- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 ലോഡ് കരിങ്കലിന് പാസ് നൽകി ഒത്താശ ചെയ്തത് 18000 ലോഡിന്റെ അനധികൃത കടത്തിന്; റെയ്ഡിൽ വീട്ടിൽ നിന്നും പൊക്കിയത് 33 ലക്ഷത്തോളം രൂപ; അഡീഷണൽ ഡയറക്ടറാകാൻ യോഗ്യനല്ലെന്നു ഡിപിസി കണ്ടയാളെ ഡയറക്ടറാക്കിയത് നിയമ വിരുദ്ധം; മൈനിങ് ജിയോളജി ഡയറക്ടർ സികെ ബൈജുവിനെ പണി പോകും; ഹൈക്കോടതി വിധിയിൽ നിറയുന്നത് മറുനാടൻ ഇംപാക്ട്
കൊച്ചി: സംസ്ഥാന മൈനിങ് ജിയോളജി ഡയറക്ടർ സികെ ബൈജുവിനെ ഉടൻ പുറത്താക്കാൻ ഹൈക്കോടതി ഉത്തരവ്. ഇപ്പോൾ തന്നെ നീക്കം ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം. പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. അഴിമതിയാരോപണങ്ങളും വിജിലൻസ് കേസുകളും അനധികൃത സ്വത്ത് സമ്പാദനകേസുമെല്ലാം നേരിടുന്ന ഉദ്യോഗസ്ഥനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡയറക്ടറായി നിയമിച്ച നടപടി വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ നിരവധി വാർത്തകൾ നൽകി. ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഹൈക്കോടതി ഇടപെടൽ
സികെ ബൈജുവിനു എതിരെ നിരവധി അച്ചടക്ക നടപടികൾ സർക്കാർ പരിഗണനയിൽ ഉണ്ട്. അഡീഷണൽ ഡയറക്ടർ സ്ഥാനത്തേക്ക് പോലും യോഗ്യനല്ലെന്നു ഡിപിസി കണ്ടയാളെ നിയമവിരുദ്ധമായി ഡയറക്ടർ സ്ഥാനത്ത് നിയമിച്ച സർക്കാർ നടപടി തെറ്റെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പൊതുതാല്പര്യം പാലിച്ചില്ലെന്നായിരുന്നു ഹർജിക്കാരന്റെ നിലപാട്. ഇതാണ് അംഗീകരിക്കപ്പെട്ടത്. വിജിലൻസ്, ലോകായുക്ത കേസുകൾ നേരിടുകയും അഴിമതി നടത്തിയതിനെ തുടർന്നു ഇൻക്രിമെന്റ് പിഎസ് സി വെട്ടിക്കുറയ്ക്കുകയുമൊക്കെ ചെയ്ത സി.കെ.ബൈജുവിനെയാണ് മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഇൻചാർജായി വ്യവസായവകുപ്പ് നിയമിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം ഇരിക്കുന്ന പോസ്റ്റിലാണ് ഐഎഎസുകാരനല്ലാത്ത അഴിമതിക്കേസുകൾ നേരിടുന്ന ഉദ്യോഗസ്ഥനെ ചുമതലയേൽപ്പിച്ചത്.
സീനിയർ ജിയോളജിസ്റ്റ് ആയിരിക്കുമ്പോൾ തന്നെ വിജിലൻസ് കേസുകളിലും അനധികൃത സ്വത്ത് സമ്പാദന കേസിലും പെട്ട ബൈജു ഒരു കുഴപ്പവും സംഭവിക്കാതെയാണ് അസിസ്റ്റന്റ്റ് ഡയറക്ടറും തുടർന്നു ഡെപ്യൂട്ടി ഡയറക്ടറും ഡയറക്ടറുടെ പോസ്റ്റിലും എത്തിപ്പെട്ടിരിക്കുന്നത്. പി.എച്ച്.കുര്യൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ ഒരു കാരണവശാലും ബൈജുവിനു ഡെപ്യൂട്ടി ഡയറക്ടറുടെ പോസ്റ്റിലേക്ക് നിയമനം നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. പക്ഷെ കുര്യന്റെ സ്ഥാനചലനത്തിനും വിരമിക്കലിനും ശേഷം ബൈജു ഈ പോസ്റ്റിലേക്ക് അനായാസം എത്തിപ്പെടുകയായിരുന്നു. ഇതെല്ലാം വകുപ്പിൽ ഈ ഉദ്യോഗസ്ഥന്റെ സ്വാധീനത്തിന്റെ തെളിവായി മാറിയിരുന്നു.
കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ച നടപടിയായാണ് വ്യവസായവകുപ്പിന്റെ നടപടി വിശേഷിപ്പിക്കപ്പെടുന്നത്. 500 ലോഡ് കരിങ്കൽ കടത്താൻ പാസ് നൽകിയ ശേഷം 18000 ലോഡ് കരിങ്കൽ കടത്താൻ കൂട്ട് നിന്നതിനു വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബൈജു.. ഇതേ ബൈജുവിന്റെ വീട്ടിൽ എറണാകുളത്തെ വിജിലൻസ് സ്പെഷ്യൽ ടീം റെയ്ഡ് നടത്തി പിടിച്ചത് 33 ലക്ഷത്തോളം രൂപയാണ്. ഈ കേസും ബൈജു നേരിട്ടുകൊണ്ടിരിക്കുകയാണ്. അനധികൃത ഘനനം നടത്തിയതായി തെളിഞ്ഞാൽ ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിനു പിഴ നൽകേണ്ടി വരുന്നത്. ഈ തുകയാണ് സർക്കാർ ഖജാനവിലെ പ്രധാന വരുമാന മാർഗം.
ഈ രീതിയിൽ കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിലേക്ക് ഒഴുകേണ്ടത്. ബിജുവിനെ പോലുള്ള ഒരുദ്യോഗസ്ഥൻ വകുപ്പിൽ ഡയറക്ടറായി ഇരുന്നാൽ എങ്ങനെ സർക്കാർ ഖജനാവിലേക്ക് പണമെത്തുമെന്ന ചോദ്യവും ഒപ്പം മുഴങ്ങി. ഇതെല്ലാം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആരോപണമെല്ലാം ഹൈക്കോടതിയും ഗൗരവത്തോടെ എടുക്കുകയാണ്.
ഒത്താശ അനധികൃത ഖനനത്തിന്; പിഎസ് സി കട്ട് ചെയ്തത് രണ്ടു ഇൻക്രിമെന്റുകൾ
ബൈജു സീനിയർ ജിയോളജിസ്റ്റ് ആയിരിക്കെ തന്നെ ബൈജുവിന്റെ അഴിമതി തിരിച്ചറിഞ്ഞു ബിജുവിനെതിരെ പോരാട്ടം തുടരുന്ന പൊതുപ്രവർത്തകൻ പൗലോസ് മുളക്കുളത്തിനു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ മറുപടിയിൽ തന്നെ ബിജുവിന്റെ അഴിമതിക്കഥകൾ അക്കമിട്ടു പറഞ്ഞിരുന്നു. ബിജുവിനെതിരെയുള്ള വിജിലൻസ് കേസിനെ തുടർന്നു പിഎസ്സി നിർദ്ദേശ പ്രകാരം ബിജുവിന്റെ രണ്ടു ഇൻക്രിമെന്റ് തടഞ്ഞു നടപടിയെടുത്തിരുന്നു.
വിജിലൻസ് ബൈജുവിനു പകരം ബിജു എന്ന് വിജിലൻസ് ഉത്തരവിൽ പറഞ്ഞതിനാൽ ആശയക്കുഴപ്പമുണ്ടായിരുന്നു. അത് പിന്നെ വിജിലൻസ് തന്നെ തിരുത്തിയതിനാൽ ബൈജുവിനെതിരെ തുടർ നടപടികൾ വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. പക്ഷെ പിന്നീട് ക്രമക്കേടുകൾ കണ്ടെത്താത്തതിനാൽ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. പാലയിൽ അനധികൃത ഘനനത്തിനു ഒത്താശ ചെയ്തു കൊടുക്കുകയാണ് ബൈജു ചെയ്തത്. ഈ വിജിലൻസ് കേസ് ബൈജു നേരിടുന്നുണ്ട്. കോട്ടയം ജില്ലാ ജിയോളജിസ്റ്റ് ആയിരിക്കെയാണ് അനധികൃത മൈനിംഗിന് ബൈജു ഒത്താശ ചെയ്തത്. ഈ കേസിൽ ബൈജുവിന് കുറ്റാരോപണ മെമോയും കുറ്റാരോപണപത്രികയും നൽകിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവും ഈ ഉദ്യോഗസ്ഥൻ നേരിടുന്നുണ്ട്. ഇതിലും വകുപ്പ്തല നടപടികൾ തുടരുന്നുണ്ട്. ബൈജുവിനെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. പക്ഷെ ഈ കേസിൽ ബൈജു ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഇതിന്റെ നിലവിലേ അവസ്ഥ എന്തെന്ന് അഡ്വക്കേറ്റ് ജനറലിനോട് അന്വേഷിക്കുന്നുണ്ട്. ഇതാണ് നിലവിലെ ഡയറക്ടറുടെ കാര്യത്തിൽ വകുപ്പ് നടത്തിയ നടപടികൾ-പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നു.
ലോകായുക്തയിലും കേസ്:
ബെന്നി ജോസഫ് ആണ് സി.കെ.ബൈജുവിനെതിരെ ലോകായുക്തയിൽ പരാതി നൽകിയത്. ഖനനത്തിനു ഒരിക്കലും നൽകാത്ത അപേക്ഷയുടെ പേരിൽ ഖനനം അനുവദിക്കുകയും കൂടുതൽ മണ്ണ് എടുത്തതിന്റെ പേരിൽ രണ്ടര ലക്ഷത്തോളം രൂപ പിഴയായി അടയ്ക്കണമെന്നാണ് ബെന്നി ജോസഫിന് സി.കെ.ബൈജു നോട്ടീസ് നൽകിയത്. ഇയാൾ വിദേശത്തായിരിക്കെയാണു നോട്ടീസ് വന്നത്. വേറൊരാൾ ബെന്നി ജോസഫിന്റെ ഒപ്പിട്ടു നൽകിയ പരാതിയിലാണ് ഖനനത്തിനു ബൈജു അനുമതി നൽകിയത്. ബെന്നി ജോസഫ് വിറ്റുപോയ സ്ഥലത്തിൽ നിന്നാണ് ഖനനം നടന്നത്. ബെന്നി ജോസഫിന്റെ പേരിലാണ് ഖനനത്തിൻ അനുമതിക്കായി അപേക്ഷ നൽകപ്പെട്ടത്. സ്ഥല പരിശോധനയും വസ്തു ആരുടെതെന്നും പരിശോധിക്കാതെ ബൈജു അനുമതി നൽകുകയായിരുന്നു. തുടർന്നു രണ്ടര ലക്ഷത്തോളം പിഴ വന്നത് ബെന്നി ജോസഫിന്റെ പേരിൽ. ഇതിനെ തുടർന്നാണ് ബെന്നി ജോസഫ് ലോകായുക്തയിൽ പരാതി നൽകിയത്. ഖനനം നടത്തിയ ലിനോദ് വി. അലക്സിനു ഒരു സമ്മതപത്രവും ബെന്നി ജോസഫ് നൽകിയിരുന്നില്ല എന്നാണ് ലോകായുക്തയിൽ നൽകിയ പരാതിയിൽ പറയുന്നത്. ബെന്നി ജോസഫിന്റെ ഒപ്പും വ്യാജമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടു വിവരാവകാശ കമ്മിഷനും
മൈനിങ് ഓഫീസിലെ സീൽ നഷ്ടമായത് പത്രവാർത്ത വന്നപ്പോൾ വിവരാവകാശം നൽകിയ പൗലോസ് മുളക്കുളത്തിനെ കുടുക്കാൻ സീൽ മോഷ്ടിച്ചു എന്ന പേരിൽ പൊലീസിൽ വ്യാജ പരാതി നൽകിയതിനാണ് ബൈജുവിനെതിരെ നടപടിക്ക് വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചത്. സീൽ നഷ്ടമായ കാര്യത്തിൽ വിവരാവാകാശം തേടിയപ്പോൾ കോട്ടയത്തെ ജിയോളജിസ്റ്റ് ആയ ബൈജുവിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു. സീൽ മോഷണക്കേസിൽ പൗലോസിനെ സംശയദൃഷ്ടിയിൽ നിർത്തിയാണ് ബൈജു കോട്ടയം എസ്പിക്ക് പരാതി നൽകിയത്. വിവരാവാകാശ പ്രകാരം വിവരങ്ങൾ തിരക്കിയതിനാൽ കള്ളപ്പരാതി നൽകിയതിനു നടപടി ആവശ്യപ്പെട്ടാണ് പൗലോസ് വിവരാവാകാശ കമ്മിഷനെ സമീപിച്ചത്. വിവരാവാകാശ നിയമപ്രകാരം വിവരങ്ങൾ നല്കാതിരിക്കാനാണ് ഇത്തരം പരാതികൾ എന്നാണ് കമ്മിഷൻ കണ്ടെത്തിയത്. ഈ കാര്യത്തിൽ ബൈജു നൽകിയ വിശദീകരണം കമ്മിഷൻ തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് വകുപ്പ് തല നടപടികൾക്കായി ബൈജുവിനെതിരെ കമ്മിഷൻ സർക്കാരിനു എഴുതിയത്.
മറുനാടന് മലയാളി ബ്യൂറോ