- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കേന്ദ്ര ഏജൻസികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകും; പ്രധാനമന്ത്രി ഭരണഘടനാ സ്ഥാപനമാണ്; ഇത്തരം വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കലാണ് അദ്ദേഹത്തിന്റെ ബാധ്യത; സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ തകിടം മറിക്കാനാണ് ഇവരുടെ നീക്കം': കേന്ദ്ര ഏജൻസികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പിണറായി
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ വഴിവിട്ട് പ്രവർത്തിക്കുകയാണെന്നും കേരളത്തിൽ ഇത് നടപ്പില്ലെന്നും ഒരിക്കൽ കൂടി ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കു തിരഞ്ഞെടുപ്പിൽ സഹായം നൽകുകയല്ല ഏജൻസികൾ ചെയ്യേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് പരിശോധിക്കുകയാണ് വേണ്ടത്.
പ്രധാനമന്ത്രി ഭരണഘടനാ സ്ഥാപനമാണ്. ഇത്തരം വഴിവിട്ട കാര്യങ്ങളെ സംരക്ഷിക്കാനല്ല, വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കലാണ് അദ്ദേഹത്തിന്റെ ബാധ്യത. കേരളത്തിന്റെ അനുഭവം മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. പ്രധാനമന്ത്രിയിൽ അർപിതമായ ഉത്തരവാദിത്തം വച്ച് അദ്ദേഹം ഇടപെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു ഏജൻസിക്കും തോന്നിയപോലെ പ്രവർത്തിക്കാൻ കഴിയില്ല. വ്യവസ്ഥാപിത മാർഗത്തിലൂടെയേ പ്രവർത്തിക്കാനാകൂ. നിയമാനുസൃത ഉത്തരവാദിത്തങ്ങളാണ് ഏജൻസികൾ നിറവേറ്റേണ്ടത്. എന്നാൽ, അതിനു വിരുദ്ധമായി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്.
കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്കു കഴിയില്ല. അത് ഇവിടുത്തെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. നേരിയ വീഴ്ചപോലും അതത് ഘട്ടത്തിൽ കണ്ടെത്താൻ കേരളത്തിൽ സംവിധാനമുണ്ട്. അതു തകർക്കാനാണ് ഏജൻസികൾ നോക്കുന്നത്. സർക്കാരും സിഎജിയും ഓഡിറ്റ് നടത്തുന്ന ഫയലുകൾ പരിശോധിക്കുന്നത് അന്വേഷണമെന്നതിന്റെ പ്രാഥമിക പാഠം മനസിലാക്കാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ശിവശങ്കറിനെ സംരക്ഷിക്കാൻ സർക്കാർ മുതിർന്നിട്ടില്ല. സ്വർണക്കടത്തുകേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 8നു പ്രധാനമന്ത്രിക്കു കത്തയച്ചു. അന്വേഷണ ഏജൻസികളെപറ്റി ഒരു മുൻവിധിയും തുടക്കത്തിൽ സർക്കാരിന് ഉണ്ടായിരുന്നില്ല.
എന്നാൽ, പ്രതികളെ രക്ഷിച്ചാലും സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ എങ്ങനെ ആരോപണങ്ങളുടെ മറയിൽ നിർത്താം എന്നാണ് ഏജൻസികൾ നോക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികളുടെ രഹസ്യമൊഴി ചില നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെ പറയുന്നു. രാഷ്ട്രീയ എതിരാളികളെ അന്വേഷണങ്ങളിലൂടെ പീഡിപ്പിക്കുക എന്നതാണ് കേന്ദ്ര ഏജൻസികളുടെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, കോവിഡ് കാലമായതിനാലാണ് പ്രചാരണയോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നല്ല മാർഗം ഓൺലൈനിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ്. എട്ടോളം യോഗങ്ങളിൽ അങ്ങനെ പങ്കെടുക്കുകയും കാര്യങ്ങൾ ജനങ്ങളിലെത്തുകയും ചെയ്തിട്ടുണ്ട്. താൻ ജനങ്ങളിൽനിന്ന് വിട്ടുപോകുകയോ ജനങ്ങൾ തന്നിൽനിന്ന് അകന്നു പോകുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ