തിരുവനന്തപുരം : സിപിഎമ്മും കോൺഗ്രസും പരസ്പരം കൊമ്പ് കോർക്കുന്നതിനിടെ ഒരേ വേദിയിലെത്തിയ പിണറായി വിജയനും വി.ഡി.സതീശനും മുഖാമുഖം നോക്കാൻ പോലും തയ്യാറായില്ല. മുഖത്തേക്ക് നോക്കേണ്ടിവരുന്ന സാഹചര്യങ്ങളെല്ലാം ഇരുവരും പരസ്പരം ഒഴിവാക്കി. തിരുവനന്തപുരത്ത് എ.കെ.ജി ഹാളിൽ നടന്ന കേരള കൗമുദിയുടെ 111 ആം വാർഷികവും കുമാരനാശാന്റെ 150 ആം ജന്മ വാർഷിക ആഘോഷവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. ഇതേ ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്നു വി.ഡി.സതീശൻ.

പിണറായി വേദിയിലിരിക്കെയാണ് സതീശനെത്തിയത്. വേദിയിലുള്ള എല്ലാവരെയും കൈകാട്ടി അഭിവാദ്യം ചെയ്ത് സതീശൻ ഇരിപ്പിടത്തിലേക്ക് എത്തി. എന്നാൽ, മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ മുഖത്തേക്ക് നോക്കിയില്ല. വെള്ളാപ്പള്ളി നടേശനായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷൻ. വെള്ളാപ്പള്ളിക്ക് സമീപമായിരുന്നു മുഖ്യമന്ത്രിയുടെ സീറ്റ്.

മുഖ്യമന്ത്രിയുടെ സീറ്റിന് മൂന്ന് സീറ്റ് അകലെയായിരുന്നു സതീശൻ ഇരുന്നത്. ഇടയ്ക്ക് മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻക്കുട്ടിയും കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയും. ദീപം തെളിയിക്കാനായി മുഖ്യമന്ത്രി വിളക്കിനടുത്തേക്ക് എത്തിയപ്പോഴും സതീശൻ അകന്നു നിന്നു. മന്ത്രി ശിവൻകുട്ടിയാണ് വിളക്ക് വാങ്ങി സതീശന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിയിലിരുന്നവർക്ക് ഉപഹാരം നൽകി. അതിനിടെ ശിവൻകുട്ടി സതീശനോട് കുശലം പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയെയും സതീശനെയും പര്സപരം സംസാരിപ്പിക്കാൻ ചെറിയ ശ്രമം നടത്തിയെങ്കിലും രണ്ടുപേരും ഒഴിഞ്ഞുമാറി. കണ്ടതിന് വേണ്ടി ചെറിയ തലകുലുക്കത്തിൽ ഇരുവരും ഒതുക്കി.

തുടർന്ന് മുഖ്യപ്രഭാഷണത്തിനായി സതീശനെ സ്വാഗതം ചെയ്യുന്നതിനിടെ പിണറായി വേദി വിടുകയും ചെയ്തു. സാധാരണ രാഷ്ട്രീയപരമായ എതിർപ്പുകൾക്കിടയിൽ സമരങ്ങൾ നടത്താറുണ്ടെങ്കിലും ഒരേവേദിയിലെത്തിയാൽ മുതിർന്ന നേതാക്കൾ അത് മറന്ന് പരസ്പരം സൗഹാർദ്ദപരമായി പെരുമാറുന്നതാണ് പതിവ്. എന്നാൽ ഇനി അതിന് തയ്യാറല്ലെന്ന് തെളിയിക്കുകയാണ് ഇരു നേതാക്കളും.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കോൺഗ്രസ് മുഖമന്ത്രിക്കെതിരെ സമരം തുടങ്ങി. ഇതോടെ മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടി. ഇതോടെ പൊതുവേദികളിലെല്ലാം മുഖ്യമന്ത്രി കനത്ത പൊലീസ് വലയത്തിലായി. കറുത്ത മാസ്‌ക്കിനും വസ്ത്രങ്ങൾക്കും പൊലീസ് വിലക്കേർപ്പെടുത്തിയതോടെ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചു. അതിനിടെ തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമാനയാത്രക്കിടെ അപ്രതീക്ഷത ട്വിസ്റ്റ്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ടിക്കറ്റെടുത്ത് യാത്രചെയ്തു.

വിമാനം തിരുവനന്തപുരത്ത് എത്തിയതോടെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ രംഗം വഷളായി. മുഖ്യമന്ത്രിയെ വധിക്കാൻ കോൺഗ്രസ് ഗുണ്ടകളെ അയച്ചതെന്ന് ആരോപിച്ച് സിപിഎം വ്യാപക പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണങ്ങളായി. ഇതോടെ കോൺഗ്രസുകാർ തിരിച്ചും ആക്രമണം അഴിച്ചുവിട്ടു. അതിനിടെ ചൊവ്വാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ ഔദ്ധ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് മാർച്ചും നടത്തി. മുഖ്യമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പ്രതിപക്ഷ പാർട്ടികൾ സമരം ചെയ്യാറുണ്ടെങ്കിലും ഭരണപക്ഷത്തിരിക്കുന്ന പാർട്ടി പ്രതിപക്ഷനേതാവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തേണ്ടിവരുന്നത് അസാധാരണ സന്ദർഭത്തിൽ മാത്രമാണ്. അതിനാണ് കഴിഞ്ഞ ദിവസം തലസ്ഥാനം സാക്ഷ്യം വഹിച്ചത്.

പ്രതിപക്ഷ നേതാവിന്റെ വീട്ടിനുള്ളിലേക്ക് കടന്ന അഭിജിത്,ശ്രീജിത്ത്,ചന്തു എന്നീ മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചന്തുവിനെ പൊലീസ് വീട്ടിനുള്ളിൽ തടഞ്ഞുവച്ചു. എന്നാൽ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിലെ ഗുണ്ടകളാണ് പ്രവർത്തകനെ പിടിച്ചുവച്ചതെന്ന് ആരോപിച്ച് മറ്റുരണ്ടു പേർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളിച്ചു. ഒരുമണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയ യുഡിഎഫ് നേതാക്കളെ വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കൾ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രസംഗിച്ചു. എന്നാൽ കേരളം നിങ്ങൾക്ക് സ്ത്രീധനം നൽതിയതാണോയെന്ന ചോദ്യം ഉയർത്തിയായിരുന്നു സതീശന്റെ പ്രതിരോധം. മുഖ്യമന്ത്രിയെ പോലെ ഞങ്ങൾ ഓടി ഒളിക്കില്ലെന്നും വരുന്നിടത്തുവച്ചു കാണാമെന്നും സതീശൻ ആവർത്തിക്കുകയും ചെയ്തു.