തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പിതൃത്വം അവകാശപ്പെട്ട് ഉണ്ടാകുന്ന തർക്കവുമായി ബന്ധപ്പെട്ട് കണ്ട ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത വൈക്കം എംഎൽഎ സികെ ആശ പുലിവാലു പിടിച്ചു.

പ്രശ്‌നം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും വിവാദവുമായതോടെ താൻ മനപ്പൂർവമല്ലാതെ അബദ്ധത്തിൽ ഇത്തരമൊരു പോസ്റ്റ് ഷെയർചെയ്തതാണെന്നും ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ ക്ഷമിക്കണമെന്നും അഭ്യർത്ഥിച്ച് എംഎൽഎ രംഗത്തെത്തി. പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

ഒരാൾ.... ഒരു വിവാഹം കഴിച്ചു ......അയാളുടെ ഭാര്യ 8 മാസം ഗർഭിണിയായ്..... ഭാര്യ 8 മാസം ഗർഭിണിയായപ്പോൾ ആ ഭർത്താവ് മരിച്ചു..... ഭർത്താവ് മരിച്ച ഉടനെ തന്നെ '.... ഭാര്യ..... വേറൊരാളെ കല്യാണം കഴിച്ചു ..... രണ്ടാം... വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭാര്യ പ്രസവിച്ചു (രണ്ട് മാസത്തിനുള്ളിൽ)..... രണ്ടാം ഭർത്താവ് .....കുട്ടി എന്റേതാണെന്ന് ശക്തമായ ഭാഷയിൽ പറഞ്ഞു.... അയൽവാസികൾക്ക് ..... സംശയങ്ങൾ ...... മാത്രം ബാക്കിയാക്കിയാക്കി'''''കുട്ടി വളർന്നു ........ രണ്ടാം ഭർത്താവ് ..... കുട്ടിയുടെ അച്ഛൻ ഞാൻ തന്നെയെന്ന് തീർത്ത് പറഞ്ഞു...... ഈ ...കുട്ടിയുടെ യാഥാർത്ഥ പേരാണ് ....കൊച്ചി ... മെട്രോ - ഇതായിരുന്നു പോസ്റ്റ്.

ജൂൺ എട്ടിനാണ് ആശ സമീർ എന്നയാളുടെ പോസ്റ്റ് ഷെയർ ചെയ്തത്. ഇതോടെ വലിയ വിവാദവുമായി. സിപിഐ എംഎൽഎ ഗീതാഗോപിയുടെ മകളുടെ വിവാഹം ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും പാർട്ടി വിശദീകരണം തേടുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു പാർട്ടി വനിതാ എംഎൽഎയും സോഷ്യൽ മീഡിയയിൽ ഇത്തരമൊരു വിവാദ പോസ്റ്റ് ഷെയർചെയ്ത് പുലിവാല് പിടിച്ചത്. ഇതോടെ പാർട്ടിയിലും വിമർശനം ഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്നലെ പോസ്റ്റ് പിൻവലിച്ചതായി വ്യക്തമാക്കി, ഖേദം പ്രകടിപ്പിച്ച് സികെ ആശ തന്നെ രംഗത്തെത്തുകയായിരുന്നു.

എന്റെ അക്കൗണ്ടിൽ നിന്ന് മനഃപൂർവമല്ലതെ ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റ് ചിലർ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് നീക്കം ചെയ്തിട്ടുണ്ട്,അതിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ ഖേദം അറിയിക്കുന്നു.

വൈക്കത്തിന്റ് സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെ വിവിധ കർമ്മ പദ്ധതികൾ നടപ്പാക്കി വരികയാണ്,പ്രായോഗികമായി ആ കാര്യങ്ങൾ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങൾക്കും എന്റെ പ്രിയ സുഹൃത്തുക്കളുടെ പിന്തുണയും സഹായവും അഭ്യർത്ഥിക്കുന്നു... എന്നാണ് എംഎൽഎ കുറിച്ചത്.

ഇതോടെ ഇനിയെങ്കിലും പോസ്റ്റുകൾ ശ്രദ്ധിച്ച് ഷെയർ ചെയ്യണമെന്നും അഭിപ്രായം പറയുമ്പോൾ വകതിരിവ് വേണമെന്നും എല്ലാം കമന്റുമായി നിരവധി പേരെത്തി. ഇനി എങ്കിലും നന്നായി ഉള്ളടക്കം വായിച്ച് നോക്കാതെ ഇങ്ങനെ ഷെയർ ചെയ്യരുത് സഖാവേ..മനഃപൂർവ്വം ആണെങ്കിലും അല്ലെങ്കിലും ആദ്യത്തെ കുട്ടിയുടെ, അതായത് പോസ്റ്റിന്റെ റീച്ച് ഉപയോഗിക്കുക വർഗ്ഗ ശത്രുക്കൾ തന്നെ ആകും.

പൊതുപ്രവർത്തകർ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയരാണു .പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാർ. ദേശീയ ജനാധിപത്യ വിപ്ലവവും ജനകീയ ജനാധിപത്യ വിപ്ലവവും എന്ന അന്തരം ഉണ്ടെങ്കിലും ലക്ഷ്യം ഒന്നാണല്ലോ. പക്ഷേ പോസ്റ്റ് കാണുന്ന പൊതുജനങ്ങൾക്ക് അക്കാര്യം അറിയണം എന്നില്ല .ഇനി മറക്കല്ലേ സഖാവേ..പൊതുപ്രവർത്തകർ ഇന്ന് സോഷ്യൽ മീഡിയ ഓഡിറ്റിങ്ങിനു കൂടി വിധേയരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പ്രതികരണം ഉണ്ടായത്.

ഏതായാലും കൊച്ചി മെട്രോയെപ്പറ്റിയുള്ള പോസ്റ്റ് മുൻപിൻ നോക്കാതെ ഷെയർ ചെയ്ത എംഎൽഎയുടെ നടപടി പാർട്ടിയിലും ചർച്ചയായിരിക്കുകയാണ്.