തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അഭിമാനതാരവുമായ മലയാളി സി.കെ. വിനീതിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി. അക്കൗണ്ട് ജനറൽ ഓഫീസി(ഏജീസ്)ന്റെ തിരുവനന്തപുരം വിഭാഗത്തിൽ ഓഡിറ്ററായ വിനീത് തുടർച്ചയായി ജോലിക്കു ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ നടപടി. വിതീതിനെ പിരിച്ചുവിടാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ ഏജീസിനു കത്തയച്ചിട്ടും ഫലം കണ്ടില്ല. ജോലിക്കു ഹാജരാകുന്നതിൽ വീഴ്ച വരുത്തിയ സി.കെ. വിനീതിന്റെ സർവീസ് മെയ്‌ ഏഴു മുതൽ മുൻകാല പ്രാബല്യത്തോടെ ടേർമിനേറ്റ് ചെയ്യുകയാണെന്ന് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.

2012ലായിരുന്നു സ്പോർട്ട് ക്വോട്ടയിൽ അക്കൗണ്ട് ജനറൽ ഓഫീസിൽ (ഏജീസ്) ഓഡിറ്ററായി വിനീത് ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ഏജീസ് ടീമിലും കളിച്ച വിനീത് ബംഗളൂരു എഫ്‌സിയിലും ദേശീയ ടീമിലും കളിക്കാനായി രണ്ട് വർഷത്തെ ലീവ് എടുക്കുകയായിരുന്നു. എന്നാൽ അവധി പൂർത്തിയായതിന് ശേഷവും വിനീത് ഓഫീസിൽ ഹാജരായിട്ടില്ല എന്നാണ് ഏജീസ് അധികൃതർ പറയുന്നത്. സ്പോർട്ട് ക്വോട്ടയിൽ ജോലി നേടിയ താരങ്ങൾ ആറ് മാസം ജോലിക്ക് ഹാജരാകണം എന്നതാണ് ഏജീസിന്റെ നിയമം. എന്നാൽ കളിയുടെ തിരക്കുകൾ കാരണം ഓഫീസിൽ കൃത്യമായി എത്താൻ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച പേപ്പറുകൾ താൻ ഓഫീസിന് നൽകിയിരുന്നുവെന്നും അവർ അത് സ്വീകരിക്കാതെ വന്നതോടെയാണ് തുടർന്ന് പേപ്പറുകൾ നൽകാതിരുന്നതെന്നും വിനീത് പറയുന്നു.

തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഓഡിറ്റർ ആയിട്ടായിരുന്നു വിനീതിന് നിയമം. ഏജീസ് ഫുട്ബോൾ ക്ലബ്ബിലെ താരമായി വളർന്ന വിനീത് പിന്നീട് ബംഗളൂരു എഫ്സിയുമായി കരാറിലേർപ്പെട്ടു. ബംഗളൂരുവിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവച്ച വിനീതിന് വളരെപ്പെട്ടന്നുതന്നെ ഇന്ത്യൻ ടീമിൽ ഇടംലഭിച്ചു. ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഇന്ത്യക്കുവേണ്ടി കളിക്കുന്ന മലയാളി താരങ്ങളിലൊരാളുമായി വിനീത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ വിനീതിനെതേടി ആരുമെത്തിയില്ല.

രണ്ടാം സീസണിൽ കേരളാബ്ലാസ്റ്റേഴ്സിൽ ഇടംപിടിച്ചുവെങ്കിലും റിസർവ് ബഞ്ചിൽ ഇരുത്തി അവഗണിച്ചു. മൂന്നാംസീസണിലാണ് വിനീതിന്റെ കഴിവ് ഇന്ത്യക്കാർ തിരിച്ചറിഞ്ഞത്. ആദ്യ മൂന്ന് മത്സരങ്ങളിൽ തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെയെത്തിച്ചത് വിനീതിന്റെ കാലുകളാണ്. നിർണായകമായ അഞ്ചുഗോളുകളാണ് ഈ 28 കാരൻ അഞ്ചു കളികളിൽ നേടിയത്. ഇതിൽ രണ്ടുകളികൾ വിനീതിന്റെ മാത്രം ഗോളുകളുടെ സഹായത്തോടെയാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

ഐഎസ്എല്ലിലെ മിന്നും പ്രകടനത്തിനുശേഷം വീണ്ടും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിനീത് കഴിഞ്ഞ കുറച്ചു മാസം ടീമിനൊപ്പം വിദേശപര്യടനത്തിലായിരുന്നു. അത് കഴിഞ്ഞെത്തിയപ്പോഴാണ് പിരിച്ചുവിടാനുള്ള നോട്ടീസ് ലഭിക്കുന്നത്. ഒരുവർഷം മുമ്പുതന്നെ വിനീതിനെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചിരുന്നതായാണ് സൂചന. ഏജീസ് ടീമിനെ ഉപേക്ഷിച്ച് ബംഗളൂരു എഫ്സിയുമായി കരാർ ഒപ്പിട്ടതോടെ വിനീതിനെതിരേ ചിലർ നീക്കങ്ങൾ ആരംഭിച്ചു. പ്രൊബേഷനിലായതിനാൽ വർഷത്തിൽ മൂന്നുമാസമാണ് ലീവ് അനുവദിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലും ബംഗളൂരു എഫ്സിയിലും കളിക്കുന്നതിനാൽ വിനീതിന് ഓഫീസിലെത്താൻ കഴിയാറില്ലായിരുന്നു എന്നതും വസ്തുതയാണ്.

ജോലിക്കുവേണ്ടി ഫുട്ബോളിനെ ഉപേക്ഷിക്കാൻ കഴിയില്ലെന്നാണ് സി കെ വിനീതിന്റെ നിലപാട്. കഴിയുന്നിടത്തോളം കാലം രാജ്യത്തിനുവേണ്ടി കളിക്കണമെന്നും ഇന്ത്യൻ ടീമിൽ ഇടംനേടാൻ കഴിഞ്ഞത് രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ അഭിമാനമുള്ളകാര്യമാണെന്നും വിനീത് പറയുന്നു.

കണ്ണൂർ സ്വദേശിയും സിപിഐ എം കുടുംബത്തിലെ അംഗവുമായ വിനീതിനെ കേന്ദ്രസർക്കാർ കൈവിട്ടാലും എൽഡിഎഫ് സർക്കാർ സംരക്ഷിക്കുമെന്നുതന്നെയാണ് സൂചന. എജീസ് ഓഫീസിലെ തൊഴിൽ നഷ്ടമായാൽ സംസ്ഥാന കായിക വകുപ്പിനുകീഴിൽ ജോലി നൽകി സംരക്ഷിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി ആർ ശ്രീജേഷ് പൊതുവിദ്യാഭ്യാസ വകുപ്പിൽ സർക്കാർ ജോലി നൽകിയിട്ടുണ്ട്.