- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണക്കിഴി വിവാദത്തിൽ നഗരസഭാ അധ്യക്ഷയുടെ മുറിയുടെ പൂട്ട് തകർത്തു; പൂട്ട് നന്നാക്കാൻ ചെലവായ തുകയെച്ചൊല്ലിയും തർക്കം; തൃക്കാക്കര നഗരസഭയിൽ കയ്യാങ്കളി; ചെയർപേഴ്സണും ഭരണ-പ്രതിപക്ഷ കൗൺസിലർമാർക്കും പരിക്കേറ്റു
കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. നഗരസഭാധ്യക്ഷയുടെ മുറിയുടെ പൂട്ട് നന്നാക്കാൻ ചെലവായ തുകയെച്ചൊല്ലിയാണ് കയ്യാങ്കളി അരങ്ങേറിയത്.
പൂട്ട് നന്നാക്കാൻ ചെലവായ തുക നഗരസഭ വഹിക്കണമെന്ന ആവശ്യത്തെ പ്രതിപക്ഷം എതിർത്തതോടെ കൗൺസിൽ യോഗം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ചെയർപേഴ്സൺ അജിതാ തങ്കപ്പൻ അടക്കമുള്ളവർക്ക് പരിക്കേറ്റു. രാവിലെ ചേർന്ന കൗൺസിൽ യോഗത്തിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.
നേരത്തെ പണക്കിഴി വിവാദത്തെച്ചൊല്ലി നടന്ന സമരങ്ങൾക്കിടെയാണ് മുറിയുടെ പൂട്ട് തകർന്നത്. ഈ പൂട്ട് ശരിയാക്കാൻ എണ്ണായിരം രൂപ ചെലവായെന്ന് നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാരെ അറിയിച്ചു. ഈ തുക നഗരസഭയുടെ കണക്കിൽ എഴുതണമെന്നും പറഞ്ഞു. ഇതോടെ ഇടത് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പൂട്ട് തകർന്നത് ഓണക്കിഴി വിവാദത്തിനിടെയാണ്. വിവാദം കത്തി നിൽക്കെ ചെയ്ർപേഴ്സൻ അജിത തങ്കപ്പൻ അന്ന് മുറിപൂട്ടി പോയിരുന്നു. പിന്നെ തുറക്കാനായില്ല. ഒടുവിൽ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.
വിജിലൻസ് പൂട്ടിയ മുറിയുടെ പൂട്ട് തകർത്തത് കോൺഗ്രസ് കൗൺസിലർമാരാണെന്നും അതിന് ചെലവായ തുക നഗരസഭയുടെ കണക്കിൽപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.
പൂട്ട് തകർത്തത് ചെയർപേഴ്സൺ തന്നെയാണെന്നും അതിന്റെ ചെലവ് നഗരസഭ അക്കൗണ്ടിൽ നിന്ന് ഈടാക്കാനാകില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം നൽകിയ കേസ് പൊലീസ് പരിഗണനയിലുമാണ്. എന്നാൽ പ്രതിപക്ഷം തന്നെയാണ് തന്റെ ക്യാബിനിന്റെ പൂട്ടിന് കേട്പാട് വരുത്തിയതെന്നും തന്നെ പിന്തുടർന്ന് വേട്ടയാടുകയാണെന്നും അജിത തങ്കപ്പൻ പറഞ്ഞു.
പ്രതിപക്ഷ കൗൺസിലർമാർ തന്നെ ക്രൂരമായി മർദിച്ചെന്നാണ് അധ്യക്ഷയായ അജിത തങ്കപ്പന്റെ ആരോപണം. ഡയസിൽ കയറിവന്നാണ് അടിച്ചതെന്നും അടിയേറ്റ് നിലത്തുവീണെന്നും അധ്യക്ഷ പറഞ്ഞു. അതേസമയം, ഭരണപക്ഷത്തെ കൗൺസിലർമാർ മർദിച്ചെന്ന് പ്രതിപക്ഷവും ആരോപിച്ചു.
സ്ഥിരം സംഘർഷവേദിയായ തൃക്കാക്കര നഗരസഭയ്ക്ക് കൗൺസിൽ വിളിക്കാൻ ഹൈക്കോടതി പൊലീസ് പ്രൊട്ടക്ഷൻ അനുവദിച്ചിട്ടുണ്ട്. ഇതൊക്കെ നിലനിൽക്കെയാണ് പൂട്ടിനെചൊല്ലിയുള്ള അടിപിടി. സംഭവത്തിൽ ഭരണ പ്രതിപക്ഷത്തെ 6 കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടി.
മറുനാടന് മലയാളി ബ്യൂറോ