കൊച്ചി: വീണ്ടും ആരാധകരോട് അഭ്യർത്ഥനയുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ കേരളാ താരം സികെ വിനീത്. ആരാധകരോട് വിമർശനം അതിരു കടക്കരുതെന്ന് സികെ വിനീത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുത്ത ഒരു പ്രെമോഷണൽ പരുപാടിക്കിടെയായിരുന്നു സംഭവം.ടീമിനെ വിമർശിക്കാനുള്ള എല്ലാ അവകാശവും ആരാധകർക്കുണ്ടെന്നും എന്നാൽ അതിര് വിടരുതെന്നും വിനീത് പറഞ്ഞു.

'നിങ്ങൾ ഞങ്ങളെ വിമർശിക്കണം. പാസിങ് മോശമാണെങ്കിൽ അത് പറയണം, ഗോൾ അടിക്കുന്നതിലാണ് മോശമെങ്കിൽ അത് പറയണം. വിമർശിക്കുന്നതിൽ സന്തോഷമേയുള്ളൂ. വിമർശിച്ചാലെ ഞങ്ങൾ നന്നാവൂ. പക്ഷെ വിമർശിക്കുന്നതിന് പകരം ഞങ്ങളുടെ തന്തക്കും തള്ളയ്ക്കും വിളിക്കരുത്. ഒരു കളിയും തോൽക്കാൻ വേണ്ടിയല്ല ഞങ്ങൾ കളിക്കുന്നത്'' വിനീത് പറഞ്ഞു.

നരത്തെയും ആരാധകർക്കെതിരെ വിമർശനവുമായി വിനീത് രംഗത്തെത്തിയിരുന്നു. ടീമിന്റെ വിഷമഘട്ടത്തിൽ കൂടെ നിൽക്കാത്തവർ നല്ല ആരാധകരല്ല വ്യാജന്മാരാണെന്നായിരുന്നു അന്ന് വിനീത് പറഞ്ഞത്. ഇതിനെതിരെ നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. അവസരങ്ങൾ നിരന്തരമായി പാഴാക്കിയതിലുള്ള നിരാശയിലായിരുന്നു താരത്തിനെതിരെ ആരാധകർ ആക്ഷേപ സ്വരങ്ങൾ ഉയർത്തിയത്. ഇതോടെ താരം അടുത്ത സീസണിൽ ടീം വിടുമെന്ന് അറിയിച്ചിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോശം കളിയിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ടൂർണമെന്റിൽ ഇതുവരെ ഒരു കളി മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനയത്. കഴിഞ്ഞ കളിയിൽ ചെന്നൈയ്ക്കെതിരേയം സമനില വഴങ്ങി. ജയം അകലെ നിൽക്കുന്നതിനേക്കാൾ ആരാധകരെ വേദനിക്കുന്നത് മോശം പ്രകടനാണ്. പാസിങ് പോലും കൃത്യമല്ലെന്നും പരിശീലകൻ ഡേവിഡ് ജെയിംസിനെ മാറ്റണമെന്നും ആരാധകർ തന്നെ പറയുന്നു.എട്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ കളിച്ചത്. ഇതിൽ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ കേരളത്തിന് പിന്നീട് ഒരിക്കൽ പോലും വിജയം നേടാൻ സാധിച്ചില്ല.