- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐ ചെയ്തത് ചെറിയ തെറ്റുകൾ മാത്രം; യുവതി സിഐയുടെ മുൻപിൽ വെച്ച് ഭർത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്; സി ഐ സി എൽ സുധീറിന് ക്ലീൻചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്; ആത്മഹത്യാ കുറിപ്പിൽ പേരു വന്ന സാഹചര്യത്തിൽ വീണ്ടും വിശദമായ റിപ്പോർട്ട് തേടി എസ് പി
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സിഎൽ സുധീറിനെ സംരക്ഷിച്ചു കൊണ്ട് അന്വേഷണ റിപ്പോർട്ട്. ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്ന് കാണിച്ചാണ് അന്വേഷണ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടി നൽകിയ റിപ്പോർട്ടിലാണ് സിഐക്ക് ക്ലീൻ ചിറ്റ് നൽകിയത്. അതേസമയം മോഫിയയുടെ മരണം വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കെ വിശദമായ അന്വേഷണ റിപ്പോർട്ട് എസ്പി കെ കാർത്തിക് വീണ്ടും ആവശ്യപ്പെട്ടു.
മൊഫിയ നൽകിയ ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ചർച്ചയിൽ ചെറിയ തെറ്റുകൾ മാത്രമാണ് സിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുവതി സിഐയുടെ മുൻപിൽ വെച്ച് ഭർത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്. തിങ്കളാഴ്ച വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിലെത്തിയവരോട് സംസാരിച്ചാണ് ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം സിഐക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് നൽകണം എന്നാണ് എസ് പി ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ സിഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ സമരം തുടരുകയാണ്. സിഐക്ക് എതിരെ നടപടി തേടി ആലുവയിൽ ബഹുജന മാർച്ചും കെഎസ്യു മാർച്ചും ഇന്ന് നടക്കും. കോൺഗ്രസിന്റെ പ്രതിഷേധം ആലുവ സ്റ്റേഷനിൽ രാത്രിയിലും തുടരുന്നതിന് ഇടയിൽ മോഫിയയുടെ അമ്മ സമര സ്ഥലത്ത് എത്തി. വിങ്ങിപ്പൊട്ടിയ മോഫിയയുടെ അമ്മയെ നേതാക്കൾ ആശ്വസിപ്പിച്ചു.
മൊഫയയുടെ മരണത്തിൽ ഭർത്താവും മാതാപിതാക്കളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർത്തൃമാതാവ് റുഖിയ (55), ഭർത്തൃപിതാവ് യൂസഫ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇവരെ കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽനിന്നാണ് ചൊവ്വാഴ്ച അർധരാത്രി കസ്റ്റഡിയിലെടുത്തത്. എന്നാൽ സിഐയും ഡിവൈഎഫ് ഐ നേതാവും മൊഫിയയെ അപമാനിക്കാൻ മുന്നിൽ നിന്നിരുന്നു. അതുകൊണ്ട് തന്നെ അവരേയും കേസിൽ പ്രതിയാക്കണമെന്ന ആവശ്യം ശക്തമാണ്.
'ഡിവൈഎഫ്ഐയുടെ ഒരു നേതാവ് അവർക്കൊപ്പമുണ്ടായിരുന്നുവെന്ന് അവൾ പറഞ്ഞിരുന്നു. അതാരാണെന്ന് അവൾക്കറിയില്ലായിരുന്നു. മൊഫിയയെ അവർ മാനസികരോഗിയാക്കി ചിത്രീകരിച്ചു. ഒരുപാട് സ്വപ്നങ്ങൾ ഉള്ളവാളായിരുന്നു. അവളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്കൊണ്ടും സസ്പെൻഷൻ കൊണ്ടും കാര്യമില്ല. ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടണം' - മൊഫിയയുടെ മാതാവ് ആവശ്യപ്പെട്ടു. എന്നാൽ സിഐ കുട്ടി സഖാവിന്റെ പേരു പറയുമോ എന്ന ഭയം സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ സിഐയെ സംരക്ഷിക്കും.
മാനസികരോഗിയാണെന്ന് അവർ നിരന്തരം പറഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടർ പറഞ്ഞത് ഭർത്താവിനാണ് കൗൺസിലിങ് നൽകേണ്ടതെന്നാണ്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. അവസാനം വരെ നല്ലരീതിയിൽ വരുമെന്ന പ്രതീക്ഷയായിരുന്നു അവൾക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാൽ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്-മൊഫിയയുടെ അമ്മ പറയുന്നു.
മൊഫിയയുടെ ആത്മഹത്യക്കുറിപ്പിൽ ഭർത്താവിന്റെയും ഭർത്തൃവീട്ടുകാരുടേയും പേരിനൊപ്പം ആലുവ സിഐ.ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിഐയെ മാത്രം കേസിൽ പ്രതിയാക്കിയില്ല. വളരെ ക്രൂരമായി സിഐ മൊഫിയയോട് പെരുമാറിയെന്നതാണ് വസ്തുത. ഇതേത്തുടർന്ന് ആലുവ ഡിവൈ.എസ്പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന മൊഫിയ തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.
മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സിഐ. സി.എൽ. സുധീറിന് സ്ഥലംമാറ്റം നൽകിയിരുന്നു. സുധീർ സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. ഇതിനുശേഷമേ സ്ഥലംമാറ്റം എങ്ങോട്ടാണെന്ന് തീരുമാനിക്കു. അതേസമയം, ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും സിഐ.യെ സസ്പെൻഡ് ചെയ്യാത്തതിൽ വിവിധകോണുകളിൽനിന്ന് അമർഷമുയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ