ഡോളിയെന്ന ആടിനെ ഓർമയില്ലേ? ക്ലോണിങ്ങിലൂടെ പിറന്ന ഡോളിയെപ്പോലെ, രണ്ട് കുരങ്ങുകളെയും ശാസ്ത്രലോകം ക്ലോണിങ്ങിലൂടെ സൃഷടിച്ചിരിക്കുന്നു. ഡോളിയെ സൃഷ്ടിച്ച അതേ സാങ്കേതിക വിദ്യയിലൂടെയാണ് ഇവയുടെയും പിറവി. ക്ലോണിങ്ങിലൂടെ മനുഷ്യരെയും സൃഷ്ടിക്കാമെന്ന ശാസ്ത്രസങ്കൽപ്പത്തെ കുറേക്കൂടി അടുത്തേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഈ സാങ്കേതികവികാസം.

മനുഷ്യരുടെ ക്ലോണിങ്ങിന് ഇപ്പോഴും തടസ്സമായി നിൽക്കുന്നത് അതിന്റെ യുക്തിക്കും നൈതികതയ്ക്കുമെതിരേ ഉയരുന്ന ചോദ്യങ്ങൾ മാത്രമാണ്. അതിന് ഉത്തരം കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ശാസ്ത്രലോകത്തിനുള്ളത്. എന്നാൽ, ജനിതകപരമായി സാമ്യമുള്ള കുരങ്ങുകളെ ക്ലോൺ ചെയ്യാനായത് വൈദ്യശാസ്ത്രരംഗത്ത് ഏറെ വലിയ ഗവേഷണങ്ങൾക്ക് വഴിയൊരുക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

നീണ്ട വാലുകളുള്ള മക്വാക്വെ ഇനത്തിൽപ്പെട്ട രണ്ട് കുരങ്ങുകളെയാണ് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചത്. ഷോങ് ഷോങ് എന്നും ഹുവ ഹുവ എന്നുമാണ് ഇവയുടെയ പേര്. ഷോങ് എട്ടാഴ്ചമുമ്പും ഹുവ ആറാഴ്ചമുമ്പുമാണ് ചൈനയിലെ പരീക്ഷണശാലയിൽ പിറന്നത്. രണ്ടുകുരങ്ങുകളും ജനിതകഘടനയിൽ പരസ്പരപൂരകങ്ങളാണ്. ഇത്തരത്തിലുള്ള ക്ലോണിങ് ചരിത്രത്തിലാദ്യവും.

സിംഗിൾ സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ (എസ്.സി.എൻ.ടി) സാങ്കേതിക വിദ്യയിലൂടെ പിറവിയെടുത്ത ആദ്യ ക്ലോൺ കുരങ്ങുകളാണിവ. മറ്റൊരു അണ്ഡത്തിലേക്ക് കോശങ്ങളുടെ ന്യൂക്ലിയസ് ഡിഎൻഎ ട്രാൻസ്ഫർ ചെയ്യുകയും അത് ഭ്രൂണമാക്കി വിരിയിക്കുകയും ചെയ്യുന്ന പ്രക്രീയയാണിത്. ഡോളിയെന്ന ആടിനെ സൃഷ്ടിക്കുന്നതിനും ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്.

വിവിധ പ്രക്രീയകളിലൂടെ 79 തവണ ശ്രമിച്ചതിനുശേഷമാണ് കുരങ്ങുകളുടെ ക്ലോണിങ് വിജയിച്ചത്. ക്ലോണിങ്ങിനുപയോഗിച്ച സാങ്കേതിക വിദ്യയെക്കുറിച്ചും അതിന് പിന്നിലെ പരിശ്രമങ്ങളെക്കുറിച്ചും സെൽ എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾക്കും കാൻസർ, ദഹനസംബന്ധമായ അസുഖങ്ങൾ, തുടങ്ങി പലതിന്റേയും ജനിതക രഹസ്യങ്ങൾ കണ്ടെത്താൻ ഈ ഗവേഷണം സഹായിക്കുമെന്ന് പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയയ ഡോ. ക്വിയാങ് സുൻ പറഞ്ഞു.

മനുഷ്യരുടെ ക്ലോണിങ്ങിലേക്ക് ഈ ഗവേഷണം മുന്നേറുമോ എന്ന ആശങ്ക ലോകം പങ്കുവെക്കുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച അന്താരാഷ്ട്ര ചട്ടക്കൂടുകൾക്കുള്ളിൽനിന്ന് മാത്രമേ ഗവേഷണം തുടരുകയുള്ളൂവെന്ന് ചൈനീസ് സംഘം വ്യക്തമാക്കി. വളരെ കർശനമായ അന്താരാഷ്ട്ര മാർഗനിർദേശങ്ങളാണ് പിന്തുടരുന്നതെന്നും ഗവേഷണപ്രബന്ധത്തിന്റെ സഹരചയിതാവായ മമിങ് പൂ പറഞ്ഞു.