ഗോള താപനം ശക്തമായതോടെ ലോകത്തെ സർവനാശത്തിൽ നിന്നും രക്ഷിക്കാനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറിയേക്കാമെന്ന ആശങ്ക ശക്തമാകുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പിട്ട പാരീസ് ഉടമ്പടിയിൽ ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് താത്പര്യം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയടക്കം 175 രാജ്യങ്ങൾ കഴിഞ്ഞ ഡിസംബറിൽ ലോകഭൗമദിനത്തിലാണ് കരാറിൽ ഒപ്പുവച്ചത്. ഇത്രയധികം രാജ്യങ്ങൾ ഒന്നിച്ച് ഒപ്പുവയ്ക്കുന്ന ആദ്യത്തെ അന്തർദേശീയ ഉടമ്പടിയാണ് പാരീസ് കാലാവസ്ഥ ഉടമ്പടി.

ആഗോളതാപനിലയുടെ വർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കി നിർത്തുക, പറ്റുമെങ്കിൽ ഒന്നര ഡിഗ്രിയാക്കാൻ ശ്രമിക്കുക എന്നതാണ് കരാറിന്റെ മുഖ്യലക്ഷ്യം. നിലവിൽ സിറിയ, നിക്കരേഗ്വ എന്നീ രാജ്യങ്ങൾ ഉടമ്പടിയിൽ നിന്നു പിന്മാറിക്കഴിഞ്ഞു. റഷ്യ, ഇറാൻ, നോർത്തുകൊറിയ എന്നീ രാജ്യങ്ങൾ ഇനിയും തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനുമുണ്ട്. അതിനിടെ ഉടമ്പടിയിൽ നിന്നു അമേരിക്ക പിന്മാറിയേക്കാമെന്ന ആശങ്ക പടർന്നതോടെ ട്രമ്പിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.

ട്രമ്പിന്റെ മനംമാറ്റം ലോകനേതാക്കളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ മാർപ്പാപ്പ ഉൾപ്പെടെയുള്ള ലോകനേതാക്കൾ ട്രമ്പിന്റെ മനംമാറ്റത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്യൻ നേതാക്കളും ട്രമ്പിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഡൊണാൾഡ് ട്രമ്പിന്റെ മകൾ ഇവാൻകയും പിതാവിന്റെ പിന്മാറ്റം അംഗീകരിക്കുന്നില്ല. കാർബൺ എമിഷൻ കുറയ്ക്കാൻ പ്രതിജ്ഞ എടുത്തിട്ടുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ നിന്നും അമേരിക്ക പിന്മാറുകയെന്നത് ഉചിതമല്ല എന്നു തന്നെയാണ് ഇവാൻകയും പിതാവിനോട് നിർദേശിച്ചിട്ടുള്ളത്.

പാരീസ് ഉടമ്പടി നിലവിൽ വന്നിട്ട് ആറുമാസമായെങ്കിലും ഇക്കാര്യത്തിൽ കുറെനാളായി ട്രമ്പിന്റെ മനസ് ചഞ്ചലപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാരീസ് ഉടമ്പടിയിൽ നിന്നും അമേരിക്ക പിന്മാറുന്നുവെന്ന് സൂചന നൽകിക്കൊണ്ട് വൈറ്റ് ഹൗസ് ഇടയ്ക്ക് ഇറക്കിയ പത്രക്കുറിപ്പുകളാണ് ലോകനേതാക്കളിൽ ആശങ്ക ജനിപ്പിച്ചത്. ഇതിനെക്കുറിച്ച് ട്രമ്പ് വ്യക്തമായി ഉത്തരം പറഞ്ഞിട്ടില്ലെങ്കിലും പിന്മാറ്റം ഉറപ്പാക്കുന്ന സൂചനകളാണ് നൽകുന്നത്.

കാർബൺ പുറന്തള്ളലിന് പാരീസ് ഉടമ്പടിയിലൂടെ തടയിട്ടില്ലെങ്കിൽ ആഗോള താപനില ഈ നൂറ്റാണ്ടിൽ തന്നെ ശരാശരി രണ്ടു ഡിഗ്രിയിലധികം വർധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.