തിരുനന്തപുരം; ഫോമില്ലായ്മയും അവസരങ്ങൾ നിരന്തരം പഴക്കുന്നു എന്നുമുള്ള ആരോപണം നിലനിൽക്കെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ രൂക്ഷമായി വിമർശിച്ച് മലയാളി താരം സികെ വിനീത് രംഗത്തെത്തി. ഈ സീസണു ശേഷം ക്ലബ് വിടുമെന്നും താരം 'ദി ഹിന്ദു'വിനു നൽകിയ അഭിമുഖത്തിൽ വ്യക്തനമാക്കി.

ഐഎസ്എല്ലിൽ ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിനു ശേഷം വിനീതിനെതിരെ കടുത്ത ആരാധകരോഷമുയർന്നിരുന്നു. മോശം ഫോമിനെ തുടർന്ന് മൈതാനത്ത് നിന്നും ആരാധകരുടെ കൂക്കിവിളികൾ നേരിട്ട താരത്തെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് വിനീതിന്റെ പ്രതികരണം.

''യഥാർത്ഥ ആരാധകർ ടീമിന്റെ നല്ലതും മോശവുമായ അവസ്ഥയിലും കൂടെ നിൽക്കുന്നവരായിരിക്കും. ഞാനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാനാണെങ്കിൽ അവർ തോറ്റാലും ജയിച്ചാലും അവരെ പിന്തുണക്കും. എന്നാൽ ഇവിടെ ചില ആരാധകർ എനിക്കെതിരെ വളരെ മോശമായാണു പ്രതികരിക്കുന്നത്. ഗോളടിച്ചതിനേക്കാൾ അവസരങ്ങൾ ഞാൻ തുലച്ചുവെന്നു സമ്മതിക്കുന്നു. അതു ഫുട്‌ബോളിൽ സാധാരണയാണ്.''

''മോശം പ്രകടനം കാഴ്ച വെക്കുമ്പോൾ കളിക്കാരന്റെ സമ്മർദ്ദം മനസിലാക്കി അവരെ പിന്തുണക്കുകയാണ് ആരാധകർ ചെയ്യേണ്ടത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ അതുണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ ഇവർ യഥാർത്ഥ ആരാധകരല്ലെന്നാണ് ഞാൻ കരുതുന്നത്. ഈ സീസണു ശേഷം ടീം വിടാനാണ് തീരുമാനം.'' വിനീത് പറഞ്ഞു.

നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും ടോപ് സ്‌കോററാണ് വിനീത്. ഈ സീസണിൽ ആദ്യ ഇലവനിലിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ടീമിനു വേണ്ടി ഗോൾ നേടിയിരുങ്കിലും അതിനു ശേഷം താരം നിറം മങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഒരു തുറന്ന അവസരം നഷ്ടപ്പെടുത്തിയതോടെയാണ് താരത്തിനെതിരെ പ്രതിഷേധം ശക്തമായത്.