന്നൂസിന്റെയും മകളായ ജീവ മരിയ ജോയിക്കാണ് 147 ാം റാങ്ക് . വഞ്ചിയൂർ മുണ്ടയ്ക്കൽ ടി.സി 13/ 368 ലാണ് താമസം. തിരുവനന്തപുരം ഗവ.എൻജിനിയറിങ് കോളേജിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിടെക് നേടിയ ജീവയുടെ രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവ്വീസിലെത്തുന്നത്. സഹോദരി ഐശ്യര്യ ജോയ് മംഗലാപുരത്ത് നലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.

പി.ഡബ്‌ള്യൂ.ഡിയിൽ എൻജിനീയറായിരുന്ന വെമ്പായം കൊഞ്ചിറ വിഷ്ണുപ്രിയയിൽ വിശ്വംഭരൻ നായരുടെയും ഇന്ദിരാ ഭായിയുടെയും മകളായ ഭവ്യ ഐ.വിയാണ് 296 ാം റാങ്ക് നേടിയത്. തിരുവനന്തപുരം ഗവ.എൻജിനിയറിങ് കോളേജിൽ നിന്ന് ബിടെക് ഇലക്ട്രോണിക്‌സ് കഴിഞ്ഞ ശേഷമാണ് സിവിൽ സർവ്വീസ് പരിശീലനത്തിലേക്ക് തിരിഞ്ഞത്. സിംഗപ്പൂർ ടെലിക്കോമിൽ ഉദ്യോഗസ്ഥനായ അരുൺദേവ് സഹോദരനാണ്. സെക്രട്ടേറിയറ്റിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച പൂജപ്പുര ചാടിയറ കെ.സുധാകരൻ പിള്ളയുടെയും പാലാ ഗവ. സ്‌കൂൾ അദ്ധ്യാപിക കെ.ജി. ആശയുടെയും മകളായ ശ്രേയ എ.എസിനാണ് 299 ാം റാങ്ക്.

പൂജപ്പുര എൽ.ഡി.എസ് എൻജിനിയറിങ് കോളേജിൽ നിന്ന് ബി ടെക് നേടിയ ശേഷമാണ് സിവിൽ സർവ്വീസ് പരിശീലനം തുടങ്ങിയത്. എൻജിനീയറായ വിദ്യയാണ് സഹോദരി.