- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ് ഹൗസിലെ കല്ലിടൽ കേട്ട് ഞെട്ടി പിണറായി; സുരക്ഷാ വീഴ്ചയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരണം നൽകണം; സംഭവിച്ചത് സമാനതകളില്ലാത്ത പൊലീസ് അനാസ്ഥയെന്ന നിഗമനത്തിൽ സിപിഎം; വിജയിച്ചത് വിവി രാജേഷിന്റെ ഓപ്പറേഷൻ; മന്ത്രിമാരുടെ വീട്ടിലും കല്ലിടുമെന്ന് ബിജെപി; നാണക്കേട് ഒഴിവാക്കാൻ ഇനി മന്ത്രിമന്ദിരങ്ങളിൽ പഴുതടച്ച കമാണ്ടോ സുരക്ഷ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കെ റെയിലിൽ അനുമതി തേടി തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരുന്നത് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബിജെപിക്കാർ കല്ലിട്ടത് അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിയെ ഞെട്ടിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഒരിക്കലും ഇത്തരത്തിലൊരു സുരക്ഷാ വീഴച സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി വിശദീകരണം തേടി. ഇന്റലിജൻസിനും ക്രമസമാധാന ചുമതലയുള്ളവർക്കും വലിയ വീഴ്ചയുണ്ടായി. തീർത്തും ക്ഷോഭത്തിലാണ് മുഖ്യമന്ത്രി. സമാനതകളില്ലാത്ത നാണക്കേടാണ് സർക്കാരിന് ഈ സംഭവം ഉണ്ടാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.
പൊലീസിൽ അഴിച്ചു പണിയടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകും. മുഖ്യമന്ത്രിയുടെ വസതി പോലും സംരക്ഷിക്കാൻ പൊലീസിന് കഴിയുന്നില്ലേ എന്ന ചോദ്യം പൊതു സമൂഹത്തിൽ ഉയരുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സ്ഥാപിക്കുകയായിരുന്നു. പത്തോളം ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിന്റെ പിൻവശത്തു കൂടി ക്ലിഫ്ഹൗസിൽ പ്രവേശിച്ച് കല്ലുകൾ സ്ഥാപിക്കുകയായിരുന്നു. കല്ലുകൾ സ്ഥാപിച്ച ശേഷം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോഴാണ് സംഭവം പൊലീസ് അറിഞ്ഞത്. ഇതോടെ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു. എല്ലാം പ്രതിഷേധക്കാർ തന്നെ വീഡിയോയിലും പകർത്തി. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒന്നും അറിഞ്ഞില്ലെന്നതാണ് വസ്തുത.
രാവിലെ വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് കെ റെയിൽ സർവേയ്ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കുറ്റികൾ പിഴുതത്. രാവിലെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ മുരുക്കുംപുഴയിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. എല്ലാ മന്ത്രിമാരുടെയും വീടുകളിൽ രാത്രിയും പകലുമായി കല്ലുകൾ കൊണ്ടിടാനാണ് ബിജെപിയുടെ തീരുമാനമെന്ന് വി.വി രാജേഷ് പറഞ്ഞു. ലാവ് ലിൻ കേസിൽ കമ്മീഷൻ വാങ്ങിയ പിണറായി വിജയന്റെ അവസാനത്തെ കളിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ഇനിയും കല്ലുകൾ മന്ത്രി മന്ദിരങ്ങളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സുരക്ഷ ശക്തമാക്കും. കമാണ്ടോകളെ ഇതിനായി വിന്യസിക്കും. മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷയും അതിശക്തമാക്കും.
മുരിക്കുംപുഴയിൽ നിന്ന് കല്ലുകൾ പിഴുത് മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ബൈക്ക് റാലിയായിട്ടാണ് നഗരത്തിലേക്ക് എത്തിയത്. തുടർന്ന് നടന്ന പ്രതിഷേധമാർച്ചിൽബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. ഈ പരിപാടിയെ കുറിച്ച് പൊലീസിന് അറിയാമായിരുന്നു. ക്ലിഫ് ഹൗസിന് പുറത്ത് കല്ലുകളിട്ട് ബിജെപിക്കാർ മടങ്ങുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഇതിനിടെയാണ് ക്ലിഫ് ഹൗസിൽ നിന്നും മുദ്രാവാക്യം വിളി ഉയർന്നത്. മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ലാത്തതു കൊണ്ട് തന്നെ പൊലീസ് ആലസ്യത്തിലായിരുന്നു. ഇതാണ് ബിജെപി മുതലെടുത്തത്. ഇതും മുഖ്യമന്ത്രി മനസ്സിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അതി ശക്തമായ നടപടികൾ വീഴ്ച വരുത്തിയവർക്കെതിരെ എടുക്കും. പൊലീസിൽ പലരുടേയും കസേര തെറിക്കാനാണ് സാധ്യത.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ അടയാളക്കല്ലിട്ടത് സമരത്തിന്റെ വലിയ വിജയമായാണ് ബിജെപി കരുതുന്നത്. മതിൽചാടി കടന്നാണ് ആറ് പ്രവർത്തകർ അതീവ സുരക്ഷയുള്ള ക്ലിഫ്ഹൗസിലേക്ക് എത്തിയത്. ചിറയിൻകീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽനിന്ന് പിഴുതെടുത്ത സിൽവർലൈൻ പദ്ധതിയുടെ അടയാളക്കല്ലുകളാണ് ക്ലിഫ് ഹൗസ് വളപ്പിൽ സ്ഥാപിച്ചത്. പ്രവർത്തകർ വസതിയുടെ പിറകിലൂടെ വളപ്പിൽ കടന്ന് കല്ലുകൾ നാട്ടിയശേഷം മുൻവശത്ത് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടി നിയന്ത്രിക്കുന്നതിൽ പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കെറെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ്. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
വ്യാഴാഴ്ച 12.30ഓടെ ക്ലിഫ് ഹൗസിന്റെ പിറകുവശത്തെത്തിയ പ്രവർത്തകർ മതിൽ ചാടി വളപ്പിലേക്കു കടന്നു. കല്ലുകൾ പ്രതിഷേധ സൂചകമായി വളപ്പിൽ കുഴിച്ചിട്ടു. പിന്നീട് മുദ്രാവാക്യം വിളികളുമായി ക്ലിഫ് ഹൗസിനു മുന്നിലേക്ക് എത്തിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. ബിജെപി പ്രവർത്തകരെ ക്ലിഫ്ഹൗസിലേക്കുള്ള റോഡിൽ ബാരിക്കേഡ് വച്ചു നിയന്ത്രിക്കുന്ന ജോലിയിലായിരുന്ന പൊലീസ് പിറകിലൂടെ പ്രവർത്തകർ കടക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടില്ല. പിന്നീടു വലിയ പൊലീസ് സംഘം എത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.
സാധാരണക്കാരുടെ കിടപ്പാടം നഷ്ടപ്പെടുന്ന പദ്ധതി അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. സിപിഎമ്മിനു വലിയ കമ്മിഷൻ കിട്ടുന്ന പദ്ധതിയാണിത്. ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിൽ സ്ഥാപിച്ച കല്ലുകൾ ബൂത്തു തലത്തിലെ ബിജെപി പ്രവർത്തകർ പിഴുതു മാറ്റും. പിഴുതെടുക്കുന്ന കല്ലുകൾ മന്ത്രിമാരുടെയും ജില്ലയിലെ 13 എംഎൽഎമാരുടെയും വീടുകളിൽ സ്ഥാപിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ