ലണ്ടൻ: റിപ്പബ്ലിക്ക് ദിനത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്തിന് മുന്നിൽ സംഘർഷം. പാക് വംശജനായ നാസിർ അഹമ്മദ് പ്രഭു കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രസംഗമാണ് സംഘർഷത്തിന് വഴിവെച്ചത്. കാശ്മീരിനും ഖലിസ്താനും സ്വാതന്ത്ര്യമാവശ്യപ്പെട്ട് നൂറുകണക്കിന് പാക്കിസ്ഥാൻകാരാണ് എംബസ്സിക്ക് മുന്നിലേക്ക് പ്രകടനം നടത്തിയത്.

ഇതേത്തുടർന്ന് വന്ദേമാതരം വിളികളുമായി ആയിരത്തോളം വരുന്ന ഇന്ത്യക്കാരും ബ്രിട്ടീഷ് ഗ്രൂപ്പുകളും എതിർ പ്രതിഷേധവുമായി രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. പാക്കിസ്ഥാനുവേണ്ടി വാദിച്ചുകൊണ്ട് ബ്രിട്ടീഷ് സംവിധാനത്തെയാണ് നസീർ അഹമ്മദ് ചോദ്യം ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പാക്കിസ്ഥാന്റെ വാദങ്ങളാണ് നാസിർ ഉയർത്തുന്നതെന്നും അവർ പറഞ്ഞു.

ജമ്മു കാശ്മീരിന്റെയും പഞ്ചാബിന്റെയും സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല നാസിർ വാദിക്കേണ്ടതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. മറിച്ച് പാക്കിസ്ഥാനെ ഭീകരരിൽനിന്ന് മോചിപ്പിക്കാനാണ് അവർ ശ്രമിക്കേണ്ടത്. ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽനിന്ന് പാക്കിസ്ഥാൻ പിന്മാറുകയാണ് വേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു.

എന്നാൽ, എംബസ്സിക്ക് മുന്നിൽ സമാധാനപരമായി നടത്തിയ ബ്ലാക്ക് ഡേ പ്രൊട്ടസ്റ്റിനെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് നാസിർ ട്വിറ്ററിലൂടെ ആരോപിച്ചു. വാടയക്കെടുത്ത ഗുണ്ടകളാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ കാശ്മീർ വിടണമെന്നും കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നും ഖലിസ്താൻ സിന്ദാബാദെന്നും രേഖപ്പെടുത്തിയ ബോർഡുകളുമായാണ് നാസിറും സംഘവും എംബസ്സിക്ക് മുന്നിൽ പ്രകടനം നടത്തിയത്.