തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ വസതി ചാടിക്കടന്ന് കല്ലിട്ട് ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് നേരത്തെ ഇത്തരത്തിൽ പ്രസ്താവന നടത്തിയിരുന്നു. ഇത് ബിജെപി പ്രവർത്തകർ പ്രാവർത്തികമാക്കുകയായിരുന്നു ഇന്ന്. അതീവ സുരക്ഷാ മേഖലയിലാണ് ബിജെപിക്കാർ കടന്നു കയറിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള നന്തൻകോട്ടിന് ചുറ്റും പൊലീസ് കാവലുണ്ട്. അതീവ സുരക്ഷാ മേഖലയെന്ന ബോർഡും. അങ്ങനെയുള്ള സ്ഥലത്തെ പടുകൂറ്റൻ മതിലാണ് ആറ് ബിജെപിക്കാർ ചാടിക്കടന്നത്. അതും ഭാരമുള്ള കെ റെയിൽ കല്ലുമായി.

ക്ലിഫ് ഹൗസിലെ സുരക്ഷാ സംവിധാനമൊന്നും ഈ പ്രതിഷേധം അറിഞ്ഞില്ല. കല്ലിട്ടവർ അവിടെ തുടർന്നു. ഈ സമയം ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ നേതൃത്വത്തിൽ പ്രകടനം ക്ലിഫ് ഹൗസിന് മുമ്പിലെത്തി. ഇതോടെ അകത്തുള്ളവരും ബിജെപി മുദ്രാവാക്യം വിളിച്ചു. ഇതിനൊപ്പം എടുത്ത വീഡിയോ പുറത്തു വിട്ടു. അപ്പോൾ മാത്രമാണ് ക്ലിഫ് ഹൗസിലേക്ക് ബിജെപിക്കാർ ചാടി കടന്ന് കല്ലിട്ടത് പുറം ലോകം അറിഞ്ഞത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള സുരക്ഷാ വീഴ്ചയാണ് ഇത്. കേരളത്തിലെ ഇന്റലിജൻസ് സംവിധാനം പോലും ഇക്കാര്യം അറിയുന്നതിൽ വലിയ വീഴ്ചയുണ്ടാക്കി. ഇത്തരത്തിൽ കല്ലിടുമെന്ന ബിജെപി പ്രഖ്യാപനം ഉണ്ടായിട്ടും പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ല. ക്ലിഫ് ഹൗസിന് പുറകു വശത്ത് കൂടിയാണ് പ്രതിഷേധക്കാർ അകത്തേക്ക് കടന്നത്.

ആറ് ബിജെപി പ്രവർത്തകരാണ് കനത്ത സുരക്ഷയെ മറികടന്ന് ക്ലിഫ് ഹൈസിന്റെ വളപ്പിനുള്ളിൽ കടന്നത്. മുരിക്കുംപുഴയിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ലുമായി ബിജെപി പ്രവർത്തകർ നേരത്തെ ക്ലിഫ് ഹൗസ് മാർച്ച് നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വിവി രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തലസ്ഥാനത്തെത്തിച്ചത്. മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരിൽ ചിലർ ക്ലിഫ് ഹൗസിന്റെ പരിസരത്ത് കടന്ന് കല്ലിട്ടത്. ഇത് പൊലീസിന്റെ വലിയ സുരക്ഷാ വീഴ്ചയാണ്. ഇതിന് മുമ്പ് ഇത്തരത്തിലൊരു സമരം ക്ലിഫ് ഹൗസിൽ ഉണ്ടായിട്ടില്ല.

ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് പ്രവർത്തകർ ക്ലിഫ്ഹൗസിന്റെ മതിൽ ചാടി കടന്ന് കല്ലുകൾ സ്ഥാപിച്ചത്. ചിറയിൻകീഴ് താലൂക്കിൽ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ്ഹൗസിൽ സ്ഥാപിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിഴുതെടുക്കുന്ന കല്ലുകൾ വരും ദിവസങ്ങളിൽ മന്ത്രിമാരുടെ വീടുകളിലും സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തവനൂരിൽ സർക്കാർ ഭൂമിയിൽ മാത്രമാണ് കല്ലിടാൻ കഴിഞ്ഞത്. കോട്ടയം കുഴിയാലിപ്പടിയിൽ പ്രതിഷേധം കാരണം കല്ലിടൽ നടന്നില്ല. അതിനിടെ കെ റെയിൽ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ സമരസമിതി മാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഇന്ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത്‌കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ല കളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശ്ശൂരും കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലെത്തി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിലും പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.

പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.