സിഫ് അലി നായകനാകുന്ന ബി.ടെക്ക് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സംഘർഷം. സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ മർദ്ദിച്ചതായാണ് വിവരം. ബംഗളുരുവിലെ സിനിമാ ലൊക്കേഷനിലാണ് സംഘർഷം നടന്നത്.

കോളേജ് വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള ലാത്തിച്ചാർജ് ചിത്രീകരിക്കുന്നതിനിടെ ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയം മറന്ന് യഥാർത്ഥമാകുകയായിരുന്നു.ഇതാണ് സംഘർഷത്തിന്റെ കാരണം. ലാത്തിയായി ഉപയോഗിക്കാൻ നല്കിയ വടി ഉപയോഗിച്ചാണ് പൊലീസുകാരായിട്ട് അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾ താരങ്ങളെ അടിച്ചത്. ബാംഗ്ല്‌ളൂരുവിൽ നിന്നെത്ത്തിയ 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ അഭിനയം മറന്ന് അടി യാഥാത്ഥ്യമാക്കിയപ്പോൾ ആസിഫിനും സൈജു കുറുപ്പിനും അപർണയ്ക്കുമൊക്കെ തല്ല് കിട്ടിയതായാണ് റിപ്പോർട്ട്.

അഭിനയം കാര്യമായതോടെ തല്ല് കിട്ടിയ താരങ്ങൾ ജൂനിയർ ആർട്ടിസ്റ്റുകളോട് ചൂടായതോടെ ഇവർ കൂടുതൽ പ്രകോപിതരാകുകയായിരുന്നു. കർണാടക സ്വദേശികളായ അഭിനേതാക്കളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിയാതിരുന്നതാണ് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കിയതെന്നും സൂചനയുണ്ട്. ആസിഫ് അലി, അപർണ ബാലമുരളി, അജു വർഗീസ്, സൈജു കുറുപ്പ്, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളാണ് സംഭവ സമയം ലൊക്കേഷനിലുണ്ടായിരുന്നത്.

ലാത്തിച്ചാർജ്ജ് സംഘർഷത്തിൽ കലാശിച്ചതൊടെ സംവിധായകൻ ഷൂട്ടിങ് നിർത്തിവെച്ചു. സംഭവത്തിനു ശേഷം ജൂനിയർ ആർട്ടിസ്റ്റുകളോട് സംവിധായകൻ ദേഷ്യപ്പെട്ടു. ഇതോടെ അവർ ഷൂട്ടിങ് ലൊക്കേഷനിലെ വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. നവാഗതനായ മൃദുൽ നായരാണ് ചിത്രത്തിന്റെ സംവിധായകൻ.