ഡബ്ലിൻ: ജൂനിയർ സെർട്ട് പരീക്ഷയിൽ നൂറുമേനി വിജയം കൊയ്ത് ക്ലോഡിയ റെജിയെന്ന മലയാളി പെൺകുട്ടി അയർലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനമായി.   താലയിലെ ഓൾഡ് ബ്വാൻ കമ്മ്യൂണിറ്റി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ക്ലോഡിയ.  11 എ ഗ്രേഡോടെ സമ്പൂർണ വിജയമാണ് ഈ മിടുക്കി സ്വന്തമാക്കിയത്.   ഇന്നലെ രാവിലെയാണ് ഫലം പ്രഖ്യാപിച്ചത്.  എസ്എസ്എൽസി പരീക്ഷയ്ക്ക് തുല്ല്യമായി അയർലണ്ടിൽ നടത്തുന്ന പരീക്ഷയാണ്  ജൂനിയർ സെർട്ട്.

സമ്പൂർണ വിജയം തികച്ചും അപ്രതീക്ഷിതമാണെന്നാണ് ക്ലോഡിയ പറയുന്നത്. മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും പിന്തുണയാണ് ഈ വിജയത്തിനു കാരണമായതെന്നും ഈ കൊച്ചു മിടുക്കി കൂട്ടിച്ചേർത്തു.  

ചിട്ടയായ പഠനത്തിന്റെ വിജയമാണിത്.  ക്ലാസിൽ എല്ലാ ദിവസവും പഠിപ്പിക്കുന്നത് കൃത്യമായി പഠിച്ച ശേഷം മാത്രം ഉറങ്ങാൻ പോയിരുന്ന ക്ലോഡിയ പരീക്ഷയ്ക്കായി എല്ലാ ദിവസവും നന്നായി ഒരുങ്ങിയിരുന്നു.  അയർലണ്ടിലെ തന്നെ അപൂർവ്വമായ വിജയ പർവ്വം താണ്ടിയ ക്ലോഡിയയ്ക്ക് അനുമോദനങ്ങളുടെ പ്രവാഹമാണ്.  മലയാളി സമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കൊയ്തതിന്റെ സന്തോഷത്തിലാണ് ക്ലോഡിയയും.

ഏറ്റുമാനൂർ സ്വദേശി റെജി കുര്യന്റെയും എച്ച് എസ് ഇയുടെ വെൽബില്ല കമ്മ്യൂണിറ്റി സെന്ററിലെ സ്റ്റാഫ് നഴ്‌സായ സാലി റെജിയുടേയും മകളാണ് ക്ലോഡിയ.  ക്‌നാനായ കാത്തലിക് അസോസിയേഷൻ അയർലണ്ടിന്റെ മുൻ പ്രസിഡന്റുകൂടിയാണ് ക്ലോഡിയയുടെ പിതാവ് റെജി കുര്യൻ.  ലിവിങ് സർട്ട്  പരീക്ഷയിൽ മികച്ച വിജയം നേടി ബയോ മെഡിക്കൽ എഞ്ചിനിയറിങ്ങിനു ചേരാൻ തയ്യാറെടുക്കുന്ന ജോയൽ റെജിയും നാലാം ക്ലാസുകാരി ആൻഡ്രിയ റെജിയുമാണ് ക്ലോഡിയയുടെ സഹോദരങ്ങൾ.

അതേ സ്‌കൂളിൽ തന്നെ സൈക്കോളജി മേഖലയിൽ പഠനം തുടരാനാണ് തനിക്ക് താത്പര്യമെന്ന് ക്ലോഡിയ വ്യക്തമാക്കി. ഏറ്റുമാനൂർ കുറുമുള്ളൂർ സ്വദേശിയായ റെജിയും കുടുംബവും ഒമ്പതു വർഷം മുമ്പാണ് അയർലണ്ടിലേക്ക് കുടിയേറിയത്.