ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിൽ പിളർപ്പ് ആസന്നമെന്ന് റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയിലെ പിളർപ്പ് ഒഴിവാക്കാൻ സഖ്യകക്ഷിയായ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും വി കെ ശശികലയുടെ കടുംപിടുത്തം പാർട്ടിയെ പിളർത്തും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.താനിപ്പോഴും പാർട്ടി ജനറൽ സെക്രട്ടറി തന്നെയാണെന്ന വാദമുയർത്തിയാണ് ശശികലയുടെ നീക്കങ്ങൾ. ഒന്നുകിൽ തന്റെ നേതൃത്വം അം​ഗീകരിക്കുക അല്ലെങ്കിൽ പാർട്ടിക്ക് പുറത്തേക്ക് പോകുക എന്ന സന്ദേശമാണ് അവർ ഒപിഎസ്- ഇപിഎസ് പക്ഷങ്ങൾക്ക് നൽകുന്നത്. പാർട്ടി ജനറൽ കൗൺസിൽ യോഗം വിളിക്കാനാണ് ശശികല ക്യാമ്പ് നീക്കം നടത്തുന്നത്.

പാർട്ടിയിലെ മുതിർന്ന നേതാക്കൾ ചർച്ചകൾക്ക് എത്തിയെങ്കിലും ശശികല കൂടിക്കാഴ്ചയ്ക്ക് തയാറായില്ല. വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയാണ് ശശികലയുടെ ഓരോ നീക്കവും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്താഴ്ച തമിഴ്‌നാട്ടിലെത്താനിരിക്കേ പിളർപ്പിലേക്ക് നീങ്ങരുതെന്നാണ് ബിജെപി ഭരണകക്ഷിക്ക് നൽകിയ നിർദ്ദേശം. ബിജെപി സമ്മർദ്ദങ്ങൾക്കൊടുവിൽ ശശികല പക്ഷവുമായി ലയന സാധ്യതയ്ക്ക് അണ്ണാഡിഎംകെ താൽപ്പര്യം അറിയിച്ചു. എന്നാൽ അണ്ണാഡിഎംകെ സെക്രട്ടറി യുവരാജ് ഉൾപ്പടെ കർണാടകയിലെ റിസോർട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല.

അനുനയ ചർച്ചകൾക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ശശികല പാർട്ടി ജനറൽ കൺസിൽ യോഗം വിളിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ ശശികലയെ പിന്തുണച്ച് ഒപിഎസ് പക്ഷത്തെ കൂടുതൽ പേർ രംഗത്തെത്തി. ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് പനീർസെൽവത്തിന്റെ തട്ടകമായ തേനിയിൽ ഉൾപ്പടെ പോസ്റ്റർ ഉയർന്നു. ചെന്നൈ മറീന ബീച്ചിലെ ജയസമാധിയിൽ ഉപവാസമിരുന്ന ശേഷം ശക്തിപ്രകടനത്തിനുള്ള ഒരുക്കവുമായി മുന്നോട്ടുപോവുകയാണ് ശശികല ക്യാമ്പ്.

ജയലളിതയുടെ മരണ ശേഷം, പാർട്ടി ജനറൽ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണു ശശികലയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പിന്നീട് ഒപിഎസ് കലാപക്കൊടി ഉയർത്തി. എടപ്പാടി മുഖ്യമന്ത്രിയായി. ശശികല ജയിലിലായി. ഇതോടെ, ബിജെപിയുടെ മധ്യസ്ഥതയിൽ ഒപിഎസും ഇപിഎസും ഒന്നിച്ചപ്പോൾ ശശികല പുറത്തായി.

2017 സെപ്റ്റംബറിൽ വിളിച്ചു ചേർത്ത ജനറൽ കൗൺസിൽ യോഗം ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ജനറൽ സെക്രട്ടറി പദവി ജയലളിതയ്ക്കുള്ള ആദരമായി നീക്കിവച്ചു. പാർട്ടി ഭരണത്തിനു പുതിയ സംവിധാനം കൊണ്ടുവന്നു. എന്നാൽ, ജനറൽ കൗൺസിൽ യോഗം വിളിക്കേണ്ടതു ജനറൽ സെക്രട്ടറിയാണെന്നും താൻ അറിയാതെ വിളിച്ച ജനറൽ കൗൺസിൽ യോഗം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു ശശികല ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇപ്പോഴും പരിഗണനയിലാണ്.