- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പത്ത് ലക്ഷം കൊടുത്തത് ഹൊറൈസൺ ഹോട്ടലിൽ വച്ച് സുരേന്ദൻ നേരിട്ട്'; ഓഡിയോ കൃത്രിമമെന്ന് ആരോപിച്ച സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീതാ അഴിക്കോട്; ശബ്ദരേഖ ഒർജിനലെന്നും അന്വേഷണം നടത്തട്ടേയെന്നും പറഞ്ഞത് ജാനുവിന്റെ പാർട്ടിയുടെ ട്രഷറർ വീണ്ടും; ആദിവാസി നേതാവിന് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്ന് ബിജെപി; കേന്ദ്ര അന്വേഷണം വേണമെന്ന് സിപിഎം
കോഴിക്കോട്: സുൽത്താൻ ബത്തേരിയിൽ ഇത്തവണ ബിജെപി. സ്ഥാനാർത്ഥി ആയിരുന്ന സികെ. ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറയുമ്പോൾ വാദത്തിന് പുതിയ തലം വരികെയാണ്. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സി.കെ. ജാനുവിന് ഞാൻ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സി.കെ. ജാനു മത്സരിച്ച മണ്ഡലത്തിൽ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ട്. ആദിവാസി നേതാവായതുകൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതിനിടെ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി പ്രസീത അഴീക്കോട് വീണ്ടും രംഗത്തെത്തി. അഴീക്കോട്ടെ വീട്ടിൽ നിന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സി കെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോട് വീണ്ടും വെളിപ്പെടുത്തി. സി കെ ജാനുവിന് പണം കൈമാറിയത് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ വച്ചായിരുന്നുവെന്നും അവർ പറഞ്ഞു. സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തിയാണ് പണം കൈമാറിയത്.ഹോട്ടലിലേക്ക് പോകുന്നതിന് മുൻപ് സുരേന്ദ്രൻ വിളിച്ചു. ജാനു പത്ത് കോടി ആവശ്യപ്പെട്ട ചർച്ച നടന്നത് കോട്ടയത്ത് വച്ചായിരുന്നുവെന്നും പ്രസീത വ്യക്തമാക്കി.
ഇതിനോടൊപ്പം എസ് ടി കമ്മീഷൻ ചെയർപേഴ്‌സൺ സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത പറഞ്ഞു. നേരത്തെ പണമാവശ്യപ്പെട്ടുകൊണ്ട് പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി സംസാരിക്കുന്ന ശബ്ദ സന്ദേശവും പുറത്തായിരുന്നു. ഇത് സുരേന്ദ്രൻ നിഷേധിച്ചിരുന്നു. ഓഡിയോ ക്ലിപ്പ് കൃത്രിമമാണെന്നും പറഞ്ഞു. ശബ്ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാൾ മുകളിലുള്ള നേതാവിനെയൊ വിളിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കിൽ, ബിജെപി. നൽകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോൾ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും ഞങ്ങൾ തമ്മിലുണ്ട്. ഇപ്പോൾ പുറത്തുവന്ന ഓഡിയോ അവരുടെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണ്. പ്രസീത വിളിച്ചപ്പോൾ അനുഭാവപൂർമായി കാര്യങ്ങൾ കേട്ടു. സംഘടനാ സ്ഥാനത്തിരിക്കുമ്പോൾ ഇത്തരത്തിലുള്ള പലരും വിളിക്കും. ബിജെപി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറിയതെല്ലാം ഡിജിറ്റൽ ട്രാൻസാഷൻ മുഖേന വ്യവസ്ഥാപിത മാർഗത്തിലാണ്. ശബ്ദരേഖ മാത്രം കേട്ടുകൊണ്ട് കാര്യങ്ങൾ വിലയിരുത്താനാണ് നീക്കമെങ്കിൽ തനിക്ക് ഒന്നും പറയാനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ജാനു തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. സി.കെ. ജാനു ഞങ്ങളെ ആരെയും പണം ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവൻ ഓർത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഓഡിയോയിൽ നിന്ന് ആവശ്യമുള്ളകാര്യങ്ങൾ ഒഴിവാക്കാനാകും. എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയാണ്. അവരെയാണ് ആക്ഷേപിക്കുന്നത്. സുരേന്ദ്രൻ പറഞ്ഞു.
പത്ത് ലക്ഷം രൂപ നൽകിയാൽ സി.കെ. ജാനു സ്ഥാനാർത്ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ. സുരേന്ദ്രൻ മറുപടി നൽകുന്നതുമാണ് ഇന്നലെ പുറത്തുവന്ന സംഭാഷണത്തിലുണ്ടായിരുന്നത്.
കേന്ദ്രം അന്വേഷിക്കണമെന്ന് ഇപി ജയരാജൻ
സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്ത് ലക്ഷം കൊടുത്തുവെന്ന വെളിപ്പെടുത്തൽ കേന്ദ്രം അന്വേഷിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജൻ ആവശ്യപ്പെട്ടു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ പിണറായി സർക്കാരിനെ വേട്ടയാടാൻ
ഇവിടെ ഉണ്ടായിരുന്ന ഇ ഡി ഇപ്പോൾ എവിടെ പോയി.
പണത്തിന്റെ സ്രോതസും അന്വേഷിക്കണമെന്നും ഇ പി ജയരാജൻ കണ്ണൂരിൽ വ്യക്തമാക്കി. കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. അതേസമയം, കുഴൽപ്പണവും വോട്ടുവിറ്റ പണവുമാണ് ബിജെപി നേതാക്കളുടെ കയ്യിലുള്ളതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.. കണ്ണൂർ ഉൾപ്പെടെ എല്ലാ ജില്ലകളിലും കള്ളപ്പണമെത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ