മുംബൈ: പൊലീസ് മർദനത്തെത്തുടർന്ന് മരിച്ച ശ്രീജിവിന്റെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിന് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സി.കെ.വിനീത് രംഗത്തെത്തി.നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. നീതി ലഭിക്കുന്നത് വരെ നമുക്ക് പോരാടാം എന്നായിരുന്നു വിനീത് പറഞ്ഞത്.

ഇന്നലെ മുംബൈക്കെതിരെ നടന്ന മൽസരത്തിന് ശേഷമാണ് വിനീത് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു മലയാളി താരം റിനോ ആന്റോയുമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഈ സമരത്തിൽ വിജയം നിങ്ങളുടെ കൂടെ ആയിരിക്കുമെന്നും വിനീത് പറയുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന്റെ രണ്ടാം പാദത്തിൽ ആദ്യ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന്റെ തകർപ്പൻ വിജയം നേടിയിരുന്നു.