- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി തടഞ്ഞു സമരം ചെയ്ത എംഎൽഎക്ക് ക്ലീൻചിറ്റ്, തടസ്സം നീക്കാൻ ഇടപെട്ട എസ്ഐക്ക് സ്ഥലം മാറ്റവും! സമരത്തിൽ ആക്രമണത്തിന് വഴിവെച്ചത് എ രാജയുടെ ഇടപെടൽ എങ്കിലും എഫ്ഐആറിൽ പേരില്ല; പ്രതി സ്ഥാനത്ത് സമരത്തിനെത്തിയ അഞ്ച് പേർ മാത്രം; പൊലീസിനും നീതി കിട്ടുന്നില്ലെന്ന് ആക്ഷേപം
മൂന്നാർ: എസ് ഐ എം പി സാഗറിന്റെ സ്ഥലം മാറ്റത്തിന് വഴിതെളിച്ച മൂന്നാർ സംഘർഷത്തിൽ അഡ്വ. എ രാജ എംഎൽഎയ്ക്ക് ക്ലീൻ ചീറ്റ് നൽകി പൊലീസിന്റെ എഫ് ഐ ആർ. കഴിഞ്ഞ മാസം 29-ന് നടത്തിയ റോഡ് ഉപരോധവുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സമരപരിപാടിയിൽ സജീവ സാന്നിദ്ധ്യമായിരുന്നു എംഎൽഎ. എന്നാൽ കേസിന്റെ എഫ് ഐ ആറിൽ എംഎൽഎയുടെ പേരില്ല. എഫ് ഐ ആറിൽ പ്രതിസ്ഥാനത്തുള്ളത് സമര പരിപാടിക്കെത്തിയ 5 പേർ മാത്രം.
സംഘർഷത്തിൽ അന്നത്തെ എസ് ഐ എം പി സാഗർ, സിപിഒ സമദ് എന്നിവർക്ക് പരിക്കേറ്റിരുന്നു. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും ആക്രമിച്ചെന്നും കാണിച്ച് സി ഐ മനേഷ് പൗലോസ് സംഭവത്തിൽ സ്വമേധയ കേസെടുക്കുകയായിരുന്നു. എം എൽ എ യെ കൈയേറ്റം ചെയ്തെന്നാരോപിച്ച് എസ് ഐയ്ക്കെതിരെ പാർട്ടി നേതൃത്വം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. എം എൽ എയും ഏതാനും പാർട്ടി പ്രവർത്തകരും ആശുപത്രിയിൽ ആഡ്മിറ്റായി ചികത്സ തേടുകയും ചെയ്തിരുന്നു. താമസിയാതെ എസ് ഐയെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവും ഇറങ്ങി.
റോഡ് ഉപരോധത്തിനിറങ്ങിയ സി പി എം പ്രവർത്തകരെ നീക്കുന്നതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിൽ പാർട്ടിക്കാരിൽ ചിലർ പൊലീസിനെ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. എസ് ഐ യുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റിരുന്നു. സിപിഒ സമദും എസ് ഐ എം പി സാഗറും ടാറ്റാ ആശുപത്രിയിൽ ചികത്സ തേടുകയും ചെയ്തു. ഇവർ ആശുപത്രിയിൽ ചികത്സയിൽ കഴിയുന്നതായുള്ള ഇന്റിമേഷൻ സംഭവ ദിവസം വൈകുന്നേരത്തോടെ സ്റ്റേഷനിൽ ലഭിച്ചതായിട്ടാണ് സൂചന.
ഇതുപ്രകാരം എസ് ഐയുടെയും സി പി ഒ സമദിന്റെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സമരപരിപാടിയക്കിടെ അക്രമം ഉണ്ടാവാൻ എം എൽ എ യുടെ ഇടപെടലും കാരണമായതായി ഇവർ മൊഴിയിൽ വ്യക്തമാക്കിയിരുന്നെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തിൽ എം എൽ എ യെ ഒഴിവാക്കി എഫ് ഐ ആർ തയ്യാറാക്കിയത് കേസിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
സമരപരിപാടിയിൽ പങ്കെടുത്ത പ്രവർത്തകർക്കൊപ്പം എം എൽ എ പൊലീസിനോട് തട്ടിക്കയറുകയും തള്ളിമാറ്റാൻ ശ്രമിയക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സി ഐ മനേഷ് പൗലോസ് സ്വമേധയ എടുത്ത കേസിന്റെ എഫ് ഐ ആറിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. മൂന്നാർ സ്വദേശികളായി മുരുകൻ 48 ,കൃഷ്ണൻ 49 ,സ്റ്റാലിൻ 51 ,ഈശ്വരൻ 52 ,രാജൻ 49 എന്നിവരാണ് സംഭവം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.ഇവരിൽ ചിലർ പിന്നീട് സ്റ്റേഷനിൽ പല ആവശ്യങ്ങൾക്കായി എത്തിയെങ്കിലും പൊലീസ് അറസ്റ്റുചെയ്യാൻ തയ്യാറായില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മൂന്നാർ ഡി വൈ എസ് പിയാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.നിലവിൽ നടന്നുവരുന്ന അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ ഫലമായിട്ടാണ് എം എൽ എ യെ എഫ് ഐ ആറിൽ നിന്ന് ഒഴിവാക്കിയതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സി ഐ സ്വമേധയ(സുമോട്ടോ)കേസെടുള്ളതിനാൽ സർക്കാർ വാദിയായിട്ടാണ് കേസ് കേടതിയിൽ എത്തുക.ഇത് ആവശ്യമെങ്കിൽ സർക്കാരിന് പിൻവലിക്കാം.എസ് ഐ യുടെയും സി പി ഒ സമദിന്റെയും മൊഴി പ്രകാരമാണ് പേലീസ് സംഭവത്തിൽ കേസെടുക്കേണ്ടിയിരുന്നതെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
ഇത്തരത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ പ്രതിസ്ഥാനത്തുള്ളവർ വിചാരണ നേരിടണം.സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തെളിവായി ഈ വീഡിയോ ദൃശ്യം പൊലീസ് കോടതിയിൽ സമർപ്പിച്ചാൽ പ്രതികൾക്ക് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.ഈ സാഹചര്യം ഒഴിവാക്കാൻ പൊലീസ് ബോധപൂർവ്വം സുമോട്ടോ കേസ് എടുക്കുകയായിരുന്നെന്നാണ് ഇവരിൽ ഒട്ടുമിക്കവരുടെയും നിഗമനം.
സംഭവദിവസം തന്നെ പരിക്കേറ്റ് ടാറ്റ് ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന എസ് ഐ യുടെയും സി പി ഒ യുടെയും മൊഴിയെടുക്കൽ പൂർത്തിയായിരുന്നെന്നാണ് സൂചന.എന്നിട്ടും സുമോട്ടോ കേസ് എടുക്കേണ്ട സാഹചര്യം എങ്ങിനെ സംജാതമായി എന്ന കാര്യത്തിൽ സേനയ്ക്കുള്ളിൽ ഉള്ളവർക്കുപോലും ഒരു എത്തും പിടിയും ഇല്ലന്നുള്ളതാണ് നിലവിലെ സ്ഥിതി. കേസ് അന്വേഷണം പൂർത്തിയായിട്ടില്ലന്നും കുറ്റപത്രത്തിൽ എം എൽ എയുടെ പേര് ഉൾപ്പെടുത്താവുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും മറ്റുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്.ഒരു വാദഗതിക്ക് പറയുന്നതല്ലാതെ ഇത് നടപ്പിലാവാൻ സാധ്യതയില്ലെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നത്.
സേനയിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് മൂന്നാർ സംഘർഷവുമായി ബന്ധപ്പെട്ട് രജസ്റ്റർ ചെയ്ത കേസിൽ പ്രകടമായിട്ടുള്ളത് എന്ന ആരോപണവും ശക്തമാണ്. മൂന്നാർ പോലെ ലോകവിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള ഒരു പ്രദേശത്ത് ഇത്തരത്തിൽ ഒരു സംഘർഷം ഉണ്ടായത് ഇവിടുത്തെ വ്യാപാര- വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ പരക്കെ ആശങ്ക സൃഷ്ടിച്ചിരുന്നു. പൊലീസിനെതിരെ പാർട്ടിപ്രവർത്തകരുടെ ഭാഗത്തുനിന്നും തുടർപ്രതിഷേധം ഉണ്ടായേക്കാമെന്നുള്ള ഊഹാഭോഗങ്ങൾ പോലും പ്രചരിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.