ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് മലയാളിക്ക്. കൊല്ലം, കല്ലുവാതിൽക്കൽ ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറായ രേണുവിനാണ് രണ്ടാം റാങ്ക് ലഭിച്ചത്. ചങ്ങനാശ്ശേരി സ്വദേശിനിയാണ് രേണു. ആദ്യ ചാൻസിലാണ് ഇവരുടെ നേട്ടം. രണ്ടാം റാങ്കിന് പുറമേ എട്ടാം റാങ്കും മലയാളിക്കാണ്. കെ.നിതീഷാണ് എട്ടാം റാങ്കു നേടിയ മലയാളി.

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ് നേടിയ രേണു സർക്കാർ ആശുപത്രിയിലെ സേവനത്തിനിടെയാണ് സിവിൽ സർവീസ് പരിശീലനം നേടിയത്. സ്വന്തം നാട്ടിൽ തന്നെ സേവനം ചെയ്യാനാണ് ആഗ്രഹമെന്നും സിവിൽ സർവീസ് വിജയം അതിനു സഹായിക്കുമെന്ന് കരുതുന്നതായും രേണു പ്രതികരിച്ചു.

ആദ്യ ശ്രമത്തിൽ തന്നെയാണ് രേണു രാജ് ഈ നേട്ടം സ്വന്തമാക്കിയത്. ഭർത്താവിന്റെയും രക്ഷിതാക്കളുടെയും പ്രോത്സാഹനത്തിന്റെ ഫലമാണ് തന്റെ ഈ നേട്ടം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാൽ രണ്ടാം റാങ്ക് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലന്നും രേണു പറഞ്ഞു. കൊല്ലത്തിനടുത്ത് കല്ലുവാതുക്കലിലെ ഇഎസ്‌ഐ ആശുപത്രിയിൽ ഡോക്ടറാണ് രേണു രാജിപ്പോൾ.

ഒന്നാംറാങ്ക് ഇറാ സിംഗാളിനാണ്. ആദ്യ അഞ്ച് റാങ്കുകളിൽ നാലും പെൺകുട്ടികൾക്കാണ്. മൂന്നാംറാങ്ക് നിധി ഗുപ്തയ്ക്കും നാലാം റാങ്ക് വന്ദന റാവുവിനും ലഭിച്ചു. അഞ്ചാം റാങ്ക് സുഹർഷ ഭഗത്ത് നേടി.

1236 പേരുടെ പട്ടികയാണ് ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ജനറൽ സർവീസ് തസ്തികകളിലേക്ക് യുപിഎസ്‌സി ശിപാർശ ചെയ്തിട്ടുള്ളത്. പരീക്ഷാഫലം യുപിഎസ്‌സി വെബ്‌സൈറ്റിൽ www.upsc.gov.in ലഭ്യമാണ്.

2012ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് മലയാളി ആയിരുന്നു. ഹരിത.വി കുമാർ. അന്ന് ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് എട്ടുപേർ ഇടംനേടിയിരുന്നു. യുപിഎസ്‌സി പ്രസിദ്ധീകരിച്ച പട്ടികയിൽ 34 മലയാളികളും സ്ഥാനംപിടിച്ചു. അതിനുമുമ്പ് 1991ൽ രാജുനാരായണ സ്വാമിയാണ് കേരളത്തിൽ നിന്ന് ഒന്നാംറാങ്ക് നേടിയത്.