- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈശവ വിവാഹങ്ങൾ വർധിച്ചു; വീട്ടുജോലികളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിച്ചു; വിദ്യാർത്ഥികളുടെ ക്ഷേമത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു; സ്കൂളുകൾ തുറക്കാത്തതിന്റെ അപകട സാധ്യത ഗൗരവമേറിയതെന്ന് പാർലമെന്ററി സമിതി
ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ദീർഘകാലമായി സ്കൂളുകൾ അടച്ചിടുന്നത് ഗുരുതരമായ അപകടമാണ് വരുത്തിവെക്കുന്നതെന്ന് പാർലമെന്ററി സമിതി. ഒരു വർഷത്തിലേറെയായി സ്കൂളുകൾ അടച്ചുപൂട്ടിയത് വിദ്യാർത്ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു.
സ്കൂളുകൾ അടച്ചുപൂട്ടുന്നത് കുടുംബഘടനയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം വീട്ടുജോലികളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.
സ്കൂളുകൾ തുറക്കാത്തതിലുള്ള അപകടങ്ങൾ അവഗണിക്കാനാവാത്തവിധം ഗൗരവമുള്ളതാണ്. നാല് ചുമരുകൾക്കുള്ളിൽ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചു.
സ്കൂളുകൾ അടച്ചുപൂട്ടുന്നത് ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. കൂടാതെ വീട്ടുജോലികളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിച്ചു. കോവിഡ് സാഹചര്യം അരികുവത്കരിക്കപ്പെട്ടിരുന്ന കുട്ടികൾ പകർച്ചവ്യാധിക്ക് മുമ്പു അനുഭവിച്ച പഠന പ്രതിസന്ധിയെ കൂടുതൽ വഷളാക്കി. അതിനാൽ തന്നെ ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് അനിവാര്യമാണ്', സമിതി നിരീക്ഷിച്ചു.
എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനുബന്ധ സ്റ്റാഫുകൾക്കുമായി വാക്സിൻ പ്രോഗ്രാമുകൾ വേഗത്തിലാക്കേണ്ടതുണ്ട്. എന്നാലേ സ്കൂളുകൾ നേരത്തെ തുറക്കാനാകൂ. കുട്ടികളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ക്ലസ്റ്ററിനും ക്ലാസ് നൽകാം. മാസ്ക് , കൈകൾ ഇടക്കിടെ വൃത്തിയാക്കൽ എന്നിവ ചിട്ടയോടെ പാലിക്കേണ്ടതുണ്ട്.
തെർമൽ സ്ക്രീനിങ്ങ് നിർബന്ധമാക്കുന്നതിലൂടെ രോഗബാധിതരായ വിദ്യാർത്ഥികളെയോ അദ്ധ്യാപകരെയോ ജീവനക്കാരെയോ ഉടനടി തിരിച്ചറിയാനും ക്വാറന്റീൻ ചെയ്യാനും സഹായിക്കും. ശുചിത്വവും കോവിഡ് പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹെൽത്ത് ഇൻസ്പെക്ടർമാരും ആരോഗ്യ പ്രവർത്തകരും അടക്കം സ്കൂളുകളിൽ ഇടയ്ക്കിടെ പരിശോധന നടത്തുകയും വേണമെന്നും പാനൽ നിർദേശിക്കുന്നുണ്ട്.
പഠന നഷ്ടം വിദ്യാർത്ഥികളുടെ ഗണിതശാസ്ത്രം, ശാസ്ത്രം, ഭാഷാപഠനം എന്നിവയിലുള്ള അവരുടെ അടിസ്ഥാനപരമായ അറിവിനെ ദുർബലപ്പെടുത്തിയിട്ടുണ്ടാവാമെന്നും പാനൽ നിരീക്ഷിച്ചു. 'പഠനനഷ്ടം വലിയ വിടവാണ് ഉണ്ടാക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ വൈജ്ഞാനിക ശേഷിയെ ബാധിക്കും.
ഇത് പാവപ്പെട്ടവർ, ഗ്രാമീണ വിദ്യാർത്ഥികൾ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ , ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെടാൻ കഴിയാത്ത സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിവരെ കൂടുതൽ ദുർബലപ്പെടുത്തും. പരിഹാര നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്', പാനൽ വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വർഷം മാർച്ചിൽ രാജ്യത്തുടനീളമുള്ള സ്കൂളുകൾ അടച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചില സംസ്ഥാനങ്ങൾ ഭാഗികമായി സ്കൂളുകൾ തുറക്കാൻ തുടങ്ങിയപ്പോൾ, ഏപ്രിൽ-മെയ് മാസങ്ങളിൽ കോവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് വീണ്ടും സ്കൂൾ അടച്ചുപൂട്ടേണ്ടിവന്നിരുന്നു.
ന്യൂസ് ഡെസ്ക്