തിരുവനന്തപുരം: സർക്കാർ പണിയുന്ന നവോത്ഥാന വനിതാ മതിൽ വിഷയത്തെ ചൊല്ലി നിയമസഭയിൽ കയ്യാങ്കളി. ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് സഭയിൽ കയ്യാങ്കളി വരെ അറങ്ങേറിയത്. പി കെ ബഷീറും വി എസ് ജോയിയും തമ്മിലായിരുന്നു കയ്യാങ്കളി. എം കെ മുനീർ സഭയിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഭരണ പ്രതിക്ഷ ബഹളത്തെ തുടർന്ന് സഭ രണ്ട് തവണ നിർത്തിവെച്ചിരുന്നു. ഒടുവിൽ കയ്യാങ്കളിയിലേക്കും കാര്യങ്ങൾ എത്തിയതോടെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.

സി.പി.സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വർഗീയമതിലാണെന്ന എം.കെ.മുനീറിന്റെ പരാമർശമാണ് ബഹളത്തിനിടയാക്കിയത്. ജനങ്ങൾ ഈ മതിലിനെ തകർക്കുമെന്നും മുനീർ പറഞ്ഞു. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയംഗങ്ങൾ നടുത്തളത്തിനരികിലെത്തി പ്രതിഷേധിച്ചു. എന്നാൽ മുനീർ പരാമർശത്തിൽ ഉറച്ചു നിന്നു. ജനങ്ങൾ ഈ മതിലിനെ തകർക്കുമെന്നും മുനീർ പറഞ്ഞു. വർഗീയതയെന്നത് വൈകാരികമായ വാക്കാണെന്നും പരാമർശം സഭാരേഖകളിൽ ഉണ്ടാവില്ലെന്നും സ്പീക്കർ അറിയിച്ചു. എന്നാൽ വാക്കു പിൻവലിക്കില്ലെന്നും പറയാനുള്ളതു പറഞ്ഞിട്ടേ പോകൂ എന്നും മുനീർ വ്യക്തമാക്കി.

ഇതോടെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയംഗങ്ങൾ നടുത്തളത്തിനരികിലെത്തി പ്രതിഷേധിച്ചു. തുടർന്ന് സഭ താൽക്കാലികമായി നിർത്തി വച്ചു. പിന്നീട് സഭ പുനരാരംഭിച്ചെങ്കിലും ബഹളം തുടർന്നു. വർഗീയതയെന്നത് വൈകാരികമായ വാക്കാണെന്നും പരാമർശം സഭാരേഖകളിൽ ഉണ്ടാവില്ലെന്നും സ്പീക്കർ അറിയിച്ചു. ഇതിനിടെ യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹസമരം നടത്തിയതും അവസാനിപ്പിച്ചു.

ഇന്ന് സഭ തുടങ്ങിയപ്പോൾ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം, സുഗമമായ തീർത്ഥാടനം ഉറപ്പാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം തുടരുകയായിരുന്നു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. അതേസമയം വനിതാ മതിൽ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം രംഗത്തെത്തി. അടിയന്തര പ്രമേയം അനുവദിക്കരുതെന്ന് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടു. തുല്യനീതിക്കായാണ് വനിതാമതിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കാനുള്ള അഭിമാന മതിലാണ് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് വനിതാ സംഘടനകളെയും വനിതാമതിലിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി വനിതാ മതിൽ എങ്ങനെ വർഗീയമാകുമെന്നും ചോദിച്ചു. ശബരിമല വിധിയിൽ ഒരു വിഭാഗം നടത്തിയ ഇടപെടൽ നവോത്ഥാനം തകർക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി. രാഷ്ട്രീയവിയോജിപ്പ് നിലനിൽക്കെ, തന്റെ അനുമതിയില്ലാതെ പ്രധാനചുമതല നൽകിയതിനെതിരെ ചെന്നിത്തല പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടർ എസ് സുഹാസിനെ ചെന്നിത്തല ഫോണിൽ വിളിച്ച് വിവരം ആരായുകയും ചെയ്തു. തുടർന്ന് കളക്ടർ ഇടപെട്ട് ചെന്നിത്തലയുടെ പേര് മുഖ്യരക്ഷാധികാരിസ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് ആലപ്പുഴ കളക്ടറേറ്റിൽ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേകയോഗത്തിലാണ് ജില്ലയിൽനിന്നുള്ള ജനപ്രതിനിധിയെന്ന നിലയിൽ ചെന്നിത്തലയെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരിയാക്കിയത്.