മഴക്കാലത്തും നമ്മുടെ സംസ്ഥാനത്തെ മലയോര മേഖലയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും സംഭവിച്ചു. നിർഭാഗ്യവശാൽ, മഴ കുറവായിരുന്നിട്ടുപോലും ഈ വർഷത്തെ മരണസംഖ്യ അസാധാരണമാം വിധം ഉയർന്നതായിരുന്നു. ഉരുൾപൊട്ടൽ എന്ന ഈ പ്രകൃതിദുരന്തത്തെക്കുറിച്ചും അതിന്റെ മൂല കാരണങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു അവസരമാണിത്.

വെള്ളവും കല്ലും മണ്ണും മറ്റു ഖരപദാർത്ഥങ്ങളും വലിയ തോതിൽ ഒലിച്ചിറങ്ങുന്നതിനെയാണ് നാം ഉരുൾപൊട്ടൽ എന്ന് വിളിക്കുന്നത്. പൊതുവെ രണ്ട് കാരണങ്ങളാണ് വിദഗ്ദ്ധർ ഇതിനെ സംബന്ധിച്ച് അവതരിപ്പിച്ചിട്ടുള്ളത്. ഒന്ന് മേഘസ്‌ഫോടനം, രണ്ട് കനത്ത മഴ മൂലം ഭൂമിക്കടിയിൽ നിന്ന് ജലം സമ്മർദ്ദത്തോടെ തള്ളി വെളിയിൽ വരുന്നത്. അടുത്ത കാലത്തായി, ഈ സിദ്ധാന്തങ്ങളിൽ മേഘസ്‌ഫോടനത്തിനാണ് കൂടുതൽ സ്വീകാര്യത കൈ വന്നിരിക്കുന്നത് എന്നു തോന്നു. പക്ഷേ, യഥാർത്ഥത്തിൽ മേഘസ്‌ഫോടനം എന്ന പ്രതിഭാസം, തീർത്തും യുക്തിക്ക് നിരക്കാത്തതും, ശാസ്ത്രീയരീതിയിൽ തെളിക്കപ്പെടാത്തതുമാണ്.

മേഘസോഫോടനം നിമിത്തമാണ് ഉരുൾപൊട്ടൽ ഉണ്ടാവുന്നതെങ്കിൽ, അത് മേഘങ്ങളുള്ള എവിടെ വേണമെങ്കിലും സംഭവിക്കാമല്ലോ? എന്നാൽ, ഉരുൾപൊട്ടലിന്റെ ചരിത്രം പരിശോധിച്ചാൽ, അത് ചെങ്കുത്തായ മലനിരകളിൽ മാത്രമാണ് സംഭവിക്കുന്നത് എന്നു കാണാം.

ഒരിക്കലും സമതല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുന്നില്ല. ഇതേക്കുറിച്ച് മേഘസ്‌ഫോടനത്തിന്റെ വക്താക്കൾ പറയുന്നത്, മലമ്പ്രേദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകുവാൻ കാരണം മലകൾക്കിടയിൽ മേഘം സമ്മർദ്ദത്തിൽ പെടുന്നതും, തത്ഫലമായി മേഘസ്‌ഫോടനം ഉണ്ടാവുന്നു എന്നുമാണ്.

മേല്പറഞ്ഞ വാദത്തിന് ഏതെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമുണ്ടോ? കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.7 കിലോമീറ്ററാണ്. മൂന്നാർ സമുദ്രനിരപ്പിൽ നിന്നും 11/2 കിലോമീറ്റർ ഉയരത്തിലാണ്, വയനാട് പീഠഭൂമിയാകട്ടെ ശരാശരി 1.2 കിലോമീറ്റർ ഉയരത്തിലും സ്ഥിതി ചെയ്യുന്നു. കാലാവസ്ഥാ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, അന്തരീക്ഷത്തിൽ മേഘങ്ങൾ ഉണ്ടാവുന്നതും, സഞ്ചരിക്കുന്നതും പൊതുവെ രണ്ടു കിലോമീറ്ററിനും ഏഴുകിലോമീറ്ററിനും ഇടയിലുള്ള തലങ്ങളിലാണ്. ഇങ്ങനെ നോക്കിയാൽ, മേഘങ്ങളുടെ സഞ്ചാരം കേരളത്തിലെ മലനിരകളുടെ മുകളിലൂടെയാണ്. മാത്രമല്ല, ഒരു വാതകത്തെയോ, അല്ലെങ്കിൽ നീരാവിയെയോ സമ്മർദ്ദത്തിലാക്കണമെങ്കിൽ അതിന്െ എല്ലാ വശങ്ങളിൽ നിന്നും, മുകളിൽ നിന്നും അമർത്തണ്ടേ? വിശാലമായ ആകാശം മുകളിൽ തുറന്നു കിടക്കുമ്പോൾ ഇത് അസംഭവ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

മറ്റൊരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മേഘസ്‌ഫോടനം സംഭവിക്കുന്നത് മേഘങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോഴാണ്. യഥാർത്ഥത്തിൽ മേഘങ്ങൾ തമ്മിൽ കൂട്ടിമുട്ടാനുള്ള സാധ്യത തുലോം വിരളമാണ്. കാരണം, മേഘങ്ങൾക്ക് സ്വയം ചാലകശേഷി ഇല്ല. കാറ്റടിക്കുമ്പോൾ, അതേ ദിശയിൽ നീങ്ങാൻ മാത്രമേ മേഘങ്ങൾക്ക് കഴിയു. കാറ്റിന് അന്തരീക്ഷത്തിലെ ഒരു പ്രത്യേക സ്ഥാനത്ത് എതിർ ദിശകളിൽ വീശാൻ കഴിയുമോ? എങ്കിൽ മാത്രമെ മേഘങ്ങൾക്കും ഏതെങ്കിലും ഒരു സ്ഥാനത്ത് വച്ച് കൂട്ടിമുട്ടാനാവു. അത് മാത്രമല്ല, മേല്പറഞ്ഞ രീതിയിൽ മേഘങ്ങൾ പരസ്പരം കൂട്ടിമുട്ടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായാൽ തന്നെ, അത് എവിടെ വച്ചും സംഭവിക്കാം. പക്ഷേ സമതലങ്ങളുടെ മുകളിൽ വച്ച് ഇത് തീർത്തും സംഭവിക്കുന്നില്ല എന്നതാണല്ലോ നമ്മുടെ അനുഭവം.

തുടർച്ചയായ കനത്തമഴയിൽ, മണ്ണ് കുതിരുകയും ധാരാളം ജലം വലിച്ചെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ മണ്ണിന്റെ കനം കൂടുന്നു. നാം സാമാന്യേന വിചാരിക്കുന്നതിന് വിപരീതമായി, ജലം വളരെ സാന്ദ്രതയുള്ള ഒരു പദാർത്ഥമാണ്. ഒരു ക്യുബിക് മീറ്റർ വെള്ളത്തിന്റെ കനം ഒരു മൊടിക് ടണ്ണാണ്. എന്നു പറഞ്ഞാൽ, ഒരു മീറ്റർ നീളവും, ഒരു മീറ്റർ വീതിയും, ഒരു മീറ്റർ ഉയരവുമുള്ള ഒരു മരപ്പെട്ടിയിൽ ജലം നിറച്ചാൽ, അതിന് ഒരു ടൺ തൂക്കമുണ്ടാവും. അതുകൊണ്ടുതന്നെ വെള്ളം കുടിച്ച് ചീർക്കുന്ന മണ്ണിലെ വിവിധ പാളികൾക്ക് ഉണ്ടാവുന്ന അധിക തൂക്കം നമുക്ക് ഊഹിക്കാവുന്നതേയുള്ളു. മാത്രമല്ല, മണ്ണ് കുതിരുമ്പോൾ അതിന്റെ ബലവും പശയും കുറയുന്നു. ഉദാഹരണമായി, റോഡുകളുടെ സ്ഥിതി നിരീക്ഷിച്ചാൽ, മഴക്കാലത്താണ് അവ കൂടുതലായി പൊട്ടിപ്പൊളിയുന്നത് എന്നുകാണാം. കാരണം ടാറിന്റെയും അതിനടിയിലുള്ള മണ്ണിന്റെയും ബലവും പശിമയും, അവ നനയുമ്പോൾ കുറയുന്നു. ചുരുക്കിപറഞ്ഞാൽ, കനത്ത മഴയിൽ മണ്ണിന്റെ കനം കൂടുകയും ബലം കുറയുകയും ചെയ്യുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളിൽ, കേരളത്തിൽ ഉരുൾപൊട്ടിയുള്ള പ്രദേശങ്ങൾ സന്ദർശിച്ചാൽ ഒരു വസ്തുത വ്യക്തമായും മനസ്സിലാക്കാവുന്നതാണ്. ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനത്ത്, ഏറ്റവും ചുരുങ്ങിയ ചെരിവ്, തിരശ്ചീനതലത്തിൽ നിന്നും 30 ഡിഗ്രിയോ, അതിൽ കൂടുതലോ ആയിരിക്കും. ഒരു ചെരിഞ്ഞ പ്രതലത്തിൽ താഴേയ്ക്കു വലിക്കുന്ന ശക്തി, സാങ്കേതികമായി പറഞ്ഞാൽ തൂക്കത്തിന്റെ സൈൻ ഘടകമാണ്. ചെരിവ് കൂടുന്നതനുസരിച്ച് താഴോട്ടുള്ള വലിവും കൂടും. അങ്ങനെ ഭൂപ്രകൃതിയിലെ ചെരിവ് കൂടുന്നതനുസരിച്ച് ഉരുൾപൊട്ടാനുള്ള സാധ്യതയും കൂടും. ഇത്തരം ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ, കേരളത്തിലെ ഉരുൾ പൊട്ടലുകളുടെ കാരണം മേഘസ്‌ഫോടനമല്ല എന്ന് നിസംശയം പ്രസ്താവിക്കാവുന്നതാണ്. ഇവിടെ സംഭവിക്കുന്നത്, കനത്ത മഴയിൽ മണ്ണ് വെള്ളം വലിച്ചെടുക്കുമ്പോൾ അതിന്റെ തൂക്കം കൂടുകയും, ബലവും പശയും കുറയുകയും ചെയ്യുന്നു. തുടർന്ന് തൂക്കായ മലനിരകളിൽ നിന്ന് അത് തെന്നിയിറങ്ങി, ഒപ്പം ധാരാളം കല്ലും മരവുമെല്ലാമായി താഴേയ്ക്കു കുതിച്ചൊഴുകുന്നു. ഈ പ്രവാഹത്തിന്റെ പാതയിൽ ഉള്ള സർവ്വ വസ്തുക്കളെയും, മനുഷ്യനിർമ്മിതമോ, പ്രകൃത്യാ ഉള്ളവയോ ആകട്ടെ, അത് നശിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഉരുൾപൊട്ടൽ എന്ന പ്രതിഭാസവും അതിന് പിന്നിലുള്ള ശാസ്ത്രീയ കാരണങ്ങളും. ഈ രംഗത്ത് കൂടുതൽ വിശദമായ പഠനങ്ങളുടെ ആവശ്യമുണ്ട്. എങ്കിൽ മാത്രമെ ഈ പ്രതിഭാസത്തെ കൂടുതൽ സൂക്ഷ്മമായി മനസിലാക്കാനും, അതിന്റെ ദുരന്തഫലങ്ങളെ കുറച്ചുകൊണ്ടുവരാനും കഴിയൂ....