- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വർഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതി; വിടുവായന്മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാൽ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട; പി സി ജോർജിനും ബിജെപിക്കും എതിരെ മുഖ്യമന്ത്രി; സുരക്ഷാപ്രശ്നം മൂലം പിസിയെ പൂജപ്പുരയിലേക്ക് മാറ്റി
കൊച്ചി: ബിജെപിക്കും പി സി ജോർജിനും എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈസ്തവരെ വേട്ടയാടിയവരാണ് പിസി ജോർജിനെ സംരക്ഷിക്കുമെന്ന് പറയുന്നത്. വിടുവായന്മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാൽ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട. ആട്ടിൻതോലിട്ട ചെന്നായയെ മനസിലാകില്ലെന്ന് കരുതരുതെന്നും പിണറായി പറഞ്ഞു വർഗീയതയ്ക്കു വളം വയ്ക്കുന്നതാണ് ആ മാന്യന്റെ രീതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ജോർജിനെ പിന്തുണയ്ക്കുക വഴി ക്രൈസ്തവരെ സംരക്ഷിക്കുന്നുവെന്നു വരുത്തിത്തീർക്കാനാണ് സംഘപരിവാറിന്റെ ശ്രമം.
രാജ്യത്ത് സംഘപരിവാർ ഏറ്റവുമധികം വേട്ടയാടിയതു ക്രൈസ്തവരെയും മുസ്ലിംകളെയുമാണെന്നും മുഖ്യമന്ത്രി തൃക്കാക്കരയിലെ പ്രചാരണയോഗത്തിൽ പറഞ്ഞു.'വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഒരാൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അയാൾ ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ സംരക്ഷിക്കുന്നതിലൂടെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നുവെന്നാണ് ബിജെപി പറയുന്നത്.
മതനിരപേക്ഷത ഏറ്റവും ശക്തമായ കേരളത്തിൽ വർഗീയതയ്ക്കു വളം വയ്ക്കുന്ന നിലപാടാണ് ഈ മാന്യന്റെ ഭാഗത്തുനിന്നുണ്ടായത്. അത് ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ഭാഷയായിരുന്നു.' മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സ്വീകാര്യത വർധിച്ചുവരുന്നെന്ന് കാണുമ്പോൾ യുഡിഎഫ് തൃക്കാക്കരയിൽ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വീകാര്യത തകർക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഒന്നും നടക്കില്ല എന്ന് തോന്നുമ്പോൾ കള്ളക്കഥ മെനയുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇതിലും ഇതിലപ്പുറവും യുഡിഎഫ് ചെയ്യും. അത്രമാത്രം പടുകുഴിയിലേക്ക് യുഡിഎഫ് എത്തിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മുതലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചത്. ഇതിന് പിന്നിൽ യുഡിഎഫാണെന്നാരോപിച്ച് എൽഡിഎഫ് നേതാക്കൾ രംഗത്തെത്തുകയും തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരമൊരു വീഡിയോയുമായി യുഡിഎഫിന് ഒരു ബന്ധവുമില്ലെന്ന് യുഡിഎഫ് നേതാക്കളും പ്രതികരിച്ചിരു
അതേസമയം, മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കോടതി റിമാൻഡ് ചെയ്ത പി സി ജോർജിനെ ജില്ലാ ജയിലിൽനിന്ന് പൂജപ്പുര സെൻട്രൽ ജയിലേക്കു മാറ്റി. പി സി ജോർജിന്റെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജില്ലാ ജയിലിൽനിന്ന് തൊട്ടടുത്തുള്ള സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പി സി ജോർജിന് നൽകുമെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട് പറഞ്ഞു. ജില്ലാ ജയിലിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല.
മറുനാടന് മലയാളി ബ്യൂറോ