ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂർ കീഴ്‌ചേരിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ കിലാച്ചേരിയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളായ സേക്രഡ് ഹാർട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

രാവിലെ സ്‌കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ വിദ്യാർത്ഥിനി എത്താത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ഹോസ്റ്റൽ ജീവനക്കാരെ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

തിരുത്തണി തെക്കളൂർ സ്വദേശികളായ പൂസനംമുരുകമ്മാൾ ദമ്പതികളുടെ മകളായ പി. സരള (17)ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സരള. പോസ്റ്റുമോർട്ടം നടപടികൾക്കായി പെൺകുട്ടിയുടെ മൃതദേഹം തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച സരള അവർ ഭക്ഷണം കഴിക്കാൻ പോയ സമയം ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതായാണ് പറയപ്പെടുന്നത്. എന്നാൽ വിഷം കഴിച്ചാണ് സരള മരിച്ചതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറി. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാര്യങ്ങളൊന്നും ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡി.ഐ.ജി. എം. സത്യപ്രിയ, തിരുവള്ളൂർ എസ്‌പി. സെഫാസ് കല്യാൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പെൺകുട്ടി മരിച്ച വിവരമറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിന് മുന്നിൽ തടിച്ചുകൂടി. ഇവർ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് കള്ളക്കുറിച്ചിയിലെ സ്‌കൂളിലും പ്ലസ്ടു വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതേത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ ജൂലായ് 17-ന് സ്‌കൂളിന് നേരേ വൻ ആക്രമണവുമുണ്ടായി. സംഭവം വിവാദമായതോടെ പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.

വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വകാര്യ സ്‌കൂൾ തകർക്കുകയും നിരവധി സ്‌കൂൾ ബസുകൾ കത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നം കൈകാര്യം ചെയ്തതിൽ പൊലീസ് വീഴ്ചയുണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവള്ളൂർ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്.