ലക്നൗ: അനധികൃത ഖനനത്തിനും ഭൂമി കൈയേറ്റത്തിനും അനുമതി നൽകിയ രണ്ടു മന്ത്രിമാർക്ക് സ്ഥാനം തെറിച്ചു. അഴിമതി ആരോപണത്തെ തുടർന്ന് ഖനന-ധാതു വകുപ്പ് മന്ത്രി ഗായത്രി പ്രജാപതി, പഞ്ചായത്ത് രാജ് മന്ത്രി രാജ് കിഷോർ സിങ് എന്നിവരെയാണ് ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്നും മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കിയത്.

രാജ് ഭവനിലേക്ക് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവ് കത്ത് നൽകുകയും ചെയ്തു. അനധികൃത ഖനനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയതിനാണ് ഖനി മന്ത്രി പ്രജാപതി നടപടി നേരിട്ടത്. ഭൂമിതട്ടിപ്പിനും കൈയേറ്റത്തിനുമാണ് പഞ്ചായത്ത് മന്ത്രി രാജ് കിഷോർ സിങിനെ പുറത്താക്കിയത്.

കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സമാജ്വാദി പാർട്ടി നേതൃത്വം മന്ത്രിമാർക്കെതിരെ നടപടിയെടുത്തത്. സംസ്ഥാനത്തെ അനധികൃത ഖനനത്തിനെതിരെ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച യുപി സർക്കാർ തിരിച്ചടി നേരിട്ടതോടെയാണ് മന്ത്രിയെ നീക്കാൻ നിർബന്ധിതമായത്. സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

2017ലെ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തണമെങ്കിൽ അഴിമതിക്കെതിരെ നടപടി വേണമെന്ന സമംാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവിന്റെ മുന്നറിയിപ്പാണ് മന്ത്രിമാരെ പുറത്താക്കാനൊരു കാരണം. അനധികൃത ഖനന അഴിമതി മറയ്ക്കാനുള്ള പുകമറയാണ് പുറത്താക്കൽ അഭ്യാസമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ജൂലൈ 28ന് ആണ് അലഹബാദ് ഹൈക്കോടതി ഖനി അഴിമതിയിൽ സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാനത്ത് അനധികൃത ഖനനം വ്യാപകമാണെന്നും ഇതിനു പ്രജാപതിയുടെ പിന്തുണയുണ്ടെന്നും പരസ്യമായ രഹസ്യമാണ്. സിബിഐ അന്വേഷണത്തിൽ കോടതി ഉറച്ചുനിന്നതോടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാൽ ഇതൊന്നും യാഥാർത്ഥ്യം മനസ്സിലാക്കാൻ ജനങ്ങളെ സഹായിക്കില്ലെന്നും കോൺഗ്രസ് നേതാവ് റീതാ ബഹുഗുണ ജോഷി പ്രതികരിച്ചു.