- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം കൊടുത്തുവെന്ന് സുരേന്ദ്രൻ സമ്മതിക്കുന്നില്ല; വാങ്ങിയെന്ന് ജാനുവും പറയുന്നില്ല; ഇടനിലക്കാരിയെന്ന് സമ്മതിച്ച് പ്രസീതയും; ബത്തേരിയിലെ മത്സര കോഴയിൽ അഴിക്കോട്ടുകാരിയേയും പ്രതിയാക്കേണ്ടി വരും; പണം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിനൊപ്പം പ്രേരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് കുറ്റകൃത്യം; ബത്തേരിയിൽ കമ്മീഷൻ നിലപാട് നിർണ്ണായകമാകും
കൽപ്പറ്റ: സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ 50 ലക്ഷം രൂപ കോഴ നൽകിയെന്ന പരാതിയിൽ പ്രസീത അഴിക്കോടിനേയും പ്രതിയാക്കേണ്ടി വരും. കോഴ കൊടുത്തുവെന്ന് സുരേന്ദ്രൻ സമ്മതിച്ചിട്ടില്ല. വാങ്ങിയെന്ന് ജാനവും. എന്നാൽ പണം വാങ്ങി ജാനുവിനെ മത്സരിക്കുന്നതിന് സമ്മർദ്ദം ചെലുത്തിയെന്ന് പ്രസീത സമ്മതിച്ചിട്ടുണ്ട്. ഇതു ചെയ്യുന്നതും ഗുരുതര കുറ്റമാണ്. ഈ സാഹചര്യത്തിൽ പ്രസീതയും കേസിൽ കുടുങ്ങും.
ജാനുവിന് പത്ത് ലക്ഷം രൂപ സുരേന്ദ്രൻ കൊടുത്തുവെന്ന് വെളിപ്പെടുത്തിയത് പ്രസീതയാണ്. താനാണ് ഇടനിലക്കാരിയായി ചർച്ചകൾക്ക് നിന്നതെന്നും പ്രസീത സമ്മതിച്ചിട്ടുണ്ട്. സുരേന്ദ്രനുമായി നടത്തിയെന്ന് പറഞ്ഞ് പ്രസീത പുറത്തു വിട്ട ഓഡിയോയിലും ഇത് വ്യക്തമാണ്. എന്നാൽ ജാനുവിന് പണം നൽകിയിട്ടില്ലെന്ന് സുരേന്ദ്രൻ പറയുന്നു. തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണെന്ന് ജാനുവും. ഈ കേസ് കോടതിയിൽ എത്തുമ്പോൾ പ്രസീത പ്രതിയായില്ലെങ്കിൽ കേസ് നിലനിൽക്കില്ല. ഈ കേസുകളിൽ എല്ലാം ബിജെപി കരുതലോടെ നീങ്ങാനാണ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിഷയവും പരിശോധിച്ച് നിയമ നടപടികളും എടുക്കും.
നേരത്തെ കാസർഗോഡ് മഞ്ചേശ്വരത്ത് സുന്ദരയെ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതിന് സുരേന്ദ്രൻ കോഴ കൊടുത്തുവെന്ന ആരോപണവും ഉയർന്നു. പണം വാങ്ങി മത്സരത്തിൽ നിന്ന് പിന്മാറുന്നതും കുറ്റമാണ്. ഈ സാഹചര്യത്തിൽ സുന്ദരയും കുറ്റക്കാരനാണ്. ഇവിടേയും സുന്ദരയെ പ്രതിയാക്കിയിട്ടില്ല. ഇതിന് സമാനമാണ് ജാനുവിന് പണം കൊടുത്തുവെന്ന കേസും. പണം കൊടുത്തുവെന്നും വാങ്ങിയെന്നും സുരേന്ദ്രനും ജാനുവും സമ്മതിക്കാതിരിക്കുമ്പോൾ താൻ പണം ഇടപാടിന് ഇടനില നിന്നുവെന്ന് പ്രസീത സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രസീതയെ പ്രതിയാക്കാണം. വേണമെങ്കിൽ പിന്നീട് കേസിൽ മാപ്പുസാക്ഷിയാക്കാം. അല്ലാതെ പ്രതിയാക്കാതെ അന്വേഷണം മുമ്പോട്ട് പോകാൻ കഴിയില്ല.
ജാനു വിവാദത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ബത്തേരി പൊലീസ് കേസെടുത്തു. കൽപ്പറ്റ ജൂഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്. ജനാധിപത്യ രാഷ്ട്രീയപാർട്ടി മുൻ സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനെയും കേസിൽ പ്രതിചേർത്തു. ജാനുവിനെ എൻഡിഎയിലെത്തിക്കാനും ബത്തേരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനും രണ്ടുതവണയായി 50 ലക്ഷം രൂപ കോഴ നൽകിയെന്നാണ് പരാതി.
സംഭവം ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടതിനാലാണ് ബത്തേരി പൊലീസിനോട് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. മാർച്ച് ഏഴിന് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽവച്ച് ജാനുവിന് സുരേന്ദ്രൻ പണം കൈമാറിയെന്ന് ജെആർപി ട്രഷറർ പ്രസീത വെളിപ്പെടുത്തിയിരുന്നു. തെളിവായി ഫോൺസംഭാഷണവും ഇവർ പുറത്തുവിട്ടു. ഇതുകൂടി പരിഗണിച്ചാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. എന്നാൽ ഈ ഫോൺ സംഭാഷണത്തിൽ താൻ ഇടനിലക്കാരിയാണെന്ന് പ്രസീത സമ്മതിക്കുന്നുണ്ട്.
ഉറവിടം വെളിപ്പെടുത്താത്ത തുക പാരിതോഷികമായി നൽകിയെന്നും അത് സ്വീകരിച്ചുവെന്നുമാണ് കേസ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന്റെ പരിധിയിൽ വരും. അതാണ് പ്രതീതയ്ക്കും വിനയാകുന്നത്. പ്രസീതയെ പ്രതി തന്നെ ആക്കേണ്ടി വരും. അതിനിടെ സാക്ഷികളിൽനിന്ന് മൊഴിയെടുത്തശേഷം പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രസീതയെ പ്രതിയാക്കാതിരിക്കാൻ പൊലീസും പ്രത്യേകം ശ്രദ്ധിക്കും.
മഞ്ചേശ്വരത്ത് മത്സരത്തിൽനിന്ന് പിന്മാറാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയ്ക്ക് കൈക്കൂലി നൽകിയെന്ന കേസിലും സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണമുണ്ട്. അതിനിടെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് അഴിമതികളിൽ തെരഞ്ഞെടുപ്പ് കമീഷനും അന്വേഷണം തുടങ്ങി. ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ സംസ്ഥാന പൊലീസ് മേധാവിയോട് കേസുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടിയാലുടൻ ചീഫ് ഇലക്ടറൽ ഓഫീസർ സുരേന്ദ്രന് നോട്ടീസ് അയക്കും. ബത്തേരി വിഷയത്തിൽ പൊലീസിനോട് പ്രസീതയേയും പ്രതിയാക്കാനും കമ്മീഷൻ നിർദ്ദേശിക്കാൻ ഇടയുണ്ട്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന കേസ് തെളിഞ്ഞാൽ അഴിമതിവിരുദ്ധ നിയമപ്രകാരം ശിക്ഷിക്കാനാകുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. പൊലീസ് റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഓഫീസ് അറിയിച്ചു. ലോക്താന്ത്രിക് യുവജനതാദൾ ദേശീയ അധ്യക്ഷൻ സലിം മടവൂർ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിലാണ് നടപടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ കള്ളപ്പണം കടത്തിയെന്ന് പരാതിയിൽ പറഞ്ഞു. മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രിക പിൻവലിക്കാൻ കൈക്കൂലി നൽകി. എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ സി കെ ജാനുവിന് കൈക്കൂലി നൽകി. തെരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നു ലക്ഷ്യം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ