ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലിയും, ക്ലെർജി കോൺഫറൻസും കാതോലിക്കാ ദിന സമ്മേളനവും ജൂലൈ 7,8 തീയതികളിൽ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ വച്ച് നടക്കും. ക്ലെർജി കോൺഫറൻസ് ഏഴാം തീയതി വൈകിട്ട് ഏഴുമണി മുതൽ 9.30 വരെയും, ഭദ്രാസന അസംബ്ലി എട്ടാം തീയതി 9 മണി മുതൽ 2.30 വരെയും, കാതോലിക്ക ദിന സമ്മേളനം 2.30 മുതൽ 5 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സമ്മേളനങ്ങളിൽ എല്ലാം ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി പങ്കെടുക്കുന്നുണ്ട്.

സെന്റ് മേരീസ് വലിയപള്ളിയിൽ നടക്കുന്ന ആദ്യത്തെ ഭദ്രാസന അസംബ്ലിയും, സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഏഴാമത്തെ അസംബ്ലിയുമാണ് ഇത്. 1973-ൽ സ്ഥാപിതമായ ഈ ദേവാലയം 2010-ൽ 4.5 മില്യൻ ഡോളറിൽ 20000 സ്‌ക്വയർഫീറ്റിൽ പുനർനിർമ്മിച്ച് പരിശുദ്ധ കാതോലിക്കാ ബാവ 2011-ൽ ഈ ദേവാലയം കൂദാശ ചെയ്തു. ഭദ്രാസന അസംബ്ലി യോഗത്തിനുവേണ്ടി അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനി, ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോയി പൈങ്ങോലിൽ, ഭദ്രാസന കൗൺസിൽ മെമ്പർ എൽസൺ സാമുവേൽ, വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേൽ എന്നിവർ അടങ്ങിയ കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.