ജെറുസലേമില പഴയ നഗരം കഴിഞ്ഞ രണ്ടാഴ്ചയായി സംഘർഷഭരിതമാണ്. ഇവിടുത്തെ അൽ അഖ്‌സ മോസ്‌കിനെ ചൊല്ലിയാണ് ഇവിടെ ആക്രമണം പെരുകിയിരിക്കുന്നത്. ഇവിടെ കല്ലേറുമായിട്ടാണ് ഇസ്ലാമിക വിശ്വാസികൾ രംഗത്തെത്തിയിരിക്കുന്നത്. ഇവരെ നേരിടുന്നതിനായി വെടിവയ്പും ഗ്രനേഡ് പ്രയോഗവുമായി ഇസ്രയേൽ പൊലീസും സജീവമാണ്. അതിനിടെ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതയുദ്ധമെന്ന മുന്നറിയിപ്പുമായി അറബ് ലീഗ് മുന്നോട്ട് വന്നിട്ടുണ്ട്.

ഇസ്രയേലി സുരക്ഷാ മാനദണ്ഡങ്ങളിൽ വിശ്വാസമില്ലെന്ന പേരിൽ കഴിഞ്ഞ 11 ദിവസങ്ങളായി മുസ്ലീങ്ങൾ ഇവിടെ പ്രാർത്ഥിക്കാനെത്തിയിരുന്നില്ല. അതിന് ശേഷം ഇന്നലെ ഫലസ്തീനികൾ ഇവിടേക്ക് പ്രാർത്ഥിക്കാനെത്തിയതിനെ തുടർന്നായിരുന്നു സംഘർഷം രൂക്ഷമായിത്തീർന്നത്. മതയുദ്ധത്തിന് തിരികൊളുത്തിക്കൊണ്ട് ഇസ്രയേൽ സെൻസിറ്റീവായ ജെറുസലേമിലെ മതപരമായ കേന്ദ്രങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാണ് വ്യാഴാഴ്ച അറബ് ലീഗ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഹറാം അൽഷെരീഫ് കോമ്പൗണ്ടിന്റെ ഒരു ഗേറ്റ് ഇസ്രയേലി സേന അടച്ചതിനെ തുടർന്നാണ് ഇവിടുത്തെ സംഘർഷം വർധിച്ചിരിക്കുന്നതെന്നാണ് റെഡ് ക്രസന്റ് വെളിപ്പെടുത്തുന്നത്.

ഹറാം അൽഷെരീഫിനെ യഹൂദന്മാർ ടെമ്പിൾ മൗണ്ടായിട്ടാണ് കണക്കാക്കുന്നത്. ഇവിടേക്ക് വൻ തോതിൽ വിശ്വാസികൾ പ്രാർത്ഥിക്കാനെത്തിയത് തിക്കും തിരക്കിനും സംഘർഷത്തിനും വഴിയൊരുക്കിയെന്നും റെഡ് ക്രസന്റ് പറയുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഘത്തിൽ 37 ഫലസ്തീനികൾക്ക് റബർ ബുള്ളറ്റുകൾ, ലാത്തിയടി എന്നിവയേറ്റ് മുറിവേറ്റിരുന്നുവെന്നാണ് എയ്ഡ് ചാരിറ്റി വിശദീകരിക്കുന്നത്. ചിലരുടെ എല്ലുകൾ പൊട്ടുകയും ചെയ്തിരുന്നു. ഈ മോസ്‌കിൽ അടുത്തിടെ ഇസ്രയേൽ മെറ്റൽ ഡിറ്റെക്ടറുകൾ, സർവയ്‌ലൻസ് ക്യാമറകൾ എന്നിവയടക്കമുള്ള ചില പുതിയ സെക്യൂരിറ്റി മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇസ്രയേലി ഫലസ്തീൻ ഈ മോസ്‌കിനെ ചുറ്റിപ്പറ്റി അടുത്ത കാലത്തായി ഉയർന്ന് വന്നിരിക്കുന്നത്. തുടർന്ന് ഇവ ഇസ്രയേൽ നീക്കം ചെയ്‌തെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിന് അയവ് വന്നിട്ടില്ല. ഇസ്രയേലി അറബുകൾ ഈ സൈറ്റിൽ വച്ച് രണ്ട് പൊലീസ് ഓഫീസർമാരെ വെടിവച്ച് കൊന്നതിന് ശേഷമായിരുന്നു ഇസ്രയേൽ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തിയിരുന്നത്. ഈ സൈറ്റിന് മേൽ നിയന്ത്രണം വർധിപ്പിക്കാൻ ഇസ്രയേൽ നടത്തുന്ന നീക്കമായിട്ടാണ് ഫലസ്തീനികൾ ഇതിനെ കാണുന്നത്. അൽ അഖ്‌സ മോസ്‌കിന് പുറമെ ഈ കോമ്പൗണ്ടിൽ ഡോം ഓഫ് റോക്കും സ്ഥിതി ചെയ്യുന്നുണ്ട്. ഇസ്രാലേയിന്റെ സുരക്ഷാ ക്രമീകരണത്തിൽ പ്രതിഷേധിച്ച് ഫലസ്തീനികൾ ജെറുസലേമിലെ തെരുവുകളിൽ പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.

ഇസ്രയേലിന്റെ നടപടികൾ മതയുദ്ധം വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന മുന്നറിയിപ്പുമായി അറബ് ലീഗ് ചീഫായ അഹമ്മദ് അബ്ദുൾ ഘെയ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. ഈ സൈറ്റ് മുസ്ലീങ്ങൾ ബഹിഷ്‌കരിക്കാൻ തുടങ്ങയതോടെയാണ് ഇസ്രയേൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നീക്കംചെയ്തിരുന്നത്. ജൂലൈ 14ന് പൊലീസുകാരെ കൊന്ന ആക്രമികൾ സൈറ്റിലേക്ക് തോക്ക് കൊണ്ട് വന്നിരുന്നുവെന്നും അതിനാലാണ് ഇവിടെ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതമായതെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം.