കോഴിക്കോട്: നൽകിയ വാഗ്ദാനങ്ങൾ എല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങിയപ്പോഴാണ് എൻഡിഎ സഖ്യത്തിൽ നിന്ന് സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ വിട്ടത്. സികെ ജാനു നേതൃത്വം നൽകുന്ന പാർട്ടി എൽഡിഎഫിലേക്ക് പോകുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിട്ട ജാനു ഇന്നാണ് പുതിയ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃസമ്മേളനത്തിലാണ് പുതിയ തീരുമാനം. ഇക്കാര്യം സംബന്ധിച്ച് എൽ.ഡി.എഫ് നേതാക്കളുമായി ചർച്ചകൾ നടത്തിയെന്ന് ജാനു വ്യക്തമാക്കി.

2016ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സികെ ജാനു ജനാധിപത്യ രാഷ്ടീയ സഭ രൂപീകരിച്ച് എൻഡിഎയുടെ സഖ്യകക്ഷിയായത്.ദേശീയ പട്ടികജാതി, പട്ടിക വർഗ കമ്മീഷനിലോ കേന്ദ്ര സർക്കാരിന്റെ ബോർഡ്, കോർപ്പറേഷനുകളിലോ അംഗത്വം നൽകുമെന്നായിരുന്നു ബിജെപി നേതൃത്വം ജാനുവിന് നൽകിയ വാക്ക്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ജാനുവിന് നൽകിയ വാഗ്ദാനം ഒന്നും പാലിച്ചിട്ടില്ല. ഇതേ തുടർന്നാണ് എൻ.ഡി.എ സഖ്യം ജാനു വിട്ടത്.

എൻഡിഎ സഖ്യം വിട്ട ശേഷം ഇരുമുന്നണികളുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് അവർ പ്രഖ്യാപിച്ചിരുന്നു.ബിജെപി ആദിവാസി സമൂഹത്തെ വഞ്ചിച്ചിരിക്കയാണ്. എൻഡിഎയുടെ ഭാഗമായാൽ ദേശീയ പട്ടികജാതി പട്ടിക വർഗ കമ്മിഷനിലോ കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും ബോർഡ്, കോർപറേഷനുകളിലോ സി.കെ.ജാനുവിന് അംഗത്വം നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം്.എന്നാൽ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ആദിവാസി ഗോത്രമഹാസഭാ നേതാവും മുത്തങ്ങ സമര നായികയുമായ സികെ ജാനു മൂന്നുവർഷം മുമ്പാണ് എൻഡിഎയോട് അടുത്തത്.

ഗീതാനന്ദൻ അടക്കമുള്ള ആദിവാസി നേതാക്കൾ ഇതിനെ എതിർത്തതോടെ സംഘടനയിൽ ഭിന്നിപ്പുണ്ടായി. സവർണ അജണ്ട പ്രചരിപ്പിക്കുന്ന ബിജെപിയുമായ സഖ്യമുണ്ടാക്കിയത് ആദിവാസി സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്ക് വിഘാതമാണെന്നാണ് ഗീതാനന്ദൻ ഉയർത്തിയ പ്രധാന വിമർശനം.തുടർന്നാണ് ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാർട്ടി സികെ ജാനു രൂപീകരിക്കുന്നത്. എന്നാൽ എൻഡിഎയിൽ യാതൊരു പരിഗണനയും കിട്ടാതായതോടെ അവർ മുന്നണി വിട്ടത്.