- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംഘുവിൽ സംഘർഷം; കർഷകർ പിരിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് മുഖംമൂടി ധരിച്ചെത്തിയ സംഘം ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചു; മുദ്രാവാക്യം വിളികളുമായി ചെറുത്തു നിന്നും കർഷകർ; ഇരുവിഭാഗവും ചേരിതിരിഞ്ഞു നിൽക്കുന്നു; പരസ്പ്പരം കല്ലെറിഞ്ഞു; സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് പൊലീസ്
ന്യൂഡൽഹി: കർഷക സമരവേദിയായ സിംഘുവിൽ സംഘർഷം. അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ ഒഴിപ്പിക്കാൻ എത്തിയ ഒരു സംഘം കർഷകരുടെ ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മുഖം മൂടി ധരിച്ചെത്തിയ സംഘം കർഷകർ താമസിക്കുന്ന ടെന്റ് പൊളിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്.
പ്രദേശത്ത് സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞുപോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം പേർ വരുന്ന സംഘം കർഷകരെ നേരിടാനെത്തിയത്. ഇതിനെ തുടർന്ന് കർഷകരും പ്രതിഷേധവുമായെത്തിയ വരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കർഷകർ മേഖലയിൽ സമരം ചെയ്യുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് പ്രദേശവാസികൾ എന്നവകാശപ്പെട്ടെത്തിയവർ ആരോപിക്കുന്നത്. പ്രതിഷേധവുമായെത്തിയവർ കർഷകർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. കർഷക സംഘടനകൾ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്നും ദേശീയ പതാകയെ അപമാനിച്ചെന്നും ഇവർ ആരോപിക്കുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലനിൽക്കുന്നുണ്ട്.
കർഷകരുടെ ടെന്റുകൾ പൊളിച്ചുനീക്കാനും അവർ ശ്രമിച്ചു. ഇത് കർഷകർ ചെറുത്തതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. കർഷക സമരത്തെ നേരിടാൻ കേന്ദ്രസർക്കാർ ആർ.എസ്.എസുമായി ബന്ധമുള്ളവരെ അയയ്ക്കുന്നതായി സമരം ചെയ്യുന്ന കർഷക സംഘടനയായ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെ.എം.എസ്.സി) ഇന്ന് ആരോപിച്ചിരുന്നു. ഇവരെ ഉപയോഗിച്ച് കർഷക സമര വേദയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കെ.എം.എസ്.സി നേതാവ് സത്നാം സിങ് പന്നു പറഞ്ഞിരുന്നു.
'ഞങ്ങളുടെ സമരത്തെ സംഘർഷത്തിലേക്ക് നയിക്കാൻ മോദി സർക്കാർ പല വിലകുറഞ്ഞ തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. സമര സ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കാൻ ആർഎസ്എസുകാരെ അയയ്ക്കുന്നു. കഴിഞ്ഞ ദിവസം രണ്ടു തവണ അവർ അതിന് ശ്രമിച്ചു', സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന സത്നാം സിങ് വെള്ളിയാഴ്ച പറഞ്ഞു. ഗസ്സിപുരിൽനിന്ന് കർഷകരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ശ്രമം ഇന്നലെ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. എന്നാൽ കർഷകർ ഉറച്ചുനിന്നതോടെ പൊലീസിന് പിൻവാങ്ങേണ്ടിവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ